വെനസ്വേലന്‍ പ്രതിസന്ധി; ലോകം രണ്ട് തട്ടില്‍; മദൂരോ സര്‍ക്കാരിനെതിരെ സുരക്ഷ കൗണ്‍സിലില്‍ അമേരിക്കയുടെ പ്രമേയം
Venezuela crisis
വെനസ്വേലന്‍ പ്രതിസന്ധി; ലോകം രണ്ട് തട്ടില്‍; മദൂരോ സര്‍ക്കാരിനെതിരെ സുരക്ഷ കൗണ്‍സിലില്‍ അമേരിക്കയുടെ പ്രമേയം
ന്യൂസ് ഡെസ്‌ക്
Monday, 11th February 2019, 8:01 am

ന്യൂയോര്‍ക്ക്:വെനസ്വേലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായുള്ള പരിഹാര നിര്‍ദേശവുമായി അമേരിക്ക. യു.എന്‍ സുരക്ഷാ കൗണ്‍സിലിന് മുമ്പാകെയാണ് പരിഹാരം മാര്‍ഗം അമേരിക്ക സമര്‍പ്പിച്ചത്. റഷ്യയുടെ പരിഹാര നിര്‍ദേശത്തിന് മറുപടി ആയിട്ടാണ് അമേരിക്കയുടെ നീക്കം.

വെനസ്വേലയില്‍ രാജ്യാന്തര ഇടപെടലാണ് അമേരിക്കയുടെ പ്രധാന ആവശ്യം. മാത്രമല്ല വെനസ്വേലയിലേക്ക് ആവശ്യമായ സഹായം എത്തിക്കുക, പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തുക, തുടങ്ങിയവയാണ് പരിഹാര നിര്‍ദേശങ്ങള്‍.

നിരായുധര്‍ക്കെതിരെ വെനസ്വേലയില്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ അതിക്രമം നടക്കുകയാണ്. സമാധാനപരമായ പ്രതിഷേധങ്ങളെ മദൂരോ സര്‍ക്കാര്‍ വകവെയ്ക്കുന്നില്ല- സുരക്ഷ കൗണ്‍സിലില്‍ അമേരിക്ക അഭിപ്രായപ്പെട്ടു. ജനാധിപത്യം തിരിച്ചുകൊണ്ടുവരാന്‍ എല്ലാവരും ഇടപെടണമെന്നും സുരക്ഷ കൗണ്‍സിലില്‍ അമേരിക്ക സമര്‍പ്പിച്ച പരിഹാരനിര്‍ദേശത്തില്‍ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: പശു വിഷയത്തില്‍ മധ്യപ്രദേശിന്റേതില്‍ നിന്നും വ്യത്യസ്തമായിരിക്കും രാജസ്ഥാന്റെ നിലപാട്: സച്ചിന്‍ പൈലറ്റ്

നേരത്തെ വെനസ്വേലയുടെ രാഷ്ട്രീയ സ്വാതന്ത്രവും അവകാശങ്ങളും മറ്റ് രാജ്യങ്ങള്‍ അംഗീകരിക്കണമെന്ന നിര്‍ദേശം റഷ്യ മുന്നോട്ട് വെച്ചിരുന്നു. വെനസ്വേലയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് അവരുടെ ആഭ്യന്തര സ്വാതന്ത്രത്തിന് എതിരാണെന്നും സുരക്ഷാ കൗണ്‍സിലില്‍ റഷ്യ നിര്‍ദേശം വെച്ചിരുന്നു. ഇതിനെതിരെയാണ് അമേരിക്ക സുരക്ഷാ കൗണ്‍സിലില്‍ ഡ്രാഫ്റ്റ് സമര്‍പ്പിച്ചത്.

വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് യുവാന്‍ ഗ്വീഡോയെ പിന്തുണച്ച് അമേരിക്ക രാജ്യാന്തര ക്യാംപയിന്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്ക സമര്‍പ്പിച്ച ഡ്രാഫ്റ്റ് വോട്ടിനിടുന്നത് എന്നാണെന്ന് ഇതുവരെ അറിയിച്ചട്ടില്ല.

റഷ്യ, തുര്‍ക്കി, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ മദൂെേരാ പിന്തുണയ്ക്കുമ്പോള്‍ അമേരിക്കയും ബ്രിട്ടണും ഗ്വീഡോയെയാണ് പിന്തുണയ്ക്കുന്നത്.