യു.ഡി.എഫിന്റെ പൂജ്യങ്ങളില്‍ നിന്നും മോശം ആരോഗ്യ സൂചകങ്ങളില്‍ നിന്നും ആരോഗ്യ മേഖല പുരോഗതി കൈവരിച്ച വര്‍ഷങ്ങള്‍; കണക്കുകള്‍ പുറത്തുവിട്ട് വീണ ജോര്‍ജ്
Kerala News
യു.ഡി.എഫിന്റെ പൂജ്യങ്ങളില്‍ നിന്നും മോശം ആരോഗ്യ സൂചകങ്ങളില്‍ നിന്നും ആരോഗ്യ മേഖല പുരോഗതി കൈവരിച്ച വര്‍ഷങ്ങള്‍; കണക്കുകള്‍ പുറത്തുവിട്ട് വീണ ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st July 2025, 9:16 am

കോഴിക്കോട്: കേരളത്തിലെ ആരോഗ്യമേഖലയിലെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൈവരിച്ച പുരോഗതിയുടെ കണക്ക് പുറത്തുവിട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു വര്‍ഷത്തിലുണ്ടായ മാതൃ-ശിശു മരണ നിരക്കുകളും, കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും ഡയാലിസിസ് കേന്ദ്രങ്ങളുടേയും കണക്കുകളും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തിലുണ്ടായ മാറ്റങ്ങളും താരതമ്യം ചെയ്താണ് മന്ത്രി കണക്കുകകള്‍ പങ്കുവെച്ചത്.

യു.ഡി.എഫിന്റെ പൂജ്യങ്ങളില്‍ നിന്നും മോശം ആരോഗ്യ സൂചകങ്ങളില്‍ നിന്നും കേരളത്തിന്റെ ആരോഗ്യ മേഖലയെ എല്‍.ഡി.എഫ് സര്‍ക്കാര്‍ എങ്ങനെ മികച്ചതാക്കിയെന്ന് മനസിലാക്കാന്‍ ഒരു കമ്മീഷന്‍ വച്ച് പഠിക്കുന്നത് നല്ലതാണെന്ന്‌ മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ രംഗം തകര്‍ന്നു എന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ആസൂത്രിതമായ ശ്രമം നടത്തുന്നുണ്ടെന്നും ഈ വസ്തുതകളില്‍ നിന്ന് യാഥാര്‍ത്ഥ്യം മനസിലാക്കാമെന്നും പറഞ്ഞാണ് മന്ത്രി കണക്ക് പങ്കുവെച്ചത്.

യു.ഡി.എഫ് ഭരിച്ചിരുന്ന 2015-16 വര്‍ഷത്തില്‍ 43 ആയിരുന്നു സംസ്ഥാനത്ത് മാതൃമരണ നിരക്ക് (ഒരു ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ മരിക്കുന്ന അമ്മമാരുടെ എണ്ണമാണ് മാതൃമരണ നിരക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്) എന്നാല്‍ എല്‍.ഡി.എഫ് ഭരിക്കുന്ന 2024-25 വര്‍ഷത്തില്‍ അത് 19 ആയി കുറയ്‌ക്കാന്‍ സാധിച്ചു.

ശിശു മരണനിരക്ക് (ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളില്‍ ഒരു വയസ്സിനുള്ളില്‍ മരിക്കുന്നവരുടെ എണ്ണം) 2015-16ല്‍ 12 ആയിരുന്നു. എന്നാല്‍ 2024-25ല്‍ അത് ആറായി കുറയ്‌ക്കാന്‍ സാധിച്ചു. നവജാതശിശു മരണനിരക്ക് (1000 കുഞ്ഞുങ്ങള്‍ ജനിക്കുമ്പോഴുള്ള കണക്കെടുക്കുമ്പോള്‍ മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം) 2015-16 വര്‍ഷത്തില്‍ ആറ് ആയിരുന്നു. 2024-25 കാലയളവില്‍ ആയിരത്തില്‍ നാല് നവജാത ശിശുക്കളാണ് മരണപ്പെട്ടത്.

സൗജന്യ ചികിത്സാ പദ്ധതിയുടെ കണക്കുകള്‍ പ്രകാരം യു.ഡി.എഫ് -ഒരു വര്‍ഷം 30,000 കുടുംബങ്ങള്‍ക്കാണ് നല്‍കിയത്. എല്‍.ഡി.എഫ് സര്‍ക്കാരാകട്ടെ ഒരു വര്‍ഷം അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്കാണ് സൗജന്യ ചികിത്സ പദ്ധതി ലഭ്യമാക്കിയത്.

ഒരു വര്‍ഷം സൗജന്യ ചികിത്സയ്ക്കായി വിവിധ സര്‍ക്കാരുകള്‍ ചെലവഴിച്ച തുക

എല്‍.ഡി.എഫ്
2024-25 1498.5 കോടി
2021-22ല്‍ 1424.46 കോടി
2022-23ല്‍ 1478.38 കോടി

യു.ഡി.എഫ്
2011-12ല്‍ 139 കോടി
2012-13ല്‍ 181 കോടി
2013-14ല്‍ 108.49 കോടി
2014-15ല്‍ 121 കോടി
2015-16ല്‍ 114 കോടി

സൗജന്യ ചികിത്സാ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങളാകട്ടെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 42.5 ലക്ഷമാണ്. യു.ഡി.എഫിന്റേത് 28.01 ലക്ഷമാണ്. ചികിത്സാ ചെലവില്‍ യു.ഡി.എഫ് കാലത്ത് നിന്ന് 60 ശതമാനം കുറവുണ്ടായി എന്ന് എന്‍.എസ്.എസ്.ഒ (National Sample Survey report)യുടെ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കുടുംബത്തിന്റെ ചികിത്സാ ചെലവ് 2016ലെ എന്‍.എസ്.എസ്.ഒ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഗ്രാമീണ മേഖലയില്‍ 17,054രൂപയാണ്. നഗര മേഖലയില്‍ 23,123 രൂപയാണ്.

എന്നാല്‍ 2024ല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഗ്രാമീണ മേഖല- 10,929 രൂപയാണ്. നഗര മേഖലയില്‍ 13,140 രൂപയും.  കരള്‍ മാറ്റിവയ്ക്കല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ 2015-16ല്‍ പൂജ്യം ആണെന്നാണ് കണക്കുകളില് പറയുന്നത്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍
2022ല്‍ ആരംഭിച്ച് 10 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തി.

ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ്
യു.ഡി.എഫ് – 0
എല്‍.ഡി.എഫ് – 12

ഡയാലിസിസ്
ആരോഗ്യ വകുപ്പിന് (ഡി.എച്ച്.എസ്) കീഴിലുള്ള ആശുപത്രികളുടെ എണ്ണം
യു.ഡി.എഫ് – 8
എല്‍.ഡി.എഫ് – 107
(2025 ഡിസംബര്‍ ആകുമ്പോള്‍ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യാഥാര്‍ഥ്യമാകും)

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍
യു.ഡി.എഫ് – 0
എല്‍.ഡി.ഫ്- 885

ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍
2015-16: 0
2024-25: 5416

നഗര ജനകീയ ആരോഗ്യ കേന്ദ്രം
2015: 160
2024-25: 380

ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയ സ്ഥാപനങ്ങളുടെ എണ്ണം
2015-16:  0
2024-25:  762

സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം
2015-16:  8.3 കോടി
2024-25:  13.5 കോടി

Content Highlight: Veena George reveals  progress report of health sector in Kerala in the last few years