ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് വെട്രിമാരന്‍. പൊല്ലാതവന്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായ അദ്ദേഹം രണ്ടാമത്തെ സിനിമയായ ആടുകളത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി. 12 വര്‍ഷത്തെ കരിയറില്‍ ആറ് സിനിമകളൊരുക്കിയ വെട്രിമാരന്‍ സിനിമാനിര്‍മാണ രംഗത്തും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഗ്രാസ്‌റൂട്ട് ഫിലിം കമ്പനി എന്ന പേരില്‍ ആരംഭിച്ച പ്രൊഡക്ഷന്‍ ഹൗസ് ഒരുപിടി മികച്ച ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ വെട്രിമാരന്‍ നിര്‍മിച്ച ബാഡ് ഗേള്‍ എന്ന ചിത്രം റിലീസിന് മുമ്പ് ഒരുപാട് വിവാദങ്ങള്‍ നേരിട്ടിരുന്നു. ഒരു പ്രത്യേക സമുദായത്തെ മോശമായി കാണിക്കുന്നു എന്ന പരാതിയിന്മേല്‍ റീ സെന്‍സര്‍ ചെയ്താണ് ബാഡ് ഗേള്‍ പ്രദര്‍ശനത്തിനെത്തിയത്.
രമ്യ എന്ന പെണ്‍കുട്ടിയുടെ കൗമാരവും യൗവനവും അവള്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് ബാഡ് ഗേള്‍ പറയുന്നത്. കമിങ് ഓഫ് ഏജ് ഡ്രാമ ഴോണറിലാണ് ചിത്രം ഒരുക്കിയത്. തമിഴില്‍ എല്ലാ കാലത്തും ഈ ഴോണറില്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് വെട്രിമാരന്‍. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കമിങ് ഓഫ് ഏജ് ഡ്രാമ സിനിമകള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ബാലു മഹേന്ദ്ര സാറിന്റെ അഴിയാത്ത കോലങ്ങള്‍ എന്ന പടം അതിന് ഉദാഹരണമാണ്. ദേവി തിയേറ്റേഴ്‌സ് എന്ന കമ്പനിയാണ് ആ പടം പ്രൊഡ്യൂസ് ചെയ്തത്. തമിഴ്‌നാട്ടില്‍ 365 ദിവസം ഓടിയ സിനിമയാണത്. ഒരുപക്ഷേ ഇന്നാണ് റിലീസെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് പ്രശ്‌നമുണ്ടാക്കിയേനെ.
പിന്നെ ഈ ഴോണറില്‍ വന്ന സിനിമയാണ് തുള്ളുവതോ ഇളമൈ. ധനുഷിന്റെ ആദ്യത്തെ സിനിമയാണത്. ആ പടവും ഒരുപരിധിവരെ നല്ലതാണ്. പിന്നെയും ടീനേജ് പ്രായക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചെറുതായി സംസാരിച്ചുപോകുന്ന ഒരുപാട് സിനിമകള്‍ വന്നിട്ടുണ്ട്. എന്നാല്‍ അതിലെല്ലാം ലൈറ്റായി കാര്യങ്ങള്‍ പറഞ്ഞുപോവുകയാണ് ചെയ്തത്.
കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്ക് കടക്കുമ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ ഒരുപാട് ഉണ്ട്. അത് എന്തൊക്കെയാണ് എന്നത് പോയിന്റ് ഔട്ട് ചെയ്യേണ്ട കാര്യമാണ്. അതെല്ലാം സിനിമയില്‍ കാണിക്കുന്നത് മോശമാണെന്ന് ഒരിക്കലും പറയാനാകില്ല. എല്ലാവരെയും ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കണം എന്നാണ് എന്റെ അഭിപ്രായം,’ വെട്രിമാരന്‍ പറഞ്ഞു.