മദ്രസ വിദ്യാര്‍ത്ഥികള്‍ കറുപ്പിന് പകരം വെളുത്ത മുഖമക്കന ധരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍
Kerala News
മദ്രസ വിദ്യാര്‍ത്ഥികള്‍ കറുപ്പിന് പകരം വെളുത്ത മുഖമക്കന ധരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍
ന്യൂസ് ഡെസ്‌ക്
Monday, 16th November 2020, 8:12 am

തിരുവനന്തപുരം: മദ്രസ വിദ്യാര്‍ത്ഥികള്‍ കറുപ്പിന് പകരം വെളുത്ത മുഖമക്കന ധരിക്കണമെന്ന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍. വെളിച്ചക്കുറവുള്ള സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കറുത്ത മക്കനയും പര്‍ദ്ദയും ധരിച്ച് റോഡിലൂടെ നടക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ക്ക് ഇവരെ കാണാന്‍ കഴിയുന്നില്ലെന്നും ഇത് അപകടങ്ങളുണ്ടാക്കുന്നുവെന്നും കമ്മീഷന്‍ പറഞ്ഞു.

വാഹനമോടിക്കുന്നവര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്ന വെളുത്ത നിറത്തിലുള്ള മക്കന ധരിക്കണമെന്ന് പട്ടാമ്പി ജോയിന്റ് റീജിയണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസര്‍ മദ്രസ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് ശരിവെച്ചാണ് ബാലാവകാശ കമ്മീഷനും ഉത്തരവിറക്കിയത്.

‘നിലവില്‍ കമ്മീഷന് ലഭിച്ച പരാതിയുടെ മേല്‍ പുറത്തിറക്കിയ ഉത്തരവാണിത്. കമ്മീഷന്‍ സ്വമേധയാ കേസടുത്ത് ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം. സംസ്ഥാനത്തെ മദ്രസകള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഉത്തരവ് പുറത്തിറക്കിയിട്ടെയുള്ളു. ഈ വിഷയം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയുകയുള്ളു’, ബാലാവകാശ കമ്മീഷന്‍ ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.

പുലര്‍ച്ചെയും ഇരുട്ട് വീഴുന്ന സമയങ്ങളിലും മദ്രസയില്‍ പോകുന്ന വിദ്യാര്‍ത്ഥികളും മറ്റ് ആവശ്യങ്ങളുമായി പുറത്ത് പോകുന്നവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടികളുടെ സുരക്ഷയ്ക്ക് ഇത് ആവശ്യമാണെന്ന് കാട്ടി റോഡ് സുരക്ഷ അതോറിറ്റി കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മക്കന വെളുത്തത് ധരിക്കുന്നത് സംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് മുഖാന്തരവും മറ്റ് സുരക്ഷ ക്ലാസ്സുകളിലൂടെയും പ്രചാരണം നടത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കറുത്ത മുഖമക്കനയും പര്‍ദ്ദയും ധരിച്ച് കുട്ടികള്‍ പോകുന്നത് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടെന്ന് വരില്ല. ഇത് അപകടം വരുത്തിവെയ്ക്കും. കറുത്തവസ്ത്രത്തിന് പകരം വെളുത്ത വസ്ത്രം ധരിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന് കാണാന്‍ കഴിയുമെന്നും കുട്ടികളെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുമെന്നും കമ്മീഷന്‍ പറഞ്ഞു.

എല്ലാ മദ്രസകളിലും മറ്റ് സ്ഥാപനങ്ങളിലും നിര്‍ദേശം കൃത്യമായി പാലിക്കണമെന്നാവശ്യപ്പെട്ട് കേരള വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും കമ്മിഷന്‍ അംഗങ്ങളായ കെ.നസീര്‍, സി. വിജയകുമാര്‍ എന്നിവര്‍ നിര്‍ദ്ദേശം നല്‍കി.

അടുത്ത അധ്യയന വര്‍ഷം മുതലാണ് ഈ മാറ്റങ്ങളോടെ പുതിയ യൂണിഫോം നിലവില്‍ വരിക. കുട്ടികള്‍ ഈ നിയമം പാലിക്കുന്നുണ്ടെന്ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Child Rights Commission Advice On Madrassa Students