കേരളത്തില്‍ ലവ് ജിഹാദുണ്ട്, കുടുംബത്തോടെ മതപരിവര്‍ത്തനം നടത്തുന്നുണ്ട്: വെള്ളാപ്പള്ളി നടേശന്‍
Kerala News
കേരളത്തില്‍ ലവ് ജിഹാദുണ്ട്, കുടുംബത്തോടെ മതപരിവര്‍ത്തനം നടത്തുന്നുണ്ട്: വെള്ളാപ്പള്ളി നടേശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th May 2022, 5:36 pm

കോഴിക്കോട്: കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

തൃക്കാക്കരയില്‍ ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളേക്കാള്‍ വിളങ്ങിയും തിളങ്ങിയും നില്‍ക്കുന്നത് സഭയാണെന്നും എന്നാല്‍ വരും ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ താരങ്ങളാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

ലവ് ജിഹാദടക്കമുള്ള വിഷയങ്ങള്‍ തങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉയര്‍ത്തിക്കാട്ടുമെന്നും അത് വോട്ടാക്കി മനാറ്റാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കൈക്കൊള്ളുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍.എന്‍. രാധാകൃഷ്ണനുമായി നടത്തിയ സന്ദര്‍ശത്തിന് ശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. 24 ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘കേരളത്തില്‍ ലവ് ജിഹാദ് വസ്തുതാപരമായി ഉണ്ട്, എന്നാല്‍ അത് ഒറ്റപ്പെട്ട സംഭവമാണ്. മതപരിവര്‍ത്തനം കാര്യമായി തന്നെ നടക്കുന്നുണ്ട്, കുടുംബത്തോടെ മതപരിവര്‍ത്തനം നടത്തുന്നുണ്ട്,’ തുടങ്ങിയ പരാമര്‍ശങ്ങളായിരുന്നു വെള്ളാപ്പള്ളി നടത്തിയത്.

ബി.ജെ.പിയുടെ നിലപാടും പ്രസ്താവനയുമായി ഏറെ ചേര്‍ന്ന് നില്‍ക്കുന്ന നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി ഒരു രാഷ്ട്രീയ നിലപാടും സ്വീകരിക്കാന്‍ ഇനിയും തയ്യാറായിട്ടില്ല. തങ്ങളുടെ നിലപാട് എന്താണെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ ഏത് മുന്നണിയ്‌ക്കൊപ്പം നില്‍ക്കണമെന്ന് ഇനിയും തങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളില്‍ സ്വീകരിച്ചതുപോലുള്ള ശക്തമായ നിലപാടുകള്‍ ഇത്തവണയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം എന്‍.എസ്.എസ് തെരഞ്ഞെടുപ്പില്‍ സമദൂരനിലപാടായിരിക്കും കൈക്കൊള്ളുക എന്ന് വ്യക്തമാക്കിയിരുന്നു. അതുമുതല്‍ തന്നെ എസ്.എന്‍.ഡി.പി എന്ത് നിലപാടെടുക്കും ആരുടെ കൂടെ നില്‍ക്കും എന്ന കാര്യം മുഖ്യധാരാ വിഷയമായി തന്നെ ചകര്‍ച്ചയിലുണ്ടായിരുന്നു.

ബി.ഡി.ജെ.എസ് സഖ്യത്തിലുള്ളതുകൊണ്ടുതന്നെ എസ്.എന്‍.ഡി.പിയുടെ വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലെത്തും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

Content Highlight: Vellappalli Nadeshan says there is Love Jihad in Kerala