തെയ്യമായാലും മനുഷ്യനായാലും പുലയന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനാണ്
Discourse
തെയ്യമായാലും മനുഷ്യനായാലും പുലയന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th August 2012, 4:29 pm

പുലയ സമുദായത്തില്‍പ്പെട്ടവരാണ്‌ മാരിതെയ്യങ്ങള്‍ കെട്ടുന്നത്. അതുകൊണ്ടായിരിക്കാം, തീണ്ടാപ്പാടകലെ നിറുത്തിയത്.

കാലിഡോസ്‌കോപ്പ് / പ്രകാശ് മഹാദേവഗ്രാമം

Prakash Mahadevagramam, Photographerകര്‍ക്കിടം 16. തോരാതെ മഴ പെയ്യേണ്ട ദിവസം. അന്തരീക്ഷത്തില്‍ മൂടല്‍ പോലുമില്ല. 11 മണിയോടെ ഞങ്ങള്‍ (ഞാനും ബിജു മുത്തത്തിയും രാകേഷ് പുത്തൂരും) മാടായി കാവിലേക്ക് യാത്രതിരിച്ചു. കര്‍ക്കിടകം 16നാണ് മാടായി കാവില്‍ മാരിതെയ്യങ്ങള്‍ ഉറഞ്ഞാടുന്നത്. മാടായി കാവില്‍ നിന്നും കുറച്ച് ദൂരെയാണ് മാരിതെയ്യങ്ങള്‍ ഉറഞ്ഞാടുന്ന സ്ഥലം. പുലയ സമുദായത്തില്‍പ്പെട്ടവരാണ്‌ മാരിതെയ്യങ്ങള്‍ കെട്ടുന്നത്. അതുകൊണ്ടായിരിക്കാം, തീണ്ടാപ്പാടകലെ നിറുത്തിയത്.[]

ഫോക് ലോര്‍ അക്കാദമി മാരിതെയ്യം കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങായതുകൊണ്ട് തെയ്യങ്ങള്‍ കെട്ടി വരുന്നതേ ഉള്ളൂ. വെയിലത്ത് നിന്നാണ് തെയ്യം കെട്ട്. നാട്ടില്‍ ബാധിച്ച ശനിയും കര്‍ക്കിടക ദീനങ്ങളും മാരിപ്പനികളും മാറ്റുന്നതിനായി നാട് ചുറ്റി ശനി ഒഴിപ്പിക്കുന്ന ചടങ്ങ് നടത്തേണ്ട മാരിതെയ്യങ്ങള്‍ക്ക് ഉറഞ്ഞാടാന്‍ ഓലപ്പന്തല്‍ പോലുമില്ല. തെയ്യമായാലും മനുഷ്യനായാലും പുലയന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനാണ്.

മാരിതെയ്യം, മാമാരി തെയ്യും, മാരികലച്ചി, മാമാച്ചി കലച്ചി, മാരിഗുളികന്‍ തുടങ്ങിയവയാണ് മാരിതെയ്യങ്ങള്‍. തെയ്യങ്ങള്‍ ഏറെ നേരം ഞങ്ങളുടെ ക്യാമറക്ക് മുമ്പില്‍ ഉറഞ്ഞാടി. തുടര്‍ന്ന്, കടലില്‍ ശനി ഒഴുക്കാന്‍ മാരിതെയ്യങ്ങള്‍ ദേശ സഞ്ചാരത്തിനിറങ്ങി. ഞങ്ങള്‍ ഉച്ചവെയില്‍ മുറിച്ച് മാടായിപ്പാറയിലേക്ക് നടന്നു. നിറയെ കാക്കപ്പൂക്കള്‍ വിരഞ്ഞുനില്‍ക്കുന്ന പച്ചയും നീലയും കലര്‍ന്ന മാടായിപ്പാറ നിറഭേദങ്ങള്‍ കൊണ്ട് സമ്പന്നമാണ്.

ഫോട്ടോ: രാകേഷ് പുത്തൂര്‍

 

സഞ്ചാരികള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ചുറ്റിലും. നിസ്സഹായതയോടെ പ്രശസ്ത ശില്പി സുരേന്ദ്രന്‍ കൂക്കാനത്തിന്റെ കാവല്‍ ദേവതയുടെ ശില്പം. വെയില്‍ വാടാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ മാടായിപ്പാറ വിട്ടു. ചെമ്പല്ലിക്കുണ്ടിലെ കള്ള് ഷാപ്പിന് മുമ്പില്‍ വണ്ടി നിറുത്തി. രണ്ട് സ്ത്രീകള്‍ നിലത്തിരുന്ന് കള്ള് കുടിക്കുന്നു. കള്ളിനും ചാക്കണക്കും ഓര്‍ഡര്‍ ചെയ്തു. കുരുമുളകിട്ട കോഴിക്കറിയും, ഏട്ടക്കറിയും മുതിര അവിലും കള്ളും വിളമ്പി. ഇരുട്ട് വീഴാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ മടക്കയാത്ര തുടങ്ങി. കള്ളുഷാപ്പും ചെമ്പലിക്കുണ്ട് പുഴയും പക്ഷിസങ്കേതവും പിന്നിട്ടു. പിന്നെയും പിന്നെയും തിരികെ വിളിക്കുന്ന വല്ലാത്തൊരു മാന്ത്രികതയുണ്ട് ഈ പ്രദേശത്തിന്. നാവില്‍ നിന്നും ചാക്കണയുടെ എരിവ് മാഞ്ഞിട്ടില്ല. രുചിയും.

Phone: +91 9895 238 108

പ്രകാശ് മഹാദേവഗ്രാമത്തിന്റെ മറ്റു കാലിഡോസ്‌കോപ്പികള്‍:

അമ്മ

ലോണ്‍ലിനെസ്സ്

ബേര്‍ണിങ് ലൈഫ്

എ ലൈഫ് ലൈക്ക് എ റിവര്‍

വറുതികാലത്തെ തെയ്യങ്ങള്‍

ഒറ്റസ്‌നാപ്പിലൊതുങ്ങുന്നതല്ല ഈ ജീവിതം