ഷാങ്ഹായ് മേളയില്‍ തിളങ്ങി ഇന്ദ്രന്‍സ് നായകനായ ഡോ. ബിജു ചിത്രം; വെയില്‍മരങ്ങള്‍ക്ക് രാജ്യാന്തര പുരസ്‌കാരം
movie
ഷാങ്ഹായ് മേളയില്‍ തിളങ്ങി ഇന്ദ്രന്‍സ് നായകനായ ഡോ. ബിജു ചിത്രം; വെയില്‍മരങ്ങള്‍ക്ക് രാജ്യാന്തര പുരസ്‌കാരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd June 2019, 9:33 pm

കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥ പറയുന്ന വെയില്‍മരങ്ങള്‍ക്ക് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം. ഡോ. ബിജു സംവിധാനം ചെയ്ത ചിത്രത്തിന് ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാര്‍ഡാണ് ലഭിച്ചത്. ഷാങ്ഹായ് മേളയില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് പുരസ്‌കാരം ലഭിക്കുന്നത്.

സിനിമ പ്രിമിയര്‍ ചെയ്ത ചലച്ചിത്രമേളയിലാണ് ചിത്രത്തെ തോടി പുരസ്‌കാരമെത്തിയത്. ഇന്ത്യയില്‍ നിന്ന് ഷാങ്ഹായ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തിലുണ്ടായിരുന്ന ചിത്രവുമായിരുന്നു ഇത്. മേളയിലെ പ്രധാന മത്സരവിഭാഗമായ ‘ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്‌കാരത്തിനായിരുന്നു വെയില്‍മരങ്ങള്‍ മത്സരത്തിനെത്തിയത്. ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്‌കാരങ്ങള്‍ക്കായി ഈ വര്‍ഷം മത്സരിച്ച ഒരേ ഒരു ഇന്ത്യന്‍ സിനിമകൂടിയാണ് ഇത്.

സിനിമയ്ക്കുവേണ്ടി നായകന്‍ ഇന്ദ്രന്‍സ് ഡോ ബിജുവിനൊപ്പം റെഡ്കാര്‍പ്പറ്റിലെത്തി. ഇന്ദ്രന്‍സ് ഇന്ത്യക്ക് പുറത്ത് പങ്കെടുക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള കൂടിയാണിത്.

മണ്‍റോ തുരുത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് വെയില്‍മരങ്ങള്‍ ചിത്രീകരിച്ചത്. ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍,അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്

എം.ജെ രാധാകൃഷ്ണനാണ് വെയില്‍മരങ്ങളുടെ ക്യാമറയ്ക്ക് പിന്നില്‍. ബിജിബാലാണ് സംഗീതം.