തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിലെ പ്രതി അഫാന്‍ ജയിലിലെ ശുചിമുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് കെട്ടിത്തൂങ്ങാന്‍ ശ്രമിക്കുകയായിരുന്നു. പൂജപ്പുര ജയിലിലാണ് ആത്മഹത്യാ ശ്രമം നടന്നത്.
നിലവില്‍ അഫാന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അഫാൻ.
2025 ഫെബ്രുവരി ഒന്നിനാണ് തിരുവന്തപുരത്തെ കൂട്ടക്കൊല പുറത്തറിയുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകള്‍ നടത്തിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ആറ് മണിക്കൂറിനുള്ളില്‍ അഞ്ച് കൊലപാതകങ്ങളാണ് പ്രതി നടത്തിയത്.
ഫെബ്രുവരി ഒന്നിന് രാവിലെ ഉമ്മയെയാണ് പ്രതി അഫാന്‍ ആദ്യം ആക്രമിച്ചത്.രാവിലെ 10 മണിയോടെയായിരുന്നു ആദ്യ ആക്രമണം. പണം ആവശ്യപ്പെട്ട് കിട്ടാതെ വന്നതോടെയാണ് ഉമ്മയെ ആക്രമിച്ചത്.
പിന്നീട് 1:15 ന് മുത്തശ്ശി സല്‍മ ബീവിയെയും ആക്രമിച്ചു. സല്‍മ ബീവിയുടെ സ്വര്‍ണവുമായി വെഞ്ഞാറമൂട് എത്തിയപ്പോഴേക്കും പിതാവിന്റെ സഹോദരനായ ലത്തീഫ് ഫോണില്‍ വിളിച്ചത് അടുത്ത കൊലപാതകത്തിനും കാരണമായി.
വൈകിട്ട് മൂന്ന് മണിയോടെ ബാപ്പയുടെ സഹോദരന്‍ ലത്തീഫിനെയും ഭാര്യയെയും അഫാന്‍ ചുറ്റിക ഉപയോഗിച്ച് ആക്രമിച്ചു. നാല് മണിയോടെ കാമുകിയെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി. അവസാനം വീട്ടില്‍ വെച്ച് സഹോദരന്‍ അഫ്‌സാനെയും കൊലപ്പെടുത്തുകയായിരുന്നു.
അനുജനെ വീട്ടിനകത്ത് കയറ്റി ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടില്‍ തന്നെ വെച്ചു. പിന്നീട് കുളിച്ച് വസ്ത്രം മാറിയ അഫാന്‍ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷമാണ് പ്രതി പോലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്. കൂട്ടക്കൊലയ്ക്ക് ശേഷവും പ്രതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എലിവിഷം കഴിക്കുകയായിരുന്നു. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാൻ നൽകിയ മൊഴി.
Content Highlight: Venjarammoodu mass murder case: Accused attempts suicide in jail