എഡിറ്റര്‍
എഡിറ്റര്‍
വെനസ്വേലയില്‍ ഇടക്കാല പ്രസിഡന്റിനെച്ചൊല്ലി തര്‍ക്കം
എഡിറ്റര്‍
Thursday 7th March 2013 12:45am

കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മരണത്തെ തുടര്‍ന്ന് വെനസ്വേലയില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് മുപ്പത് ദിവസത്തിനുള്ളില്‍ നടന്നേക്കും.

Ads By Google

പ്രസിഡന്റ് മരിക്കുന്ന സാഹചര്യമുണ്ടായാല്‍ ഒരുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടനയനുസരിച്ചുള്ള വ്യവസ്ഥ.

ഇതിനിടെ ഇടക്കാല പ്രസിഡന്റിനെ സംബന്ധിച്ച് വെനസ്വേലയില്‍ ഭരണപ്രതിപക്ഷ തര്‍ക്കം രൂക്ഷമായി. ഭരണഘടനപ്രകാരം ദേശീയ അസംബ്ലിയുടെ പ്രസിഡന്റ് ഇടക്കാല പ്രസിഡന്റാകണമെന്നാണ് പ്രതിപക്ഷം പറയുന്നത്.

ഒക്ടോബറില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം ചാവേസ് സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. സുപ്രീംകോടതിയുടെ അനുമതിയോടെയാണ് പ്രസിഡന്റായി തുടര്‍ന്നിരുന്നത്.

പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടുംവരെ വൈസ് പ്രസിഡന്റ് നിക്കോളാസ് മധുരോ ഇടക്കാല പ്രസിഡന്റാകുമെന്ന് വിദേശകാര്യമന്ത്രി എലിയാസ് ജവുവ പറഞ്ഞു.

എന്നാല്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ മുപ്പത് ദിവസത്തിനകം തുടങ്ങും എന്ന് പറഞ്ഞ അദ്ദേഹം തിരഞ്ഞെടുപ്പ് മുപ്പത് ദിവസത്തിനകം ഉണ്ടാകുമോ എന്ന് വ്യക്തമാക്കിയില്ല.

സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് പ്രസിഡന്റ് മരിച്ചാല്‍ സ്പീക്കര്‍ ഭരണം ഏറ്റെടുക്കണമെന്ന് ഭരണഘടനയിലുണ്ട്. എന്നാല്‍ തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ വൈസ് പ്രസിഡന്റ് നയിക്കുമെന്ന് ക്യൂബയില്‍ ശസ്ത്രക്രിയയ്ക്ക് പോകും മുന്‍പ് ഷാവേസ് പ്രഖ്യാപിച്ചിരുന്നു.

ഇക്കാര്യങ്ങളിലെ അവ്യക്തതയാണ് സ്പീക്കറാണോ ദേശീയ അസംബ്ലി പ്രസിഡന്റാണോ വൈസ്പ്രസിഡന്റാണോ ഇടക്കാലസര്‍ക്കാറിനെ നയിക്കേണ്ടതെന്ന തര്‍ക്കത്തിനിടയാക്കിയത്.

അതിനിടെ ചാവേസിന്റെ പി.എസ്.വി.യു.പാര്‍ട്ടി നേതാവ് ഫെര്‍ണാണ്ടോ സോട്ടോ റോജസ് നാഷണല്‍ അസംബ്ലി പ്രസിഡന്റ് തന്നെയാണ് രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റാകണമെന്ന് അഭിപ്രായപ്പെട്ടു.

അടുത്ത തിരഞ്ഞെടുപ്പില്‍ മദുറോ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നതിനെ പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാരക്കസിലെ സൈനിക ആശുപത്രിയില്‍ വെനസ്വേലന്‍ സമയം ചൊവ്വാഴ്ച വൈകുന്നേരം 4.25 നായിരുന്നു ഷാവേസിന്റെ അന്ത്യം.

ഔദ്യോഗിക ടെലിവിഷനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. സംസ്‌കാരചടങ്ങുകള്‍ നാളെ നടക്കും. രാജ്യത്ത് ഏഴു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 14 വര്‍ഷം വെനസ്വേലയുടെ പ്രസിഡന്റായിരുന്നു ഷാവേസ്.

ക്യൂബയിലെ ഹവാനയിലുള്ള ആശുപത്രിയില്‍ നാലാം തവണ അര്‍ബുദ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാഴ്ച മുന്‍പാണ് അദ്ദേഹം വെനസ്വേലയിലേക്ക് മടങ്ങിയെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം പൊതുവേദിയില്‍   പ്രത്യക്ഷപ്പെട്ടിരുന്നില്ല.

2011 ലാണ് ഷാവേസ് അര്‍ബുദബാധിതനായത്. തുടര്‍ന്ന് ക്യൂബയില്‍ ചികിത്സ തേടിവരികയായിരുന്നു. ഡിസംബര്‍ 11ന് ക്യൂബയിലെ ഹവാനയിലുള്ള ആശുപത്രിയില്‍ നാലാമത്തെ അര്‍ബുദ ശസ്ത്രക്രിയക്ക് വിധേയനായ ഷാവേസ് രണ്ടാഴ്ച മുമ്പാണ് വെനസ്വേലയില്‍ മടങ്ങിയെത്തിയത്.

Advertisement