കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും മുസ്‌ലിം ലീഗ് നേതാക്കളും വിഷയം അറിഞ്ഞ മട്ടില്ല. വി.ഡി. സതീശനടക്കമുള്ള മുതിര്‍ന്ന നേതാക്കളും വി.ടി. ബല്‍റാം, സന്ദീപ് വാര്യര്‍, ഷാഫി പറമ്പില്‍ അടക്കമുള്ള യുവ കോണ്‍ഗ്രസ് നേതാക്കളും വിഷയത്തില്‍ ഇതുവരെ സമൂഹമാധ്യമങ്ങളില്‍ പോലും പ്രതികരണം നടത്തിയിട്ടില്ല. പി.കെ. ഫിറോസ് അടക്കമുള്ള ലീഗ് നേതാക്കളും പ്രതികരിച്ചിട്ടില്ല.
അതേസമയം, വിഷയത്തില്‍ ഇടത് പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉയര്‍ത്തുകയാണ്. അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ മിനിട്ടുകള്‍ക്കകം സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ പ്രതികരണമറിയിച്ചിരുന്നു.
സി.പി.എ.എം, സി.പി.ഐ അടക്കമുള്ള ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങളും സംഘടിപ്പിക്കപ്പെട്ടു.
വിശാഖപട്ടണത്തില്‍ നടക്കുന്ന സി.ഐ.ടി.യു 18ാം അഖിലേന്ത്യാ സമ്മേളനം പൊരുതുന്ന വെനസ്വലെയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മഡൂറോയെ ഉടന്‍ മോചിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രമേയം സമ്മേളനത്തില്‍ ഐക്യകണ്‌ഠേന പാസാക്കി.
അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ആക്രമണങ്ങള്‍ക്കെതിരെ തത്വാധിഷ്ഠിത നിലപാട് സ്വീകരിക്കാനും അന്താരാഷ്ട്ര രംഗത്ത് രംഗത്ത് സമാധാനപരമായ സഹവര്‍ത്തിത്വം, പരമാധികാരം, ചേരിചേരാനയം, തുടങ്ങിയ തത്വങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും സി.ഐ.ടി.യു ആവശ്യപ്പെട്ടു.
വെനസ്വലെയിലെ അമേരിക്കന്‍ അധിനിവേശം രാജ്യത്തിന്റെ എണ്ണസമ്പത്ത് കൊള്ളയടിക്കാനാണെന്ന് സി.പി.ഐ.എം നേതാവ് എം. സ്വരാജ് വിമര്‍ശിച്ചിരുന്നു. അമേരിക്കയുടെ നീക്കം സകല അന്താരാഷ്ട്ര മര്യാദകളും ലംഘിക്കുന്നതാണെന്നും ‘അന്താരാഷ്ട്ര കൊള്ളക്കാരന്റെ’ റോളിലാണ് അമേരിക്ക നിലകൊള്ളുന്നതെന്നും അദ്ദേഹം കുറ്റുപ്പെടുത്തി.
അമേരിക്കന്‍ നടപടികള്‍ പൈശാചികമെന്നായിരുന്നു എ.എ. റഹീം എം.പി പറഞ്ഞത്.
വിഷയത്തില്‍ ജമാഅത്ത് ഇസ്‌ലാമിയും പ്രതികരിച്ചിരുന്നു. അമേരിക്കയെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നാണ് ജമാഅത്ത് ഇസ്‌ലാമി അമീര്‍ പി. മുജീബുറഹ്‌മാന്‍ പറഞ്ഞത്.
Content Highlight: : Venezuela: Left parties stage strong protests, Congress remains silent