ക്ഷണിച്ചാലും പോകില്ല; പന്തളത്തെ വിശ്വാസ സം​ഗമത്തിൽ പങ്കെടുക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
Kerala
ക്ഷണിച്ചാലും പോകില്ല; പന്തളത്തെ വിശ്വാസ സം​ഗമത്തിൽ പങ്കെടുക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th September 2025, 1:47 pm

ആലപ്പുഴ: പന്തളത്ത് നടക്കുന്ന ബദൽ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

പന്തളത്തെ വിശ്വാസസംഗമത്തിലേക്ക് ക്ഷണമില്ല, ഉണ്ടെങ്കിലും പോകില്ല പറഞ്ഞ വെള്ളാപ്പിള്ളി, ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്നും പറഞ്ഞു.

‘ഞാൻ തീർച്ചയായിട്ടും പോകും. അയ്യപ്പ സംഗമം മോശം കാര്യമായിട്ട് എനിക്ക് തോന്നിയിട്ടില്ല. ചിലരെല്ലാം എന്തുചെയ്താലും കുറ്റമായിട്ടാണ് പറയാറുള്ളത്. ആര് നല്ലത് ചെയ്താലും അതിനെ നന്നായി കാണുക. ഓരോരുത്തരും അവരുടെ ആഗ്രഹവും വിശ്വാസവും അനുസരിച്ച് നടക്കട്ടേ. പന്തളത്ത് നടക്കുന്ന സംഗമത്തിൽ എനിക്ക് ക്ഷണമില്ല. ഉണ്ടെങ്കിലും ഞാൻ പോകില്ല,’ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എല്ലാ അയ്യപ്പ ഭക്തരും ആഗോള അയ്യപ്പ സംഗമത്തിൽ ഒപ്പം നിൽക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷം പറയുന്ന കാര്യങ്ങളെ രാഷ്ട്രീയമായി കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. പമ്പയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്താണ് വെള്ളാപ്പള്ളിയെ നേരിട്ടെത്തി ക്ഷണിച്ചത്.

അയ്യപ്പസംഗമം മഹാ സംഭവമായി മാറുമെന്നും ശബരിമലയ്ക്ക് ലോക പ്രസക്തി ലഭിക്കുമെന്നും വലിയ വരുമാന സാധ്യതയാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വിഷയത്തിൽ എസ്.എൻ.ഡി.പിക്ക് വ്യക്തമായ നിലപാടുണ്ടെന്നും കക്ഷി രാഷ്ട്രീയം പറഞ്ഞ് പിണറായിയെ കുറ്റപ്പെടുത്തരുതെന്നും ശബരിമലയെ വിവാദ ഭൂമിയാക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആഗോള അയ്യപ്പ സംഗമത്തിൽ ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് 750 പേരും കേരളത്തിൽനിന്ന് 800 പേരും പങ്കെടുക്കും. തമിഴ്നാട്ടിൽ നിന്നും വിദേശത്ത് നിന്നും 500 പേർ വീതവും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 200 പേർ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തിനുള്ള രജിസ്‌ട്രേഷൻ ഇതിനോടകം തുടങ്ങിയിട്ടുണ്ട്.

എന്നാൽ, പരിപാടിക്ക് രാഷ്ട്രീയ പാർട്ടികൾക്ക് ഔദ്യോഗികമായി ക്ഷണം ഉണ്ടാകില്ലെന്നും രാഷ്ട്രീയം പാടില്ല എന്നതാണ് തീരുമാനമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

അതേസമയം, അയ്യപ്പ സംഗമത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള അയ്യപ്പ ഭക്തി എന്തിനാണെന്ന് ജനങ്ങൾക്ക് മനസിലാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

 

Content Highlight: Vellappally Natesan will not attend theagola ayyappa Sangam in Pandalam