പിണറായിയെ കുറ്റപ്പെടുത്തി സമയം കളയരുത്, ശബരിമല വിവാദഭൂമിയാക്കരുത്; അയ്യപ്പ സംഗമത്തെ പിന്തുണച്ച് വെള്ളാപ്പള്ളി
Kerala News
പിണറായിയെ കുറ്റപ്പെടുത്തി സമയം കളയരുത്, ശബരിമല വിവാദഭൂമിയാക്കരുത്; അയ്യപ്പ സംഗമത്തെ പിന്തുണച്ച് വെള്ളാപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th September 2025, 5:37 pm

ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആഗോള അയ്യപ്പ സംഗമത്തിലേക്ക് നേരിട്ടെത്തി ക്ഷണിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഈ മാസം 20ന് പമ്പയില്‍ നടക്കുന്ന പരിപാടിക്കാണ് പ്രശാന്ത് വെള്ളാപ്പള്ളിയെ ക്ഷണിച്ചത്. ആഗോള അയ്യപ്പ സംഗമത്തെ വെള്ളാപ്പള്ളി നടേശന്‍ പിന്തുണയ്ക്കുകയും ചെയ്തു.

അയ്യപ്പസംഗമം മഹാ സംഭവമായി മാറുമെന്നാണ് വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ശബരിമലയ്ക്ക് ലോക പ്രസക്തി ലഭിക്കുമെന്നും വലിയ വരുമാന സാധ്യതയാണിതെന്നും അദ്ദേഹം പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തെ പ്രായശ്ചിത്തമായി വ്യാഖ്യാനിക്കുന്നവര്‍ക്ക് അങ്ങനെ കാണാമെന്നും വിവാദ വിഷയങ്ങള്‍ മാറ്റിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനൊപ്പം തന്നെ ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ എസ്.എന്‍.ഡി.പിക്ക് വ്യക്തമായ നിലപാടാണുള്ളത്. അയ്യപ്പ സംഗമത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ല. കേവലം കക്ഷിരാഷ്ട്രീയം പറഞ്ഞും പിണറായിയെ കുറ്റപ്പെടുത്തിയും സമയം കളയരുതെന്ന് പറഞ്ഞ വെള്ളാപ്പള്ളി, ശബരിമലയെ വിവാദഭൂമി ആക്കി മാറ്റരുതെന്നും കൂട്ടിച്ചേര്‍ത്തു.

ആത്മീയ നേതാക്കളും അയ്യപ്പഭക്തരും ജനപ്രതിനിധികളുമടക്കം ആഗോള സംഗമത്തില്‍ 3,000 പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കിയിരുന്നു.

ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് 750 പേരും കേരളത്തില്‍നിന്ന് 800 പേരും പങ്കെടുക്കും. തമിഴ്നാട്ടില്‍ നിന്നും വിദേശത്ത് നിന്നും 500 പേര്‍ വീതവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 200 പേര്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ഇതിനോടകം തുടങ്ങിയിട്ടുണ്ട്.

പരിപാടിക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഔദ്യോഗികമായി ക്ഷണം ഉണ്ടാകില്ലെന്നും രാഷ്ട്രീയം പാടില്ല എന്നതാണ് തീരുമാനമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. രാഷ്ട്രീയ വിമുക്തമായാണ് സംഗമം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള അയ്യപ്പ ഭക്തി എന്തിനാണെന്ന് ജനങ്ങള്‍ക്ക് മനസിലാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ശബരിമലയിലെ സ്ത്രീപ്രവേശന വിധിയില്‍ സര്‍ക്കാരിന്റെ നിലപാടിനെ സതീശന്‍ വീണ്ടും ചോദ്യം ചെയ്തു. ആചാരലംഘനം നടത്തുന്നതിന് വേണ്ടി പോലീസിനെ ഉപയോഗിച്ച് ക്രൂരമായി പെരുമാറുകയും നാമജപയാത്ര ഉള്‍പ്പടെ നടത്തിയ ആളുകള്‍ക്കെതിരെ കേസെടുത്തോയെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷമായി ഒരുതരത്തിലുള്ള വികസനവും ശബരിമലയില്‍ ഉണ്ടായിട്ടില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

 

Content Highlight: Vellappalli Natesan supports Agola Ayyappa Sangamam