കൊളംബിയ: വെനസ്വേലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തടവിലാക്കപ്പെട്ട ആയിരക്കണക്കിന് തടവുകാര്‍ക്ക് മോചനം സാധ്യമാക്കിയ പൊതുമാപ്പ് നിയമം അവസാനിപ്പിക്കുന്നതായി ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ്.
കഴിഞ്ഞ വ്യാഴാഴ്ച മിറാഫ്ലോറസ് കൊട്ടാരത്തില്‍ വെച്ച് നടന്ന ക്രിമിനല്‍ ജസ്റ്റിസ് റിഫോം കമ്മീഷന്റെ ഉദ്ഘാടന വേളയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
ഇനി മുതല്‍ ഈ പ്രത്യേക നിയമത്തിന്റെ ആനുകൂല്യം പുതിയ കേസുകള്‍ക്കോ തടവുകാര്‍ക്കോ ലഭ്യമാകില്ലെന്നും ഇതിനകം പരിഗണിക്കാത്ത, ബാക്കിയുള്ള കേസുകള്‍ ഇനി മറ്റ് ജുഡീഷ്യല്‍ സംവിധാനങ്ങളിലൂടെ മാത്രമേ കൈകാര്യം ചെയ്യൂ എന്നും റോഡ്രിഗസ് പറഞ്ഞു.
ഇതുവരെ 8,616 പേരാണ് പൊതുമാപ്പ് വഴി ജയില്‍മോചിതരായത്. വെനസ്വേല നടപ്പിലാക്കിയ പൊതുമാപ്പ് നിയമം ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഉദാരവും ഫലപ്രദവുമായ അനുരഞ്ജന നീക്കമാണെന്നും ദക്ഷിണാഫ്രിക്കയേക്കാളും സ്‌പെയിനിനേക്കാളും മികച്ച രീതിയിലാണ് രാജ്യം ഈ നിയമം നടപ്പിലാക്കിയതെന്നും അവര്‍ പറഞ്ഞു.
പൊതുമാപ്പ് നിയമത്തില്‍ ഉള്‍പ്പെടാത്തതോ ഒഴിവാക്കപ്പെട്ടതോ ആയ കേസുകള്‍ക്കായി പുതിയ ചട്ടക്കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ആക്ടിങ് പ്രസിഡന്റ് പറഞ്ഞു.
വാഷിങ്ടണില്‍ നിന്നുള്ള ശക്തമായ നയതന്ത്ര സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയിലാണ് വെനസ്വേലന്‍ ദേശീയ അസംബ്ലി ഈ ആംനസ്റ്റി നിയമം പാസാക്കിയത്.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കഴിഞ്ഞ 27 വര്‍ഷത്തിനിടെ നടന്ന രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുക എന്നതായിരുന്നു ഇതിന്റെ പ്രാഥമിക ലക്ഷ്യം.
അമേരിക്കന്‍ അനുകൂലികളായ രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും അവര്‍ക്ക് പൊതുമാപ്പ് നല്‍കണമെന്നതും അമേരിക്കയുടെ ആവശ്യമായിരുന്നു. എന്നാല്‍ ആ ആവശ്യം കൂടിയാണ് ഈ തീരുമാനത്തിലൂടെ വെനസ്വേല തള്ളിയത്.
പുതിയ യു.എസ് നയതന്ത്ര പ്രതിനിധി ജോണ്‍ ബാരറ്റ് ഗ്വാട്ടിമാലയില്‍ നിന്ന് കാരക്കാസിലെത്തിയതിന് തൊട്ടുപിന്നാലെയാണ് നിയമം അവസാനിപ്പിക്കാനുള്ള ഈ പ്രഖ്യാപനം വരുന്നത് എന്നത് രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്.
ആയിരക്കണക്കിന് പേര്‍ മോചിപ്പിക്കപ്പെട്ടെങ്കിലും, ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് ചില വിഭാഗങ്ങളെ മനഃപൂര്‍വ്വം ഒഴിവാക്കി എന്ന ആരോപണവും ശക്തമാണ്.
സൈനിക ഉദ്യോഗസ്ഥര്‍, സായുധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍, അക്രമ സംഭവങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഈ നിയമത്തിന്റെ ആനുകൂല്യം ലഭിച്ചിട്ടില്ല.
പ്രമുഖ എന്‍.ജി.ഒ ആയ ഫോറോ പീനല്‍ നല്‍കുന്ന വിവരമനുസരിച്ച്, ഏകദേശം 470 രാഷ്ട്രീയ തടവുകാര്‍ ഇപ്പോഴും വെനസ്വേലന്‍ ജയിലുകളില്‍ കഴിയുന്നുണ്ട്.
നിയമത്തിന്റെ വ്യാപ്തി പരിമിതമാണെന്നും യഥാര്‍ത്ഥ രാഷ്ട്രീയ പരിഹാരത്തിന് ഈ നീക്കം പര്യാപ്തമല്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
പൊതുമാപ്പ് നിയമം അവസാനിക്കുന്നതോടെ, ബാക്കിയുള്ള തടവുകാരുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന ‘ബദല്‍ ജുഡീഷ്യല്‍ സംവിധാനങ്ങള്‍’ എത്രത്തോളം നിഷ്പക്ഷമായിരിക്കും എന്ന കാര്യത്തിലും വ്യക്തതയില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം.
Content Highlight: Venezuela’s acting president announces end of Amnesty Law