രണ്ട് ദിവസം കൂടി പട്ടിണിയായിരുന്നുവെങ്കില്‍ ഗോശാലയിലെ അഞ്ച് പശുക്കള്‍ ചത്തേനേ; വിദഗ്ദ സംഘം
Cow Protection
രണ്ട് ദിവസം കൂടി പട്ടിണിയായിരുന്നുവെങ്കില്‍ ഗോശാലയിലെ അഞ്ച് പശുക്കള്‍ ചത്തേനേ; വിദഗ്ദ സംഘം
ന്യൂസ് ഡെസ്‌ക്
Friday, 12th July 2019, 8:51 am

തിരുവനന്തപുരത്ത് നടന്‍ സുരേഷ് ഗോപി, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയില്‍ രണ്ട് ദിവസം കൂടി പട്ടിണിയായിരുന്നുവെങ്കില്‍ അഞ്ച് പശുക്കള്‍ ചത്തേനേ എന്ന് വിദഗ്ദ സംഘം. ചീഫ് വെറ്റിനറി ഓഫീസര്‍ പ്രേംജയിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഉദ്യോഗസ്ഥ സംഘം ഇന്നലെ ഗോശാല സന്ദര്‍ശിച്ച് പശുക്കളുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി. മന്ത്രി കെ. രാജുവിന്റെ നിര്‍ദേശ പ്രകാരമാണ് സന്ദര്‍ശനം നടത്തിയത്.

പശുക്കളെയും കിടാവുകളെയും സംഘം പരിശോധിച്ചു. കഴിഞ്ഞ ദിവസം ആഹാരം ലഭിച്ചത് കൊണ്ടാണ് പശുക്കളുടെ ജീവന്‍ രക്ഷപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയത്. ഇവയ്ക്ക് പ്രത്യേക മരുന്ന് നല്‍കി. പല പശുക്കള്‍ക്കും ഗുരുതരമായ ത്വക്‌രോഗമുണ്ടെന്നും സംഘം കണ്ടെത്തി. എല്ലാ പശുക്കളുടെയും കിടാവുകളുടെയും രക്തസാമ്പിളുകള്‍ ശേഖരിച്ചു. ഇവ പരിശോധിച്ച് മറ്റ് ചികിത്സ തീരുമാനിക്കും.

പശുക്കള്‍ക്ക് പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡ് ഒരു മാസത്തേക്കുള്ള കാലിത്തീറ്റ എത്തിച്ചിരുന്നു. ഇപ്പോള്‍ നല്‍കിയിരിക്കുന്ന കാലിത്തീറ്റ തികഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഇനിയും നല്‍കാന്‍ തയാറാണെന്ന് കേരള ഫീഡ്സ് എംഡി ഡോ ബി. ശ്രീകുമാര്‍ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഗോശാലയില്‍ ഈ സ്ഥിതി ഉണ്ടായതെന്ന് അറിയില്ല. മിണ്ടാപ്രാണികളോടുള്ള ദീനാനുകമ്പ കണക്കിലെടുത്തതാണ് കേരളഫീഡ്സ് ഈ നടപടി കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.