മാമാങ്കം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് വേണു കുന്നപ്പിള്ളി. വിദേശത്തെ ബിസിനസില്‍ വിജയിച്ച വേണുവിന് ആദ്യചിത്രമായ മാമാങ്കത്തില്‍ കാലിടറിയിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് മികച്ച കഥകള്‍ തെരഞ്ഞെടുത്ത് നിര്‍മിച്ച് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കി. രേഖാചിത്രം, 2018 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചത് വേണുവായിരുന്നു.
കരിയറില്‍ താന്‍ ഉപേക്ഷിക്കേണ്ടി വന്ന മികച്ച പ്രൊജക്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് വേണു കുന്നപ്പിള്ളി. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്യാനിരുന്ന ഒരു പ്രൊജക്ട് ഉപേക്ഷിക്കേണ്ടി വന്നെന്നും ഗംഭീര കഥയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2024 സമയത്തായിരുന്നു ഞാന്‍ ആ കഥ കേള്‍ക്കുന്നത്. ആക്ഷന്‍ ഴോണറിലുള്ള കഥയായിരുന്നു. ഭദ്രന്‍ സാറിന്റെ കഥയെന്ന് പറയുമ്പോള്‍ തന്നെ നമുക്ക് അതിന്റെ ക്വാളിറ്റി എത്രത്തോളമുണ്ടെന്ന് അറിയാമല്ലോ. ആക്ഷനും ഇമോഷനുമൊക്കെയുള്ള കഥയായിരുന്നെങ്കിലും അതിന്റെ ബജറ്റ് കൂടുതലായിരുന്നു. അതില്‍ എനിക്ക് ചെറിയ സംശയമുണ്ടായിരുന്നു.
അത്രയും ബജറ്റ് ഒരു സിനിമയില്‍ ഇന്‍വെസ്റ്റ് ചെയ്യാനുള്ള ധൈര്യം ആ സമയത്ത് ഉണ്ടായിരുന്നില്ല. ആ കഥയെന്ന് പറഞ്ഞാല്‍ മലയാളത്തില്‍ മുമ്പ് കാണാത്ത തരത്തിലുള്ള പരിപാടികളൊക്കെ ഉണ്ടായിരുന്നു. സബ്മറൈനും അതുപോലുള്ള സംഗതികളുമെല്ലാമുള്ള കഥയായിരുന്നു അത്. ലാല്‍ സാറിനും എനിക്കും കഥ വര്‍ക്കായതായിരുന്നു. പക്ഷേ, റിസ്‌ക് എടുക്കാനുള്ള ധൈര്യമില്ലായിരുന്നു,’ വേണു കുന്നപ്പിള്ളി പറഞ്ഞു.
പിന്നീട് ആ പ്രൊജക്ടിലേക്ക് മറ്റ് ചില നിര്‍മാതാക്കള്‍ കൂടി ഇന്‍വെസ്റ്റ് ചെയ്യാന്‍ തയ്യാറായെന്നും എന്നാല്‍ അവരുമായി ഒത്തുപോകാന്‍ തനിക്ക് സാധിച്ചിരുന്നില്ലെന്നും വേണു കൂട്ടിച്ചേര്‍ത്തു. ആ കഥക്ക് ഇപ്പോഴും സ്‌കോപ്പുണ്ടെന്നും എന്നാല്‍ അത് പ്രൊഡ്യൂസ് ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് ഇപ്പോഴും വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
‘ആന്റണി പെരുമ്പാവൂരായിരുന്നു ഈ കഥയെപ്പറ്റി എന്നോട് ആദ്യം പറഞ്ഞത്. ‘ഒരു കഥയുണ്ട്. ലാലേട്ടന് വേണ്ടി എഴുതിയ കഥയാണ്, ഭദ്രന്‍ സാറാണ് അതിന്റെ റൈറ്റര്‍’ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കേള്‍ക്കാമെന്ന് പറഞ്ഞു. ആ സമയത്ത് ഞാനും ലാലേട്ടനും ഒരേ ബില്‍ഡിങ്ങിലായിരുന്നു. അദ്ദേഹവും ഞാനും കൂടെയായിരുന്നു കഥ കേട്ടത്. എല്ലാവര്‍ക്കും ഇഷ്ടമായെങ്കിലും ഈയൊരു കാരണം കൊണ്ട് മാത്രം ആ പ്രൊജക്ട് നടക്കാതെ പോയി,’ വേണു കുന്നപ്പിള്ളി പറയുന്നു.
Content Highlight: Venu Kunnappilly about the project he wished to do with Mohanlal