ഭീകരാക്രമണങ്ങൾ നടത്താനായി സൂക്ഷിച്ച മൊസാദിന്റെ ആയുധങ്ങള്‍ പിടിച്ചെടുത്ത് വെനിസ്വേല
World News
ഭീകരാക്രമണങ്ങൾ നടത്താനായി സൂക്ഷിച്ച മൊസാദിന്റെ ആയുധങ്ങള്‍ പിടിച്ചെടുത്ത് വെനിസ്വേല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd July 2025, 2:43 pm

കാരക്കസ്: വലതുപക്ഷ സംഘടനകള്‍ക്കും കൊളംബിയയിലെ മയക്കുമരുന്ന് മാഫിയകള്‍ക്കും നല്‍കാന്‍ ഇസ്രഈലി രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് സൂക്ഷിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തെതായി വെനുസ്വേല സര്‍ക്കാര്‍. വെനിസ്വേലൻ ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ ഇന്നലെ ( ചൊവ്വാഴ്ച) ഭീകരാക്രമണങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ സൂക്ഷിച്ച ഇസ്രഈൽ നിർമിത ആയുധങ്ങൾ അധികൃതർ പിടിച്ചെടുത്തതായി പറഞ്ഞു.

അത്യാധുനിക തോക്കുകള്‍, ഗ്രനേഡുകള്‍, വെടിയുണ്ടകൾ, മൊബൈൽ ഫോണുകൾ എന്നിവക്ക് കാവൽ നിന്നവരെ കാരക്കാസിൽ നിന്നും അറസ്റ്റ് ചെയ്തതായി കാബെല്ലോ വിശദീകരിച്ചു. കസ്റ്റഡിയിലെടുത്തവർ സുരക്ഷാ സേനയ്ക്ക് കൂടുതൽ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബരിനാസ് സംസ്ഥാനത്ത് നിന്നും വിദൂര ആക്രമണങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഇലക്ട്രോണിക് സ്ഫോടന ഉപകരണങ്ങളും വെനിസ്വേലൻ സുരക്ഷാ സേന പിടിച്ചെടുത്തതായി മന്ത്രി പറഞ്ഞു. ഒരു കൊളംബിയൻ പൗരന്റെ വാഹനത്തിന്റെ സ്പെയർ ടയറുകളിൽ ഒളിപ്പിച്ച നിലയിൽ റിമോട്ട് കൺട്രോളറായി ഉപയോഗിക്കാവുന്ന ഒരു റേഡിയോ ഉപകരണവും കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായ പ്രതി മിലിട്ടറി അക്കാദമി, നാഷണൽ ഇലക്ടറൽ കൗൺസിൽ, കൊളംബിയൻ എംബസി, സുപ്രീം കോടതി എന്നിവ ലക്ഷ്യമാക്കി ആക്രമണങ്ങൾ നടപ്പാക്കാനായിരുന്നു തങ്ങളുടെ പദ്ധതിയെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ഡിയോസ്ഡാഡോ കാബെല്ലോ പറഞ്ഞു. വെനിസ്വേലയില്‍ അധിനിവേശം നടത്താന്‍ യു.എസിനെ പ്രേരിപ്പിക്കുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്ന് ഡിയോസ്ഡാഡോ കാബെല്ലോ കൂട്ടിച്ചേർത്തു.

മയക്കുമരുന്ന് കടത്തി പണമുണ്ടാക്കുകയും ആ പണം ഉപയോഗിച്ച് ആയുധങ്ങൾ സമ്പാദിക്കാനും കൂലിപ്പട്ടാളക്കാരെയും തീവ്രവാദികളെയും നിയമിക്കാനും ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം പാശ്ചാത്യ പിന്തുണയുള്ള പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

പാശ്ചാത്യരുടെ സഹായത്തോടെ ലഹരി വില്‍പ്പന, തീവ്രവാദം, സായുധകലാപം എന്നിവ നടത്താനാണ് മരിയ കൊറിന മച്ചാഡോ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏത് വിധേനയും അമേരിക്കൻ ഇടപെടലിനെ ന്യായീകരിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെനിസ്വേലയ്‌ക്കെതിരെ എഫ്‌.ബി‌.ഐ തുടർച്ചയായ ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

റോക്കറ്റ് ലോഞ്ചറുമായി ഒരു രസതന്ത്രജ്ഞനെ കഴിഞ്ഞ ദിവസം കിഴക്കന്‍ വെനുസ്വേലയില്‍ പിടികൂടിയിരുന്നു. ഇയാള്‍ക്ക് യു.എസ് ഏജന്റുമാരുമായി ബന്ധമുള്ളതായി കണ്ടെത്തുകയും ചെയ്തിരുന്നു. വെനിസ്വേലയിലെ ഒരു സിനഗോഗ് ആക്രമിച്ച് ഉത്തരവാദിത്തം ഇറാന്റെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമവും ഉണ്ടായിരുന്നു.

 

Content Highlight: Venezuela confiscates Israeli-made arms linked to terror plot