തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലത്തിന് തിരിച്ചടിയില്‍ തന്നെ മാത്രം കുറ്റപ്പെടുത്തുന്നുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിക്ക് കാരണക്കാരിലൊരാള്‍ വെള്ളാപ്പള്ളിയാണെന്ന ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് മുസ്‌ലിം ലീഗിന് അടിമപ്പെടുകയാണെന്നും 24 മണിക്കൂറും വര്‍ഗീയത പ്രസംഗിക്കുന്ന ലീഗിനെ കൂടെക്കൂട്ടി കോണ്‍ഗ്രസ് അവരുടെ വ്യക്തിത്വം നശിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുന്നണികള്‍ മത-സാമുദായിക പ്രീണനം നടത്തുന്നതിനെതിരേ എല്ലാവരും പ്രതികരിക്കാറുണ്ട്. ന്യൂനപക്ഷ പ്രീണനത്തിനെതിരേ താന്‍ മാത്രമല്ല എന്‍.എസ്.എസ്. നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്.
മലപ്പുറത്ത് ഇതര സമുദായത്തിലുള്ളവര്‍ക്ക് സ്‌കൂളും കോളേജും മാത്രമല്ല ഒരു കുടിപ്പള്ളിക്കൂടം പോലും നല്‍കാത്തതിനെക്കുറിച്ച് പറഞ്ഞത് തെറ്റാണോ? വസ്തുതകളല്ലേ? ഈ വസ്തുത മറച്ചുവെച്ച് വര്‍ഗീയപ്രചാരണം നടത്തുന്നത് മുസ്‌ലിം ലീഗല്ലേ? കോണ്‍ഗ്രസ് അവര്‍ പറയുന്നതിനെയല്ലേ പിന്തുണയ്ക്കുന്നത്?
24 മണിക്കൂറും വര്‍ഗീയത പ്രസംഗിക്കുന്ന ലീഗിനെ കൂടെക്കൂട്ടി കോണ്‍ഗ്രസ് അവരുടെ വ്യക്തിത്വം നശിപ്പിക്കുകയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന വലിയ പാരമ്പര്യത്തിനുടമകളാണ് കോണ്‍ഗ്രസെന്ന് ഇപ്പോഴത്തെ നേതാക്കള്‍ തിരിച്ചറിയുന്നില്ല. അവര്‍ ലീഗിന് അടിമപ്പെടുകയാണ്.
ആഗോള അയ്യപ്പ സംഗമത്തെ എസ്.എന്‍.ഡി.പി. യോഗം മാത്രമല്ല എന്‍.എസ്.എസും പിന്തുണച്ചിരുന്നു. അവരും പ്രതിനിധിയെ അയച്ചിരുന്നു. അതില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയെ മാത്രം കുറ്റപ്പെടുത്തുന്നത് മനസിലാകുന്നില്ല. എന്തുകൊണ്ടാണ് എന്‍.എന്‍.എസിനെ കുറ്റപ്പെടുത്താത്തത്?
മുഖ്യമന്ത്രിയുടെ വാഹനത്തില്‍ പോയതിനെയും ചിലര്‍ പരിഹസിക്കുന്നുണ്ട്. അതിനെക്കാള്‍ വലിയ കാറുള്ളവനാണ് ഞാന്‍. മുഖ്യമന്ത്രിയോടൊപ്പം ഇരിക്കാതിരിക്കാന്‍ എനിക്കെന്താ അയിത്തമുണ്ടോ?,’ വെള്ളാപ്പള്ളി ചോദിച്ചു.
ഭൂരിപക്ഷ സമുദായക്കാര്‍ പറയുന്നത് വര്‍ഗീയതയും ന്യൂനപക്ഷക്കാര്‍ പറയുന്നത് മതേതരത്വവുമാണെന്ന മട്ടില്‍ പ്രചാരണം നടത്തുന്നതാണ് അപകടമെന്നും പറയുന്ന കാര്യങ്ങളുടെ വസ്തുത നോക്കാതെ വര്‍ഗീയമായി വഴിതിരിച്ചുവിടുന്ന പ്രവണതയാണ് ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം കൂടച്ചേര്‍ത്തു.
Content Highlight: Vellappally Natesan says that he alone is to blame for the setback in the election results.