'ഇവൻ ഒരു റൗണ്ട് ഓടും' എന്ന് മമ്മൂക്ക; പിന്നീട് അവസരം തന്നതും അദ്ദേഹം തന്നെ: വെങ്കിടേഷ്
Malayalam Cinema
'ഇവൻ ഒരു റൗണ്ട് ഓടും' എന്ന് മമ്മൂക്ക; പിന്നീട് അവസരം തന്നതും അദ്ദേഹം തന്നെ: വെങ്കിടേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th September 2025, 7:06 am

നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടനാണ് വെങ്കിടേഷ്. ചെറിയ വേഷങ്ങളിലൂടെയും വില്ലൻ കഥാപാത്രങ്ങളിലൂടെയുമാണ് അദ്ദേഹം പ്രേക്ഷകരിക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.

ഏറ്റവും ഒടുവിൽ ഇറങ്ങിയ കിങ്ഡം എന്ന ചിത്രത്തിലെ വില്ലനായും വെങ്കിടേഷ് തിളങ്ങി. ഇപ്പോൾ തന്റെ സിനിമാജീവിതത്തെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും സംസാരിക്കുകയാണ് വെങ്കിടേഷ്.

‘അഭിനയിക്കാൻ ഫെയ്സ്ബുക്ക് വഴി ഒട്ടേറെ പേരോട് അവസരം ചോദിച്ചു. അങ്ങനെ ജൂനിയർ ആർട്ടിസ്റ്റായി. പി.ജി പൂർത്തിയാക്കിയ ശേഷം ഓടി നടന്ന് ഓഡീഷനുകളിൽ പങ്കെടുത്തു. മനസ് പറഞ്ഞ വഴിയേ സിനിമ തേടി നടന്നു. അസോസിയേറ്റ് ഡയറക്ടർ അനിൽ എബ്രഹാമിനോട് അവസരം ചോദിച്ചതും ഫെയ്സ്ബുക്ക് വഴിയായിരുന്നു. അങ്ങനെ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിൽ മുഖം കാണിക്കാൻ അവസരം ലഭിച്ചു,’ വെങ്കിടേഷ് പറയുന്നു.

പിന്നീട് വെങ്കിടേഷ് ഒടിയൻ, തട്ടുംപുറത്ത് അച്യുതൻ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളും ചെയ്തു. ശേഷം ചെയ്തത് രജിഷ വിജയൻ നായികയായ സ്റ്റാൻഡപ്പ് ആയിരുന്നു. സ്റ്റാൻഡപ്പിന്റെ പ്രീറിലീസിങ് പ്രോഗ്രാമിൽ മമ്മൂട്ടിയുമുണ്ടായിരുന്നു. അവിടെ വെച്ച് മമ്മൂട്ടി ഒരു കാര്യം പറഞ്ഞു. ‘ഇവൻ ഒരു റൗണ്ട് ഓടും’ എന്ന്.

ആ വാക്കുകൾ വെങ്കിടേഷിന് അംഗീകാരമായിരുന്നു. പിന്നീട് മമ്മൂട്ടി തന്നെയാണ് പ്രീസ്റ്റ് എന്ന സിനിമയിൽ
അവസരം നൽകിയതും.തുടർന്ന് വേദ, റിബൽ തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിൽ സജീവമായി.

പ്ലസ് ടു കഴിഞ്ഞപ്പോൾ മുതൽ സിനിമാ മോഹം തീവ്രമായി വെങ്കിടേഷിന്. മമ്മൂട്ടി അഭിനയിച്ച ബെസ്റ്റ് ആക്ടർ എന്ന ചിത്രം അദ്ദേഹത്തിന്റെ സിനിമാമോഹത്തെ വളർത്തി. അതിനിടയിലാണ് നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് വെങ്കിടേഷ് സ്വീകാര്യനാകുന്നത്.

അഭിനയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത് അവിടെ നിന്നാണ് നല്ല സൗഹൃദങ്ങളും സിനിമകളും അവിടെ നിന്നുണ്ടായി. ചാനലിൽ അവതാരകനാകാൻ സഹായിച്ചതും ആ ഷോയാണ്.

Content Highlight: Venkitesh talking about Mammootty