ലേലത്തിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ വെടിക്കെട്ടുമായി വെങ്കിടേഷ്
Cricket
ലേലത്തിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ വെടിക്കെട്ടുമായി വെങ്കിടേഷ്
ഫസീഹ പി.സി.
Tuesday, 16th December 2025, 12:09 pm

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍ന്നാടി മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കിടേഷ് അയ്യര്‍. ടൂര്‍ണമെന്റിലെ സൂപ്പര്‍ ലീഗ് സ്റ്റേജില്‍ പഞ്ചാബിനെതിരായ മത്സരത്തിലാണ് താരം വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. ഈ മത്സരത്തില്‍ താരം ടീമിന് കരുത്ത് പകര്‍ന്നത് അര്‍ധ സെഞ്ച്വറി നേടിയാണ്.

മധ്യപ്രദേശിന് വേണ്ടി താരം 43 പന്തില്‍ 70 റണ്‍സ് എടുത്താണ് തിരികെ നടന്നത്. താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത് രണ്ട് സിക്സും എട്ട് ഫോറുമാണ്. 162.79 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് 30കാരന്റെ താണ്ഡവം. ഓപ്പണറായി ഇറങ്ങിയാണ് ഐ.പി.എല്ലിന്റെ ഓക്ഷന്‍ ഡേയില്‍ തന്നെ താരത്തിന്റെ പ്രകടനം.

മത്സരത്തിനിടെ വെങ്കിടേഷ് അയ്യര്‍. Photo: Johns/x.com

ഇന്ന് (ഡിസംബര്‍ 16) ദുബായിയില്‍ നടക്കുന്ന താരലേലത്തില്‍ വെങ്കടേഷ് അയ്യര്‍ ഒന്നിലധികം ഫ്രാഞ്ചൈസികള്‍ നോട്ടമിടുന്ന താരങ്ങളില്‍ ഒരാളാണ് എന്നാണ് വിലയിരുത്തല്‍. അതിനിടയിലാണ് താരം ബാറ്റ് കൊണ്ട് തിളങ്ങുന്നത്.

2021ലാണ് താരത്തിന്റെ ഐ.പി.എല്‍ അരങ്ങേറ്റം. തന്റെ ബേസ് വിലയായ 20 ലക്ഷം രൂപയ്ക്കാണ് താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ (കെ.കെ.ആര്‍) എത്തിയത്.

വെങ്കിടേഷ് അയ്യര്‍. Photo: Muffadal Vohra/x.com

2022ല്‍ കൊല്‍ക്കത്ത വെങ്കിടേഷിനെ നിലനിര്‍ത്തി. അടുത്ത സീസണുകളില്‍ താരം മികച്ച ഇന്നിങ്സുമായി കളം നിറഞ്ഞു കളിച്ചു. 2025 മെഗാ താരലേലത്തിന് മുന്നോടിയായി കെ.കെ.ആര്‍ താരത്തെ റീലീസ് ചെയ്തു. എന്നാല്‍ ആ വര്‍ഷത്തെ ലേലത്തില്‍ തന്നെ വെങ്കിയെ തിരിച്ചു പിടിച്ചു.

23.75 കോടിക്കായിരുന്നു മുന്‍ ചാമ്പ്യന്മാര്‍ ഇടം കൈയ്യന്‍ ബാറ്ററെ തിരികെ എത്തിച്ചത്. അന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമായി (ആര്‍.സി.ബി) കടുത്ത പോരാട്ടം നടത്തിയായിരുന്നു ടീമിലെത്തിച്ചത്. എന്നാല്‍, ഈ സീസണില്‍ താരത്തിന് തിളങ്ങാന്‍ സാധിക്കാതെ വന്നതോടെയാണ് താരത്തെ കൊല്‍ക്കത്ത വിട്ടുകളഞ്ഞത്.

Content Highlight: Venkitesh Iyer smashes half century in Syed Mushtaq Ali Trophy just hours before IPL Mini Auction

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി