വിശ്രമജീവിതം നയിക്കാതെ ചരിത്രം സൃഷ്ടിക്കുകയാണ് വെള്ളാപ്പള്ളി: പുകഴ്ത്തി വി.എന്‍. വാസവന്‍
Kerala News
വിശ്രമജീവിതം നയിക്കാതെ ചരിത്രം സൃഷ്ടിക്കുകയാണ് വെള്ളാപ്പള്ളി: പുകഴ്ത്തി വി.എന്‍. വാസവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th July 2025, 3:04 pm

കൊച്ചി: വിവാദങ്ങല്‍ക്കിടയിലും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വാനോളം പുകഴ്ത്തി മന്ത്രി വി.എന്‍.വാസവന്‍.

സാധാരണഗതിയില്‍ എല്ലാവരും 56 വയസാകുമ്പോള്‍ പെന്‍ഷന്‍ ആകുകയോ വിശ്രമജീവിതം നയിക്കുകയോ ആണ് ചെയ്യാറുളളതെന്നും എന്നാല്‍ ഈ പ്രായത്തിലും പൊതുരംഗത്തേക്ക് കടന്നുവന്ന് വിശ്രമജീവിതം നയിക്കാതെ ചരിത്രം സൃഷ്ടിക്കുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നതെന്ന് വി.എന്‍. വാസവന്‍ പറഞ്ഞു.

കേരളം മുഴുവന്‍ ഈ പ്രായത്തില്‍ ഓടിനടന്ന് സംഘടനയുടെ ചിട്ടയായ പ്രവര്‍ത്തനം കാഴ്ച്ച വെക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. കുത്തഴിഞ്ഞ പുസ്തകം പോലെ കിടന്ന എസ്. എന്‍.ഡി.പിയെ നന്നായി കൂട്ടിക്കെട്ടി അടുക്കും ചിട്ടയുമുള്ള ഒരു സംഘടനയാക്കി അദ്ദേഹം മാറ്റി.

എസ്.എന്‍.ഡി.പി യോഗത്തെ ശക്തിയായി വളര്‍ത്തിക്കൊണ്ടുവന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ചത് ആരാണെന്ന് ചോദിച്ചാല്‍ അത് വെള്ളാപ്പള്ളിയാണെന്നും വി.എന്‍. വാസവന്‍ പറഞ്ഞു. ആര്‍ക്കും ആ കാര്യത്തില്‍ ഒരു അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു സമുദായ സംഘടനക്കും മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഈ മൂന്ന് പതിറ്റാണ്ടുകാലത്ത് ചോദ്യം ചെയ്യാത്ത ഓരേയൊരു വ്യക്തിത്വം അദ്ദേഹത്തിന്റേതാണെന്നും വി.എന്‍.വാസവന്‍ അവകാശപ്പെട്ടു.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്ത ബോധത്തില്‍ ഊന്നിയതാണ്. പലപ്പോഴും രാഷ്ട്രീയ പ്രശ്‌നങ്ങളിലടക്കം അദ്ദേഹം നിര്‍ഭയമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുവെന്നും  വി.എന്‍.വാസവന്‍ കൂട്ടിച്ചേര്‍ത്തു.

എസ്.എന്‍.ഡി.പി കൊച്ചി യൂണിയന്‍ വെള്ളാപ്പള്ളിക്ക് ഒരുക്കിയ ആദരവിലാണ് വി.എന്‍. വാസവന്റെ പരാമര്‍ശം. മന്ത്രിക്ക് പുറമെ ചടങ്ങില്‍ സംസാരിച്ച കെ. ബാബു എം.എല്‍.എയും സമാനമായ അഭിപ്രായപ്രകടനങ്ങളാണ് വെള്ളാപ്പള്ളിയെക്കുറിച്ച് നടത്തിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട ആളാണ് വെള്ളാപ്പള്ളിയെന്നാണ് കെ. ബാബു പറഞ്ഞു. എസ്.എന്‍.ഡിപിക്ക് വിലയും നിലയും ഉണ്ടാക്കി കൊടുത്ത നേതാവാണ് വെള്ളാപ്പള്ളിയെന്നും കെ. ബാബു പുകഴ്ത്തി.

വെള്ളാപ്പള്ളിയുടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ പ്രശംസ. കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നും എല്‍.എഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍ അവരെയാണ് സഹായിക്കുന്നതെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.

Content highlight: Vellappally is creating history without leading a relaxed life: V.N. Vasavan praised