ഏച്ചിക്കാനം: കഥയും ജീവിതവും പസ്‌പരം ഉമ്മ വെയ്‌ക്കുമ്പോള്‍..
Discourse
ഏച്ചിക്കാനം: കഥയും ജീവിതവും പസ്‌പരം ഉമ്മ വെയ്‌ക്കുമ്പോള്‍..
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th August 2010, 11:51 pm

പ്രീ-ഡിഗ്രിക്കു പഠിക്കുന്ന കാലം. വായന ഒരു പ്രാര്‍ത്ഥന പോലെ തന്നെ മുടങ്ങാതെ നടത്തിയിരുന്നു. ഏതാണ്ട്‌ എന്നെപ്പോലെ തന്നെ ആയിരുന്നിരിക്കണം 1995-97 കളിലെ മിക്ക വായനക്കാരും-ഹൃദയം ആകാക്ഷയുടെ മര്‍ദം നിറച്ചത്‌. കൊതി, കിട്ടുന്നതെന്തും വയറു നിറയെ വായിച്ചു നിറയ്‌ക്കാന്‍!

ഞാനോ, കേരളത്തിന്റെ സവിശേഷമായ സാമൂഹികാവസ്ഥയില്‍, ഇന്നലത്തെ  നവോത്ഥാന മഴയില്‍ ഇന്നു മുളച്ചു വന്ന നവ-സാക്ഷര മാപ്പിളക്കൂണുകളിലെ ഏറ്റവും ഇളയ മൊട്ടുകളിലൊന്നായി സ്വയം സ്ഥാപിക്കുകയും ചെയ്‌തു കഴിഞ്ഞിരുന്നു. മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, ദേശാഭിമാനി വാരിക, ചന്ദ്രിക ആഴ്‌ചപ്പതിപ്പ്‌, മലയാളം വാരിക..എന്നിവ പുത്തന്‍ കറന്‍സികളേക്കാള്‍ വശ്യമായിഎന്നെ കാതരനാക്കുന്ന കാലം.

അവയെല്ലാം മാര്‍ക്കറ്റില്‍ ഇറങ്ങുന്ന ദിവസം തന്നെ പരിയാരം പഞ്ചായത്ത്‌ വായനശാലയിലോ, ചിതപ്പിലെ പൊയില്‍(ഇരിങ്ങല്‍) വായനശാലയിലോ ഓടിച്ചെന്ന്‌ കണ്ടു പിടിച്ച്‌ കവറോടു-കവര്‍ (അവയില്‍ പലതും മനസ്സിലായില്ലെങ്കില്‍ പോലും) ആലിംഗനം ചെയ്‌ത്‌ വായിച്ചു നടമാടുന്ന ഈ കൗമാരക്കാലത്താണ്‌ വെളളിടി പോലെ ഒരു കഥയും ഒപ്പം ആ കഥാകൃത്തിന്റെ പേരും വര്‍ഷ കാല മിന്നല്‍ത്തുടര്‍ച്ചപോലെ എന്റെ മനസ്സില്‍ പതിഞ്ഞു വീണത്‌!

കഥ:ദിനോസറിന്റെ മുട്ട.

കഥാകൃത്ത്‌ : സന്തോഷ്‌ ഏച്ചിക്കാനം

ദേശാഭിമാനി വാരികയില്‍ 1996-ല്‍ വന്ന ആ ഒരൊറ്റക്കഥയിലൂടെ സന്തോഷ്‌ ഏച്ചിക്കാനം എന്ന മനുഷ്യനും കഥാകൃത്തും എന്റെ പ്രിയ ബന്ധുവായി മാറി. ഇയാളെ വിടാതെ പിന്തുടര്‍ന്നാല്‍ എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല എന്ന ഉള്‍വിളി അതോടെയുണ്ടായി. അതൊട്ടു വെറുതെ ആയതുമില്ല. ദേശാഭിമാനിയിലും മറ്റു വാരികകളിലും വന്ന ഏച്ചിക്കാനത്തിന്റെ കഥകള്‍ അക്കാലത്തെ കഥാ ചര്‍ച്ചകള്‍ക്ക്‌ നല്ലൊരു വിഷയമായിരുന്നു.

പിന്നീട്‌ മലയാളം വാരികയില്‍ വന്ന, അലിഗറിയുടെ രീതിയില്‍ രചിക്കപ്പെട്ട “ഉഭയ ജീവിതം”, പുതുകാല കമ്പോള വ്യവസ്ഥയ്‌ക്ക്‌ മറ്റൊരു മാനം നല്‍കി രചിച്ച, മാതൃഭൂമിയില്‍ വന്ന “ഉടലുകള്‍ വിഭവ സമൃദ്ധിയില്‍” തുടങ്ങിയ കഥകള്‍ സന്തോഷ്‌ ഏച്ചിക്കാനം എന്ന കഥാകൃത്തിന്‌ മലയാള ചെറുകഥാ സാഹിത്യ ചരിത്രത്തില്‍ ഉറച്ചു നില്‍ക്കാനുള്ള മസിലുകള്‍ നല്‍കി

പോഷിപ്പിച്ചു.

ആ ചേച്ചി, എസ്‌ സിതാര ആയിരുന്നോ? അറിയില്ല…

മാതൃഭൂമി ബാലപംക്തിയില്‍ എന്റെ കഥകള്‍ തുടര്‍ച്ചയായി വന്നു കൊണ്ടിരിക്കുന്ന കാലമായിരുന്നു. പിന്നീട്‌ ഞാന്‍ ബിരുദത്തിന്‌ പഠിച്ച മാനന്തവാടി മേരീ മാതാ കോളേജില്‍ പോലും മാതൃഭൂമി ബാലപംക്തി കഥാകാരന്‍ എന്ന വലിയ ഇമേജിന്റെ ബാധ്യതയും, സാധ്യതയുമുണ്ട്‌! അങ്ങനെയിരിക്കെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കലോത്സവം വന്നെത്തി. കാസര്‍കോഡ്‌ നടക്കുന്ന വാഴ്‌സിറ്റി കലോത്സവത്തില്‍ കൊളാഷ്‌ മത്സരത്തിലും കഥാ രചനയിലും മത്സരിക്കാന്‍ എന്നെയാണ്‌ പറഞ്ഞയച്ചത്‌.

യൂണിവേഴ്‌സിറ്റി മത്സര വേദി അന്ന്‌ കനത്ത പോരാട്ടത്തിന്‍റെ ഗോദയാണ്‌. ഏത്‌ കോളെജില്‍ നിന്ന്‌ ആരൊക്കെ മല്‍സരിക്കാന്‍ വരുന്നു എന്ന്‌ വേദിക്കു പുറത്തു വെച്ച്‌ കുട്ടികള്‍ സംസാരിക്കുക പതിവായിരുന്നു. “ദാ, അവന്‌ കിട്ടും.. അവന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ കഥാ ചാമ്പ്യനാണ്‌..” എന്ന മട്ടില്‍ നടക്കുന്ന ഭീഷണി പ്രയോഗങ്ങള്‍ എന്നെപ്പോലുള്ള, കഥയില്‍ പിച്ച വച്ചു മാത്രം നടന്നു തുടങ്ങിക്കഴിഞ്ഞിട്ടുള്ള ഒരാളെ ഷോക്കടിപ്പിക്കാന്‍ മാത്രം പ്രഹരശേഷിയുള്ളതായിരുന്നു.

കഥാ രചനാ മത്സരം തുടങ്ങുതിന്‌ തൊട്ടു മുമ്പ്‌ തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ കൂട്ടുകാരി ശുഭാ ജോസഫ്‌ വന്നു പറഞ്ഞു: “ഇക്കുറി നിനക്ക്‌ കിട്ടാന്‍ സ്‌കോപ്‌ ഉണ്ട്‌..ബ്രണ്ണനിലെ കഥയെഴുത്തുകാരി ചേച്ചി വന്നിട്ടില്ല” ( ആ ചേച്ചി, എസ്‌ സിതാര ആയിരുന്നോ? അറിയില്ല…).

അതു കൊണ്ടും പ്രശ്‌നം തീര്‍ന്നില്ല. കഴിഞ്ഞ വര്‍ഷത്തെ യൂണിവേഴ്‌സിറ്റി കഥാകാരന്‍ കാഞ്ഞങ്ങാട്‌ നെഹ്രു കോളെജിലെ സതീഷ്‌ ഗോപി, സാഹിത്യത്തിന്‌ പേരു കേട്ട കാസര്‍ഗോഡ്‌ ഗവ കോളേജ്‌, പയ്യന്നൂര്‍ കോളേജ്‌, കൂത്തു പറമ്പ്‌ നിര്‍മ്മലഗിരി കോളെജ്‌..എന്നിവിടങ്ങളിലെ സാഹിത്യ പ്രതിഭകള്‍ പലരും കുരുക്ഷേത്ര യുദ്ധത്തിന്‌ എത്തിയിട്ടുണ്ട്‌. അപ്പോഴാണ്‌ വെറും ബാലപംക്തിക്കാരനായ ഞാന്‍ വെറും ബിസ്‌മിയും ചൊല്ലി വന്ന്‌ അവര്‍ക്കിടയില്‍ മത്സരിക്കുന്നത്‌. വല്ലാത്ത അഹങ്കാരം തന്നെ, നോക്കണേ!

ഒരു സമ്മാനം പോലും വാങ്ങാതെ വയനാട്ടിലെ, എന്നെ സ്‌നഹിക്കുന്നവരുടെ കോളേജിലേക്ക്‌ എങ്ങനെ മടങ്ങും എന്ന വേദന എന്നെ വലച്ചു. ബാലപംക്തി എന്ന ലേബല്‍ എന്നില്‍ ഒരു പ്രതീക്ഷയായി കൊളുത്തി വെച്ചാണ്‌ എന്റെ മേരീമാതാ കോളേജ്‌ എന്നെ അനുഗ്രഹിച്ച്‌ അയച്ചിരിക്കുന്നത്‌ തന്നെ.അന്നത്തെ പ്രശസ്‌ത ക്യാംപസ്‌ കവി നൗഷാദ്‌ അലി, ഇന്നത്തെ പ്രശസ്‌ത യുവ കവി കെ എം പ്രമോദ്‌ (പി രാമനെ പോലെ കവിതകള്‍ എഴുതുന്ന  പ്രമോദിനെ “കുഞ്ഞി-രാമന്‍” എന്നാണ്‌ ഞാനടക്കം ചില അടുത്ത സുഹൃത്തുക്കള്‍ അന്നു വിളിച്ചിരുന്നത്‌) എന്നിവരും കഥാ-കവിതാ മത്സരങ്ങളില്‍ അന്നു പങ്കെടുക്കുന്നുണ്ട്‌.

അങ്ങനെയിരിക്കെയാണ്‌ ആ അത്ഭുതം സംഭവിച്ചത്‌! കഥാ രചനാ മത്സരത്തിന്‍റെ വിഷയം തരാനായി ക്ലാസ്‌ മുറിയിലേക്ക്‌ കയറിവന്ന താടിക്കാരനെ കണ്ട്‌ എന്റെ ഹൃദയം മഴ വെള്ളം കയറിയ പൊട്ടാസു കൂടു പോലെ ടപ്പ്‌..ടപ്പെന്നു ചീറ്റിപ്പോയി. എനിക്ക്‌ അവിടെ ഇരിക്കാന്‍ കൂടി  കഴിയില്ല എന്ന പൊറുതി മുട്ട്‌ വന്നു. “ദൈവമേ, സന്തോഷ്‌ ഏച്ചിക്കാനം” എന്ന്‌ ഹൃദയത്തില്‍ അത്ഭുതമേറ്റി ഞാന്‍ വിളിച്ചു പോയി.

ഒരു പേരഗ്രാഫ്‌ തന്നിട്ട്‌, അതില്‍ നിന്ന്‌ കഥയുണ്ടാക്കാന്‍ പറഞ്ഞിട്ട്‌ സന്തോഷ്‌ ഏച്ചിക്കാനം അപ്രത്യക്ഷനായി. കഥയെഴുതുന്നതിനേക്കാള്‍ സന്തോഷ്‌ ഏച്ചിക്കാനത്തെ എങ്ങനെ സന്ധിക്കുമെന്നതിലായി പിന്നത്തെ എന്‍റെ ചിന്ത. ഒരു മണിക്കൂറില്‍ ഒരു കഥ തട്ടിക്കൂട്ടി എഴുതി വിട്ടു. ഇനി സന്തോഷേട്ടനെ കാണണം. മിമിക്രി മത്സരത്തിനായി കോളെജില്‍ നിന്ന്‌ കൂടെ വന്ന കൂട്ടുകാരന്‍ ബിനോയിയോട്‌ ആലോചിച്ചു.

അപ്പോള്‍ അതിലെ ഒരപകടവും മനസ്സിലായി. കഥാ മത്സരത്തിന്‌ വന്ന ഞാന്‍ ഏച്ചിക്കാനത്തെ കണ്ട്‌ സംസാരിച്ചാല്‍ പുലിവാലായത്‌ തന്നെ!‌ ഇനി, കാലക്കേടിന്‌ എനിക്ക്‌ വല്ല സമ്മാനവും കിട്ടിയാല്‍ ജഡ്‌ജിയെ സ്വാധീനിച്ചെന്ന ആരോപണം ഉറപ്പ്‌. അതിനാല്‍ ആദ്യം റിസല്‍ട്ട്‌ വരട്ടെ. പിന്നെയാവാം, സന്തോഷ്‌ ഏച്ചിക്കാനം. ആ ഹൃദയത്തെ അമുക്കി വെക്കല്‍ വലിയ പാടായിരുന്നു.

റിസല്‍ട്ട്‌ കാത്തും, ഭാരമേറിയ ഹൃദയം താങ്ങിപ്പിടിച്ചും നടക്കുന്നതിനിടയില്‍ പല വട്ടം സന്തോഷ്‌ ഏച്ചിക്കാനത്തെ തലങ്ങും വിലങ്ങും കണ്ടു മുട്ടി. അപ്പോഴെല്ലാം ആ കറുത്ത താടിയിലേക്ക്‌ സ്‌നേഹത്തോടെ നോക്കി ചിരിച്ചു. “ഞാനുടനെ നേരിട്ടു വരുന്നുണ്ട്‌ സന്തോഷേട്ടാ ” എന്ന്‌ ഉള്ളില്‍ പറഞ്ഞു വെച്ചു.

എന്നാല്‍, മറ്റെല്ലാ റിസല്‍ട്ടുകള്‍ പുറത്തു വന്നിട്ടും, ഒട്ടും പ്രതീക്ഷിക്കാതെ കോളാഷ്‌ മത്സരത്തില്‍ എനിക്ക്‌ രണ്ടാം സ്ഥാനം കിട്ടിയിട്ടും, കഥാ രചനയുടെ റിസല്‍ട്ട്‌ മാത്രം പുറത്തു വിട്ടിട്ടില്ല. പല വേദികളിലായി വീറോടെ മത്സരം നടക്കുന്ന ആ രാത്രിയില്‍ പത്തു മണിക്കോ, പതിനൊന്നിനോ മീഡിയാ സെന്ററില്‍ പന്ത്രണ്ടാം വട്ടം ചെന്നപ്പോള്‍ ബോര്‍ഡില്‍ ഒരാള്‍ പുതിയ റിസല്‍ട്ട്‌ ഒട്ടിക്കുന്നു. സംഘാടകന്‍ കൂടിയായ കവി നൗഷാദ്‌‌ അലിയാണ്‌. റിസല്‍ട്ട്‌. കഥാ രചനാ മത്സരം-സീനിയര്‍ വിഭാഗം

പുസ്‌തകങ്ങള്‍ക്കിടയില്‍ നിന്ന്‌ “ഒറ്റവാതില്‍” തപ്പിയെടുക്കുമ്പോള്‍ പേജുകള്‍ക്കിടയില്‍ എന്തോ തടഞ്ഞു: ഒരു പോസ്റ്റ്‌ കാര്‍ഡ്‌. എഴുതിയിരിക്കുന്നത്‌ സന്തോഷ്‌ ഏച്ചിക്കാനം!

എന്‍റെ രക്തക്കുഴലുകള്‍ അപ്പോഴേക്കും ഹൃദയത്തിലേക്ക്‌ ഒരു മഹാ വ്യൂഹമായി ആകാംക്ഷയെ ഒഴുക്കിത്തുടങ്ങിയിരുന്നു. കണ്ണുകള്‍ പച്ചത്തവളകളെപ്പോലെ രണ്ടു മൂന്നു വട്ടം മുന്നോട്ടും പിന്നോട്ടും കുതിച്ചു ചാടി.ആദ്യം മൂന്നാം സ്ഥാനമാണ്‌ നോക്കിയത്‌-അതില്‍ പേരില്ല. രണ്ടാം സ്ഥാനം-സതീഷ്‌ ഗോപി, കാഞ്ഞങ്ങാട്‌ നെഹ്രു കോളേജ്‌. ഒടുവില്‍ കോവണിയിലെന്ന പോലെ കടലാസിനു മുകളിലേക്ക്‌ കയറവേ വായിച്ചു-ഒന്നാം സ്ഥാനം: വി എച്ച്‌ നിഷാദ്‌, മേരീ മാതാ ആര്‍ട്‌സ്‌ ആന്‍റ്‌ സയന്‍സ്‌  കോളെജ്‌, മാനന്തവാടി!!

ഹൃദയം ചത്തു പോയിരുന്നു. ബ്രണ്ണനിലേയും എസ്‌ എന്‍ കോളെജിലേയും കൂട്ടുകാര്‍ സന്തോഷവാന്മാരായി. ഞാന്‍ പറഞ്ഞില്ലേ, എന്ന്‌ ശുഭ അഭിമാനിച്ചു. പക്ഷേ, ഞാന്‍ അന്വേഷിച്ചത്‌ ഇതായിരുന്നു?- എവിടെ സന്തോഷ്‌ ഏച്ചിക്കാനം? പാവം പിടിച്ച എന്നെ കാത്തു നില്‍ക്കാനായി അപ്പോഴേക്കും സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ നിഴല്‍ പോലും ഉണ്ടായിരുന്നില്ല. ഞാന്‍ ഏറെ ദുഖിച്ച ദിവസങ്ങളിലൊന്നായി അങ്ങനെ ആ സന്തോഷ ദിനം മാറി. പിന്നീട്‌ സന്തോഷേട്ടന്‌ ഒരു കത്തെഴുതി. മത്സരവിധികര്‍ത്താവിന്‍റെ വേഷത്തില്‍ കണ്ടതും, കഥയുടെ റിസല്‍ട്ട്‌ വരാതെ കണ്ടാല്‍ എന്തു കരുതും എന്നു ഭയന്ന്‌ കൂടിക്കാഴ്‌ച മാറ്റി വെച്ചതും, ഒടുവില്‍ ആ അവസരം മിസ്സായതും…മറുപടി കിട്ടിയില്ല.

ഇതിനിടയില്‍ “ഒറ്റവാതില്‍” എന്ന സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ ആദ്യ പുസ്‌തകം ഇറങ്ങിയിരുന്നു. അതിനെപറ്റി കൂടി പറഞ്ഞു കൊണ്ടാണ്‌ ഞാന്‍ കത്തെഴുതിയിരുന്നതും. അതിലെ “ഒരു പിടി ഗോതമ്പ്‌,” “വാര്‍ത്താ ശരീരം”, “ദിനോസറിന്റെ മുട്ട” എന്നീ കഥകള്‍ ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു.ഒരു ദിവസം എന്റെ കൊച്ചു വായനശാലയില്‍ നിരത്തി വെച്ചിരുന്ന പുസ്‌തകങ്ങള്‍ക്കിടയില്‍ നിന്ന്‌ “ഒറ്റവാതില്‍” തപ്പിയെടുക്കുമ്പോള്‍ പേജുകള്‍ക്കിടയില്‍ എന്തോ തടഞ്ഞു: ഒരു പോസ്റ്റ്‌ കാര്‍ഡ്‌. എഴുതിയിരിക്കുന്നത്‌ സന്തോഷ്‌ ഏച്ചിക്കാനം! അയ്യോ, എന്ന്‌ ഞാന്‍ വീണ്ടും ഹൃദയ വേദന കൊണ്ടു.

“പ്രിയപ്പെട്ട നിഷാദേ, കത്തു കിട്ടി.. കാസര്‍കോഡ്‌ വെച്ച്‌ കാണാതിരുന്നത്‌ മോശമായിപ്പോയി. ജീവിതം കഴിഞ്ഞിട്ടല്ലേ നമുക്ക്‌ ജഡ്‌ജിന്റെ കുപ്പായം.” എന്നു തുടങ്ങുന്ന കത്ത്‌ ഇങ്ങനെ അവസാനിച്ചു- “എഴുത്തിനെ ശ്വാസോച്ഛാസം പോലെ ശരീരവുമായി ബഡ്ഡു ചെയ്യുന്ന ഒന്നായി കരുതുക..” ആ കത്ത്‌ ആരെടുത്ത്‌ ആ പുസ്‌തകത്തില്‍ വെച്ചു എന്ന്‌ ഇന്നും അറിയില്ല.

ഏതായാലും ആ എഴുത്തിലൂടെ സന്തോഷ്‌ ഏച്ചിക്കാനം എന്ന കഥാകൃത്ത്‌ എനിക്ക്‌ സന്തോഷേട്ടനായി മാറി. പിന്നീട്‌ പല പല കത്തുകളിലൂടെ ഞങ്ങളുടെ ബന്ധം ദൃഢമായിക്കൊണ്ടിരുന്നു. ഒടുവില്‍, പിന്നേയും നാലു വര്‍ഷം കഴിഞ്ഞാണ്‌ കൊച്ചിയില്‍ ഒരു സീരിയല്‍ തിരക്കഥാ ജോലിയില്‍ മുഴുകിയിരുന്ന ആ എഴുത്തുകാരനെ ഞാന്‍ ആദ്യമായി കാണുന്നത്‌.

ഏച്ചിക്കാനം എന്ന കഥാകൃത്തിനേയും സന്തോഷ്‌ എന്ന പച്ച മനുഷ്യനേയും ഞാന്‍ ഇഷ്ടപ്പെടുന്നതിനുള്ള കാരണങ്ങളിലൊന്ന്‌്‌ അദ്ദേഹം തനിക്കു ചുറ്റുമുള്ള മനുഷ്യരോടും, കഥ എന്ന സാഹിത്യ രൂപത്തോടും കാണിക്കുന്ന സത്യസന്ധതയാണെന്ന്‌ ഞാന്‍ നിസ്സംശയം പറയും. കൊള്ളാത്ത കഥയെ “ചവറ്‌..” എന്നും വൃത്തികേട്‌ കാണിക്കുന്നവരെ “@##@” എന്നും മുഖം നോക്കാതെ വിളിച്ചു പറയാന്‍ ധൈര്യം കാണിക്കുന്ന ഒരേ ഒരു എഴുത്തുകാരനേയേ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളൂ- അത്‌ സന്തോഷ്‌ ഏച്ചിക്കാനമാണ്‌.

മാധ്യമത്തില്‍ ഏച്ചിക്കാനം എഴുതിയ “കലശം” എന്ന കഥ വായിച്ച്‌ വി കെ എന്‍ എഴുതിയ കത്തു മതി ആ കഥയുടെ നട്ടെല്ല്‌ വെളിവാകാന്‍!

അദ്ദേഹത്തിന്റെ “വാര്‍ത്താശരീരം” എന്ന കഥ മുമ്പു വായിച്ചപ്പോള്‍ കിട്ടിയ അനുഭവം തന്നെയാണ്‌ അടുത്ത കാലത്തിറങ്ങിയ ഗിരീഷ്‌ കാസറവള്ളിയുടെ “ഗുലാബി ടാക്കീസ്‌” എന്ന സിനിമ കണ്ടപ്പോഴും തോന്നിയത്‌. കഥയിലെ പാട്ടിയമ്മയെ പോലെ തന്നെയാണ്‌ സിനിമയിലെ ഗുലാബിയും ടെലിവിഷന്‌ അടിമയാകുന്നത്‌. ടെലിവിഷന്‍ എന്ന മാധ്യമം എങ്ങനെ നമ്മുടെ ഗ്രാമീണ ഇടങ്ങളേയും വഴക്കങ്ങളേയും പതിവു ശീലങ്ങളേയും ഉടയ്‌ക്കുകയും അത്‌ ഒരു വ്യാധി പോലെ മറ്റുള്ളവരിലേക്ക്‌ പടര്‍ത്തിയിടുകയും ചെയ്യുന്നു എന്ന സത്യം പല കാലങ്ങളില്‍, രണ്ടു മാധ്യമങ്ങളില്‍ നിന്നു കൊണ്ട്‌ സന്തോഷ്‌ ഏച്ചിക്കാനവും ഗിരീഷ്‌ കാസറവള്ളിയും എനിക്കു കാണിച്ചു തന്നു.

മാധ്യമത്തില്‍ ഏച്ചിക്കാനം എഴുതിയ “കലശം” എന്ന കഥ വായിച്ച്‌ വി കെ എന്‍ എഴുതിയ കത്തു മതി ആ കഥയുടെ നട്ടെല്ല്‌ വെളിവാകാന്‍! തൂറാന്‍ ഇടമില്ലാതെ അന്വേഷിച്ചു വന്ന വിദേശി, വീട്ടില്‍ സൗകര്യമൊരുക്കി കൊടുത്തതിന്‌, ഉദ്ദിഷ്ട കാര്യത്തിന്‌ ഉപകാര സ്‌മരണ എന്ന മട്ടില്‍ , ദരിദ്ര നാരായണനായ തെയ്യം കലാകാരന്‌ “ഗാന്ധി”യെ കൊടുക്കുമ്പോള്‍ മടിക്കാതെ

അയാള്‍ വാങ്ങുന്നുണ്ടെങ്കിലും, അയാളുടെ കൊച്ചു മകന്‍ അതിനെ “തീട്ട പ്പൈസ..” എന്നു വിളിച്ച്‌ , കാലങ്ങള്‍ക്കു മുമ്പ്‌ നഗ്നത വിളിച്ചു പറഞ്ഞ അതേ കുട്ടിയുടെ തുടര്‍ച്ചയാവുന്നു.സായിപ്പിന്റെ പണം വാങ്ങുന്ന നമ്മള്‍ അത്‌ ഏത്‌ വകുപ്പിലാണ്‌ വന്നെത്തുന്നത്‌ എന്നു കൂടി ഓര്‍ക്കണമെന്ന്‌്‌ ഏച്ചിക്കാനത്തിന്റെ ഈ കഥ രണ്ടു വട്ടം കൊക്കി കൂവുന്നു.

ദുരന്ത പശ്ചാത്തലത്തില്‍ മികച്ച ക്രാഫ്‌റ്റില്‍ കഥ പറയുന്ന “കഥാപാത്രങ്ങളും പങ്കെടുത്തവരും”, റിയാലിറ്റി ഷോകള്‍ നിസ്സാരവല്‍ക്കരിക്കുന്ന സമകാലിക കേരളത്തെ മാപ്പു ചെയ്‌തു വെച്ച “കൊമാല,” മൊബൈല്‍ ഫോണിനെ മനുഷ്യന്റെ സ്വാര്‍ത്ഥ ജീനുമായി കൊളുത്തി വിളക്കുന്ന “ഹാന്‍ഡ്‌ സെറ്റ്‌,” നിസ്സഹായരുടെ കഥ പറയുന്ന “അബ്ബാസ്‌ എന്ന കച്ചവടക്കാരന്‍” തുടങ്ങിയ കഥകളില്‍ കാണാം ഏച്ചിക്കാനത്തിന്റെ എഴുത്തു ബലവും ചെറുകഥ എന്ന മാധ്യമത്തോടുള്ള ഈ കഥാകൃത്തിന്റെ ആത്മാര്‍ത്ഥതയും.

ഏറ്റവും പുതിയ രചനകളായ “കൃഷിപാഠ”ത്തിലും “മീനത്തിലെ ചന്ദ്രനി”ലും  ഗൃഹാതുരത എന്ന പോഷക ഗുണത്തെ സന്തോഷ്‌ ഏച്ചിക്കാനം ചേര്‍ത്തു ചേര്‍ത്തു പിടിക്കുന്നു. ഓര്‍മ്മയില്‍ നഷ്ടപ്പെട്ട / നഷ്ടപ്പെടുന്ന നമ്മുടെ എല്ലാ നന്മകളുടേയും പേരെഴുതിയ ഒരു പച്ചില സൂക്ഷിക്കുന്നു എന്നതാണ്‌ എല്ലാ ഏച്ചിക്കാനം കഥകളുടേയും വിജയ രഹസ്യം.

എന്നാല്‍ ഞാന്‍ ഇഷ്ടപ്പെടുന്ന ഈ എഴുത്തുകാരനുമൊത്ത്‌ കുറച്ചു ദിവസം ഒരുമിച്ചു ചിലവഴിക്കാന്‍ അവസരമുണ്ടായത്‌ രണ്ടു വര്‍ഷം മുമ്പാണ്‌. സന്തോഷേട്ടന്റെ അച്ഛന്റെ ഹാര്‍ട്‌ സര്‍ജറിയുമായി ബന്ധപ്പെട്ട്‌‌ പത്തു പതിനഞ്ചു ദിവസത്തോളം അദ്ദേഹം ചെന്നൈയില്‍ താമസിച്ചു. പകല്‍ ഓഫീസില്‍ നിന്ന്‌ മുങ്ങി ജെമിനിയിലെ പാര്‍സന്‍ മാനറിലും സ്‌പെന്‍സര്‍ പ്ലാസയിലും ഏഷ്യയിലെ ഏറ്റവും വലിയ ബസ്റ്റാന്റായ കോയമ്പേട്‌ മൊഫ്യൂസില്‍ ബസ്റ്റാന്റിനു സമീപമുള്ള ഫ്‌ളവര്‍ മാര്‍ക്കറ്റ്‌ എന്ന ഡിസ്‌നി ലാന്റിലുമെല്ലാം സന്തോഷേട്ടനോടൊപ്പം ഞാന്‍ കറങ്ങി നടന്നു.

അച്ഛന്റെ സര്‍ജറി കഴിഞ്ഞ്‌ ഹോസ്‌പിറ്റല്‍ വിട്ടു പോവാന്‍ നേരത്ത്‌ സന്തോഷേട്ടന്‍ ഒരു വലിയ കവര്‍ എന്നെ ഏല്‍പിച്ചു: കുറച്ച്‌ അരി, പഞ്ചസാര, ചായപ്പൊടി, ന്യൂഡില്‍സ്‌, പച്ചക്കറികള്‍… രണ്ടാഴ്‌ചത്തേക്ക്‌ പാചകത്തിനുള്ള എല്ലാ സാമഗ്രികളും ഉണ്ട്‌.

“എടാ..” സന്തോഷേട്ടന്‍ പറഞ്ഞു. “ഇത്‌ ഭദ്രമായി റൂമില്‍ കൊണ്ടു പോയി നീ പാചകം ചെയ്‌ത്‌ കഴിക്കണം..” പിന്നെ വളരെ സീരിയസായി സന്തോഷേട്ടന്‍ എന്നെ നോക്കി.

“എവിടെയെങ്കിലും മൂലക്ക്‌ കൊണ്ടു പോയി ചാടാനാണെങ്കില്‍ നീയിത്‌ കൊണ്ടു പോണ്ട. കേരളത്തിലേക്ക്‌ കെട്ടിച്ചുമന്നു കൊണ്ടു പോകാന്‍ എനിക്കറിയാം.. അതു കൊണ്ട്‌ ഇത്‌ നീ വെച്ചു കഴിക്കണം..വെറുതെ കളയരുത്‌..”

തന്‍റെ കഥകളിലൂടേയും കത്തുകളിലൂടേയും പകര്‍ന്നു നല്‍കിയ സ്‌നേഹം ഇക്കുറി ഒരു നിവേദ്യം പോലെ എനിക്കു നേരെ സന്തോഷേട്ടന്‍ നീട്ടി. ഒരാഴ്‌ച കഴിഞ്ഞ്‌, ആ അരിയിലെ ചോറു കഴിച്ച്‌ വയറു നിറഞ്ഞു സന്തോഷിച്ചപ്പോള്‍ ഞാന്‍ മൊബൈല്‍ ഞെക്കി: “സന്തോഷേട്ടാ..നിഷാദാണ്‌…ആ ചോറാണ്‌..” ഞാന്‍ വിക്കി വിക്കി പറഞ്ഞു.

വര: മജ്നി തിരുവങ്ങൂര്‍