നായികാ നായകന്‍ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് വെങ്കിടേഷ്. വെളിപാടിന്റെ പുസ്തകം, തട്ടുമ്പുറത്ത് അച്യുതന്‍, ഖോ ഖോ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ വെങ്കിടേഷിനെ തേടിയെത്തിയിരുന്നു. വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് ചിത്രം കിങ്ഡത്തില്‍ വെങ്കിടേഷും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.
മുരുകന്‍ എന്ന വില്ലനായാണ് വെങ്കിടേഷ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യ തെലുങ്ക് ചിത്രത്തിന്റെ യാതൊരു പതര്‍ച്ചയുമില്ലാതെ തന്റെ വേഷം ഗംഭീരമാക്കാന്‍ താരത്തിന് സാധിച്ചു. ഭാഷാതിര്‍ത്തികള്‍ കടന്ന് മികച്ച പ്രതികരണമാണ് വെങ്കിയുടെ പ്രകടനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയാണ് വെങ്കിടേഷ്.
ജീവിതത്തിലെ ആദ്യത്തെ സക്‌സസ് മീറ്റാണ് ഇതെന്ന് വെങ്കിടേഷ് പറഞ്ഞു. ആദ്യമായാണ് തെലുങ്കില്‍ അഭിനയിക്കുന്നതെങ്കിലും പലരും നല്ല സപ്പോര്‍ട്ടായിരുന്നെന്നും താനത് തീരെ പ്രതീക്ഷിച്ചില്ലായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ചിത്രം തിയേറ്ററില്‍ നിന്ന് തന്നെ കാണേണ്ടതാണെന്നും പോസിറ്റീവ് റിവ്യൂ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു.
‘ജീവിതത്തിലെ ആദ്യത്തെ സക്‌സസ് മീറ്റാണ് എനിക്ക് ഇത്. അതുകൊണ്ട് എന്താണ് പറയേണ്ടതെന്നോ, എന്ത് ചെയ്യണമെന്നോ യാതൊരു ധാരണയുമില്ല. കഴിഞ്ഞദിവസം രാത്രി ഞാന്‍ ശരിക്ക് ഉറങ്ങിയിട്ടില്ല. അമേരിക്കയിലെ പ്രീമിയര്‍ കഴിഞ്ഞപ്പോള്‍ എന്റെ പെര്‍ഫോമന്‍സ് നന്നായിട്ടുണ്ടെന്ന് പറഞ്ഞു. പലരും വിളിക്കുകയും മെസ്സേജയക്കുകയും ചെയ്തു.
എന്റെ ഇന്‍ട്രോ സീനിന് പലയിടത്തും വലിയ കൈയടിയാണെന്ന് കേട്ടു. വിജയ് ദേവരകൊണ്ടയും സത്യദേവും എന്നെക്കുറിച്ച് ഒരുപാട് പോസ്റ്റുകള്‍ പങ്കുവെക്കുന്നത് കണ്ടു. തിയേറ്ററില്‍ കൈയടിച്ച് ആര്‍പ്പുവിളിച്ച് കാണാന്‍ കഴിയുന്ന വലിയൊരു സിനിമ തന്നെയാണ് ഇതെന്ന് സംശയമില്ലാതെ എനിക്ക് പറയാന്‍ സാധിക്കും’,വെങ്കിടേഷ് പറഞ്ഞു.
വിജയ് ദേവരകൊണ്ട നായകനായെത്തിയ ചിത്രത്തില്‍ ഭാഗ്യശ്രീ ബോസാണ് നായിക. ജേഴ്‌സി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ഗൗതം തിന്നനൂരി സംവിധാനം ചെയ്ത ചിത്രമാണ് കിങ്ഡം. ലക്കി ഭാസ്‌കര്‍, ഡാക്കു മഹാരാജ് എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം സിതാര എന്റര്‍ടൈന്മെന്റ്‌സ് നിര്‍മിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Content Highlight: Venkatesh’s speech at Kingdom movie press meet viral