നായിക നായകന്‍ (2018) എന്ന മലയാളം റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് വെങ്കിടേഷ്. പിന്നീട് ഉടന്‍ പണംസീസണ് 5ല്‍ സഹ-അവതാരകനായും അദ്ദേഹം പ്രവര്‍ത്തിച്ചു.
ശേഷം ചെറിയ വേഷങ്ങളിലൂടെയും വില്ലന്‍ കഥാപാത്രങ്ങളിലൂടെയും അദ്ദേഹം സിനിമാപ്രേമികള്‍ക്ക് ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. വിജയ് ദേവരകൊണ്ട നായകനായെത്തുന്ന കിങ്ഡം എന്ന സിനിമയിലൂടെ തെലുങ്കിലും അഭിനയിച്ചു.
ഇപ്പോള്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി സിനിമയുടെ ലൊക്കേഷനില്‍ വെച്ച് താന്‍ രജിനികാന്തിനെ കണ്ടതിനെ കുറിച്ച് പറയുകയാണ് വെങ്കിടേഷ്. താന്‍ രജിനികാന്തിനെ കണ്ടത് ഒരു മാസ് സീക്വന്‍സായിരുന്നെന്നും ഒരു സ്ലോമോഷന്‍ സീനിലായിരുന്നെന്നും നടന്‍ പറയുന്നു.
‘ആ സമയത്ത് അനിരുദ്ധിന്റെ ബി.ജി.എമ്മും ഉണ്ടായിരുന്നു. ആ ബി.ജി.എം ഇതുവരെ റിലീസ് ആയിട്ടില്ല. അത് പ്ലേ ചെയ്യുന്ന സമയത്താണ് ഞാന്‍ വരുന്നത്. ട്രെയ്‌ലറില്‍ കാണിച്ച ബീഡി വായില്‍ വെച്ച് ഫ്‌ളിപ്പ് ചെയ്യുന്ന സീനുണ്ടല്ലോ.
അതിന്റെ ഒരു സീക്വന്‍സായിരുന്നു ഷൂട്ട് ചെയ്തത്. അത് വേറൊരു തരം സീക്വന്‍സാണ്. അതില്‍ ഓരോ സീക്വന്‍സ് കഴിയുമ്പോഴും എല്ലാവരും കയ്യടിച്ചു. പക്ഷെ രജിനി സാര്‍ ഒരു കൊച്ചുകുട്ടിയെ പോലെ ആയിരുന്നു,’ വെങ്കിടേഷ് പറഞ്ഞു.
മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സിനിമാനടന്‍ മറ്റൊരാളുടെ ജീവിതത്തില്‍ ഇത്രയധികം ഇന്‍ഫ്‌ളുവന്‍സ് ചെയ്യുമോയെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ‘അതേ’ എന്നാണെന്നും നടന്‍ പറയുന്നു. തന്നെ രജിനികാന്ത് എന്ന നടന്‍ ഒരുപാട് ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ടെന്നും വെങ്കിടേഷ് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ തമിഴ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് കൂലി. രജിനികാന്തിന് പുറമെ വന്‍ താരനിരയാണ് ഈ ചിത്രത്തിനായി ഒന്നിക്കുന്നത്. നാഗാര്‍ജുന, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസന്‍, സൗബിന്‍, ആമിര്‍ ഖാന്‍ തുടങ്ങിയ മികച്ച താരനിരയാണ് കൂലിയില്‍ ഉള്ളത്.
Content Highlight: Venkitesh VP Talks About Coolie Movie And Rajinikanth