മുസ്‌ലിം പേരുള്ള സി.പി.ഐ.എം നേതാക്കളെ കാണുമ്പോൾ അദ്ദേഹത്തിന് കലികയറും: വെള്ളാപ്പള്ളിക്കെതിരെ കെ.കെ. രാഗേഷ്
Kerala
മുസ്‌ലിം പേരുള്ള സി.പി.ഐ.എം നേതാക്കളെ കാണുമ്പോൾ അദ്ദേഹത്തിന് കലികയറും: വെള്ളാപ്പള്ളിക്കെതിരെ കെ.കെ. രാഗേഷ്
കെ.എസ് ഷാബിന
Saturday, 22nd August 2026, 10:24 am

കണ്ണൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. എ.എൻ. ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമർശത്തിന് പിന്നിൽ കടുത്ത മുസ്‌ലിം വിരോധമാണെന്ന് രാഗേഷ് പറഞ്ഞു.

മുസ്‌ലിം പേരുള്ള സി.പി.ഐ.എം നേതാക്കളെ കാണുമ്പോൾ വെള്ളാപ്പള്ളിയുടെ എതിർപ്പ് ശക്തമാകുമെന്നും, മതേതരമായ പൊതുപ്രവർത്തന പാരമ്പര്യമുള്ള ഷംസീറിനെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടിയുടെ വിലയിരുത്തൽ ജനാധിപത്യപരമായാണ് നടത്തിയതെന്ന് രാഗേഷ് വ്യക്തമാക്കി. ഇക്കാര്യം പാർട്ടി അനുഭാവികളെയും അറിയിച്ചിട്ടുണ്ട്. സി.പി.എം നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാലത്തായി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവായ അധ്യാപകൻ പദ്‌മരാജന് ജാമ്യം ലഭിച്ചതിനെയും കെ.കെ. രാഗേഷ് വിമർശിച്ചു. യു.ഡി.എഫ് സർക്കാരിന്റെ ഒത്തുകളിയുടെ ഭാഗമായാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൊലീസ് കേസ് ശരിയായ രീതിയിൽ അന്വേഷിച്ചിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിക്ക് കോടതി കടുത്ത ശിക്ഷ നൽകിയിരുന്നുവെന്നും രാഗേഷ് പറഞ്ഞു.

യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി മാസങ്ങൾക്കുള്ളിലാണ് പ്രോസിക്യൂഷന്റെ ഒത്തുകളിയിലൂടെ പദ്‌മരാജന് ജാമ്യം ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ആർ.എസ്.എസ് നയം പിന്തുടരുന്ന സർക്കാർ ഇടപെടാതെ ഇത്രയും ഗൗരവമുള്ള കേസിൽ പ്രോസിക്യൂഷൻ ഇത്തരത്തിൽ ലാഘവത്തോടെ ഇടപെടില്ലെന്നും രാഗേഷ് പറഞ്ഞു.

പദ്‌മരാജന് ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തിന്റെ ഉത്തരവാദിത്തതിൽ നിന്ന് മുഖ്യമന്ത്രിക്കും സർക്കാരിനും ഒഴിഞ്ഞുമാറാനാകില്ലെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി.

കെ.കെ. രാഗേഷിൻറെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം.

വെള്ളാപ്പള്ളി നടേശന്റെ വർഗീയക്കലി പാർടി നേതാക്കളോട് വേണ്ട
വെള്ളാപ്പള്ളി നടേശന്റെ വിചിത്രമായ ‘തെരഞ്ഞെടുപ്പ് വിശകലനം’ കണ്ടു. ഒരു സമുദായം മുഴുവൻ താൻ പറയുന്നതിനനുസരിച്ചാണ് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എന്നാണ് ഇപ്പോഴും അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത്. അതിനാൽ തന്നെ ആരെയും എന്തും പറയുക എന്നത് അദ്ദേഹത്തിന്റെ വിചിത്രമായ ശീലമാണ്. അത് സമൂഹത്തിൽ വർഗീയചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിലുള്ള എന്തെങ്കിലുമാണെങ്കിൽ ആ നാവിന് മൂർച്ച കൂടും. മുസ്‌ലിംവിരോധം കൊണ്ട് അന്ധമാകുമ്പോൾ കൂടുതൽ വിഷമിറങ്ങും. പലപ്പോഴും ഇരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കുന്നതുകൊണ്ടാവാം, അധികമാരും അതിനോട് ഏറ്റുമുട്ടി മെനക്കെടാറില്ല എന്നതാണ് വാസ്തവം.

എന്നാൽ വന്ന് വന്ന് താനിരിക്കുന്ന സ്ഥാനമേതെന്ന ഓർമപോലും അദ്ദേഹത്തിന് ഇപ്പോൾ ഇല്ലാതായിട്ടുണ്ട്. മുസ്‌ലിം പേരുള്ള സി.പി.ഐ(എം) നേതാക്കളെ കാണുമ്പോൾ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ആ കലിയുണരും. അതാണ് ഇന്ന് സ.എ.എൻ. ഷംസീറിനെപ്പറ്റി മോശം പരാമർശം നടത്തിയതിന്റെ അടിസ്ഥാനം. വിദ്യാർത്ഥിപ്രസ്ഥാനത്തിലൂടെ സംഘടനാരംഗത്തേക്ക് വന്ന സഖാവാണ് ഷംസീർ.

രണ്ട് തവണ തലശ്ശേരിയിൽ നിന്ന് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ സ്പീക്കറുമായിരുന്നു. ഹിന്ദു-മുസ്‌ലിം വർഗീയവാദികളുടെ ആക്രമണങ്ങൾ ഒരേപോലെ നേരിട്ടുകൊണ്ട്തന്നെയാണ് സഖാവ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. ഇത്തരത്തിൽ ദീർഘകാലം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സഖാവിനെയാണ് വെള്ളാപ്പള്ളി നടേശനെപ്പോലൊരാൾ വായിൽ തോന്നിയത് വിളിച്ചുപറഞ്ഞിരിക്കുന്നത്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തൽ കീഴ്ഘടകം മുതൽ കേന്ദ്രകമ്മിറ്റിവരെ ജനാധിപത്യപരമായ രീതിയിൽ പാർട്ടിയിൽ ഞങ്ങൾ നടത്തിക്കഴിഞ്ഞതാണ്. ബഹുജനങ്ങൾക്കിടയിലെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പാർട്ടിക്കുണ്ട്. പാർട്ടി ബന്ധുക്കളെയും അനുഭാവികളെയും ഉൾപ്പെടെ കേട്ട് ചർച്ചചെയ്തതിന് ശേഷമാണ് ഞങ്ങൾ തീരുമാനങ്ങളിലേക്ക് പോകുന്നത്. ഈ പ്രക്രിയയിലേക്കാവട്ടെ ഞങ്ങളൊരു വർഗീയവാദിയുടെയും അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടില്ല. ഉപദേശനിർദ്ദേശങ്ങൾ സ്വീകരിക്കുകയുമില്ല.

കേന്ദ്രത്തിലെ ഫാസിസ്റ്റ് ഗവൺമെന്റിനും അവരുടെ നയങ്ങൾക്ക് കുടപിടിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ യു.ഡി.എഫ് സർക്കാറിനുമെതിരെ നിരന്തരം ബഹുജനങ്ങളോട് സംവദിക്കുന്നവരാണ് ഞങ്ങൾ. ഈ ഘട്ടത്തിൽ പാർട്ടി നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുകയും വൃത്തികെട്ട പ്രചാരവേല സംഘടിപ്പിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാടുകൾക്കെതിരെ ശക്തമായ ജനവികാരം ഉയരണം. ദീർഘമായ, മതേതര പൊതുപ്രവർത്തന പാരമ്പര്യമുള്ള ഷംസീറിനെതിരെ വെള്ളാപ്പള്ളി ഇപ്പോഴെടുത്ത നിലപാട് നീചമാണ്. അതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.

Content Highlight: Vellappalli gets angry when he sees CPI(M) leaders with Muslim names, says K.K. Ragesh

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.