കൊല്ലം: ഭാരത് ധര്‍മ്മ ജനസേനാ പാര്‍ട്ടിയുടെ ചിഹ്നം കൂപ്പുകൈ തന്നെയെന്ന് വെള്ളാപ്പള്ളി നടേശന്‍. കൈപ്പത്തിയും കൂപ്പുകൈയും തമ്മില്‍ സാമ്യമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
അരുവാള്‍ ചുറ്റിക നക്ഷത്രവും അരിവാളും നെല്‍ക്കതിരും തമ്മില്‍ ഏറെ സാമ്യമുണ്ടെന്നും അതിനാല്‍ തങ്ങള്‍ക്ക് കൂപ്പുകൈ അനുവദിക്കുന്നതില്‍ എന്താണ് തെറ്റു എന്നും വെള്ളാപ്പള്ളി ചോദിക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ചട്ടപ്രകാരം നിലവില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് അനുവദിച്ച ചിഹ്നവുമായി സാമ്യമു്ള്ള ചിഹ്നങ്ങള്‍ അനുവദിക്കില്ല. അതനുസരിച്ച് കൈപ്പത്തി ചിഹ്നവുമായി സാമ്യമുള്ള കൂപ്പുകൈ ചിഹ്നം വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് അനുവദിക്കരുതെന്ന ആവശ്യവുമായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
അതിനിടെ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുടെ ചിഹ്നം സംബന്ധിച്ച് സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ അപേക്ഷപ്രകാരം പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടികളാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
പാര്‍ട്ടി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായശേഷം ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആകെ സീറ്റുകളില്‍ 5%ത്തിലെങ്കിലും ഈ പാര്‍ട്ടി മത്സരിച്ചെങ്കില്‍ മാത്രമേ പൊതുചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാവൂവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് കൂപ്പുകൈ ചിഹ്നം നല്‍കുന്നതിനെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ശക്തമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയോട് സാദൃശ്യമുള്ള ചിഹ്നമാണ് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസിന്റെ ചിഹ്നമാണ് കൈപ്പത്തി. അതിനോട് വളരെ സാദൃശ്യമുള്ള ചിഹ്നം അനുവദിക്കാന്‍ പാടില്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യം അറിയിക്കുമെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.
