ലാറ്റിൻ അമേരിക്കയിൽ ആധിപത്യം സ്ഥാപിക്കാനുള്ള യു.എസ് പദ്ധതിയുടെ ആദ്യ ലക്ഷ്യം മാത്രമാണ് വെനസ്വേല: യു.എന്നിൽ വെനസ്വേലൻ അംബാസഡർ
Venezuela
ലാറ്റിൻ അമേരിക്കയിൽ ആധിപത്യം സ്ഥാപിക്കാനുള്ള യു.എസ് പദ്ധതിയുടെ ആദ്യ ലക്ഷ്യം മാത്രമാണ് വെനസ്വേല: യു.എന്നിൽ വെനസ്വേലൻ അംബാസഡർ
ശ്രീലക്ഷ്മി എ.വി.
Wednesday, 24th December 2025, 4:09 pm

ന്യൂയോർക്ക്: ലാറ്റിൻ അമേരിക്കയിൽ ആധിപത്യം സ്ഥാപിക്കാനുള്ള യു.എസിന്റെ വിശാലമായ പദ്ധതിയുടെ ആദ്യ ലക്ഷ്യം മാത്രമാണ് വെനസ്വേലയെന്ന് യു.എന്നിലെ വെനസ്വേലൻ അംബാസഡർ സാമുവൽ മൊൻ കാഡ.

വെനസ്വേലയുടെ എണ്ണ ടാങ്കറുകൾ യു.എസ് പിടിച്ചെടുത്തതിനെയും സാമുവൽ മൊൻ കാഡ അപലപിച്ചു. അമേരിക്കയ്‌ക്കെതിരെ കടൽക്കൊള്ള, പിടിച്ചുപറി എന്നീ കുറ്റങ്ങളും അദ്ദേഹം ആരോപിച്ചു.

ഒരു പരമാധികാര ശക്തിയാൽ സംഘടിക്കപ്പെടുന്ന സമുദ്ര കുറ്റകൃത്യങ്ങളെയാണ് അമേരിക്കയുടെ ഈ നീക്കങ്ങൾ ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വെനസ്വേലയുടെ പ്രദേശങ്ങൾ, എണ്ണ ശേഖരം, ധാതുസമ്പത്ത് എന്നിവയുടെ മേൽ സമ്പൂർണ നിയന്ത്രണം നേടാനാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എസിന്റെ ലാറ്റിൻ അമേരിക്കയിൽ ആധിപത്യം സ്ഥാപിക്കാനുള്ള വിശാലമായ പദ്ധതിയുടെ ആദ്യ ലക്ഷ്യം മാത്രമാണ് വെനസ്വേലയെന്നും തങ്ങളെ വിഭജിക്കാൻ യു.എസ് സർക്കാർ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോന്നായി അവർ കീഴടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ സാമ്പത്തിക, സൈനിക ശേഷികൾ തകർക്കുന്നതിനും, സാമൂഹിക ഐക്യം ഇല്ലാതാക്കുന്നതിനുമുള്ള നടപടിയാണ് യു.എസ് നടത്തുന്നതെന്ന് സാമുവൽ മൊൻ കാഡ പറഞ്ഞു.

നിലവിൽ രാജ്യത്തിന്റെ മേൽ ഏർപ്പെടുത്തുന്ന നാവിക ഉപരോധം മനപൂർവ്വമായ സൈനിക നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

‘മറ്റൊരു രാജ്യത്തിനെതിരെ ഔപചാരികമായി യുദ്ധം പ്രഖ്യാപിക്കാൻ അധികാരമുള്ള യു.എസ് കോൺഗ്രസിന്റെ അംഗീകാരമില്ലാതെയാണ് ട്രംപ് ഭരണകൂടം പ്രവർത്തിക്കുന്നത്,’ സാമുവൽ സാമുവൽ മൊൻ കാഡ പറഞ്ഞു.

അതിനാൽ ട്രംപ് ഭരണകൂടം അന്താരാഷ്ട്ര നിയമങ്ങളും യു.എസ് ആഭ്യന്തര നിയമങ്ങളും ലംഘിക്കുന്നുണ്ടെന്നും യു.എൻ സുരക്ഷാ സമിതി യോഗത്തിൽ മൊൻ കാഡ ആരോപിച്ചു.

വ്യോമാതിർത്തി സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കയും അദ്ദേഹം പങ്കുവെച്ചു. വെനസ്വേലയുടെ അതിർത്തികളിൽ ഒരു ഇലക്ട്രോണിക് യുദ്ധ ക്യാമ്പയിൻ യു.എസ് സൈനികർ നടത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

വെനിസ്വേലയുടെ പരമാധികാരം, സുരക്ഷ, നിയമാനുസൃത അവകാശങ്ങൾ എന്നിവയ്ക്ക് മേലുള്ള യു.എസ് നടപടികൾ ഗുരുതരമായ കടന്നുകയറ്റമാണെന്ന് ചൈനീസ് അംബാസഡർ യു.എൻ രക്ഷാസമിതി യോഗത്തിൽ പറഞ്ഞു.

ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കെതിരായ യു.എസിന്റെ ബലപ്രയോഗം മറ്റു രാജ്യങ്ങൾക്ക് ഒരു മുന്നറിയിപ്പാണെന്ന് യു.എന്നിലെ റഷ്യൻ അംബാസഡറും പറഞ്ഞു.

Content Highlight: Venezuela is just the first target of US plan to dominate Latin America: Venezuelan ambassador to UN

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.