വെള്ളാപ്പള്ളിയുടെ പ്രസ്താവന നാരായണഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധം: എം. സ്വരാജ്
Kerala
വെള്ളാപ്പള്ളിയുടെ പ്രസ്താവന നാരായണഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധം: എം. സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th July 2025, 5:54 pm

കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് എം. സ്വരാജ്. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ തീര്‍ത്തും നിരുത്തരവാദപരമാണെന്ന് എം. സ്വരാജ് പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സ്വരാജിന്റെ വിമര്‍ശനം.

ശ്രീനാരായണഗുരുവും എസ്.എന്‍.ഡി.പി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്നും സ്വരാജ് കുറിച്ചു. മതനിരപേക്ഷ സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങള്‍ കേരളം തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തന്റെ പരാമര്‍ശങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വെള്ളാപ്പള്ളി. സമുദായത്തിന് വേണ്ടി ഇനിയും സംസാരിക്കുമെന്നും താന്‍ ഒരു മതത്തിനും എതിരല്ലെന്നും വിവാദങ്ങളില്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

മലപ്പുറത്തെയും മുസ്‌ലിങ്ങളെയും ലക്ഷ്യമിട്ടുള്ള വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, പാണക്കാട് ശിഹാബ് തങ്ങള്‍ ഉള്‍പ്പടെയുള്ള ലീഗ് നേതാക്കളും സമസ്ത നേതാക്കളും രംഗത്തെത്തിയിരുന്നു.

അതേസമയം വെള്ളാപ്പള്ളിയെ അനുകൂലിച്ചുകൊണ്ടാണ് സി.പി.ഐ.എം നേതാവും സഹകരണ-തുറമുഖ മന്ത്രിയുമായ വി.എന്‍. വാസവന്‍ പ്രതികരിച്ചത്.

സാധാരണഗതിയില്‍ എല്ലാവരും 56 വയസാകുമ്പോള്‍ പെന്‍ഷന്‍ ആകുകയും വിശ്രമജീവിതം നയിക്കുകയുമാണ് ചെയ്യാറുളളതെന്നും എന്നാല്‍ ഈ പ്രായത്തിലും പൊതുരംഗത്തേക്ക് കടന്നുവന്ന് വിശ്രമജീവിതം നയിക്കാതെ ചരിത്രം സൃഷ്ടിക്കുകയാണ് വെള്ളാപ്പള്ളിയെന്നുമാണ് വി.എന്‍. വാസവന്‍ പറഞ്ഞത്.

ഇതിനിടെ കോണ്‍ഗ്രസ് നേതാവ് കെ. ബാബുവും വെള്ളാപ്പള്ളിയെ അനുകൂലിച്ച് സംസാരിച്ചിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട സമുദായ നേതാവ് വെള്ളാപ്പള്ളിയാണെന്നാണ് കെ. ബാബു പറഞ്ഞത്.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറയുന്നത് കേട്ട് ഭരിച്ചാല്‍ മതിയെന്ന സ്ഥിതിയാണ് സംസ്ഥാന സര്‍ക്കാരിനെന്നും സൂംബ വിവാദവും സ്‌കൂള്‍ സമയമാറ്റവും ഇതിന്റെ ഭാഗമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന. കോട്ടയത്ത് നടന്ന എസ്.എന്‍.ഡി.പി നേതൃസംഗമം പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

കൂടാതെ മലപ്പുറത്തെ കേന്ദ്രീകരിച്ചും മുസ്‌ലിങ്ങളെ ലക്ഷ്യമിട്ടും വെള്ളാപ്പള്ളി സംസാരിച്ചിരുന്നു. മുസ്‌ലിങ്ങള്‍ ജനസംഖ്യ വര്‍ധിപ്പിക്കുകയാണെന്നും അതുകൊണ്ട് താനെന്ന മലപ്പുറത്ത് നിയമസഭാ മണ്ഡലങ്ങള്‍ വര്‍ധിക്കുകയുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. പരിപാടിയില്‍ പങ്കെടുത്ത ഈഴവ സ്ത്രീകളോട് പ്രൊഡക്ഷന്‍ കുറയ്ക്കരുതേ എന്ന് പറഞ്ഞുകൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.

Content Highlight: Vellappally’s statement goes against the values upheld by Narayana Guru: M. Swaraj