വിചാരണ കോടതിയുടെ വിധിയിന്മേല്‍ അപ്പീല്‍ പോകുമെന്ന് നിയമമന്ത്രി പി. രാജീവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ചര്‍ച്ച ചെയ്തതിന് ശേഷം ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇതിനുപിന്നാലെയാണ് ഒരാഴ്ചയ്ക്കകം അപ്പീല്‍ നല്‍കാനുള്ള തീരുമാനമുണ്ടായത്. അതേസമയം കേസിലെ വിധിയ്ക്ക് പിന്നാലെ കോടതിയെ വിമര്‍ശിച്ച് അതിജീവിത രംഗത്തെത്തി.
വിചാരണ കോടതി പുറപ്പെടുവിച്ച വിധിയില്‍ അത്ഭുതമില്ലെന്നും 2020ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങള്‍ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നുമാണ് അതിജീവിത പ്രതികരിച്ചത്.
ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അതിജീവിതയുടെ പ്രതികരണം. കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള വിധി, തന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്‍ക്കായി സമര്‍പ്പിക്കുന്നുവെന്നും അതിജീവിത പറഞ്ഞു.
കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കം ആറ് പ്രതികള്‍ക്ക് 20 വര്‍ഷം വരെ തടവും പിഴയുമാണ് കോടതി വിധിച്ചത്. എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് ശിക്ഷ വെട്ടിക്കുറയ്ക്കുകയായിരുന്നു.
പ്രതികള്‍ 40 വയസില്‍ താഴെയുള്ളവരാണ് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മാത്രമല്ല കേസിലെ എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.
ഗൂഢാലോചന തെളിയിക്കാനായില്ലെന്നതിന്റെ പേരിലാണ് ദിലീപിനെ വെറുതെ വിട്ടത്. ദിലീപിനെതിരെ ഉന്നയിച്ച വാദങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
ദിലീപില്‍ നിന്നും പള്‍സര്‍ സുനി പണം വാങ്ങി, വ്യാജ രേഖ ചമച്ചു, ദിലീപും സുനിയും ഫോണില്‍ സംസാരിച്ചു തുടങ്ങിയ വാദങ്ങളൊന്നും പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നാണ് വിധി പകര്‍പ്പില്‍ പറയുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെയും കോടതി വിമര്‍ശിക്കുന്നുണ്ട്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയിക്കാന്‍ വൈകിയെന്നാണ് വിമര്‍ശനം.
Content Highlight: Verdict in actress attack case; Appeal to be filed within a week