'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' പ്രയോഗം സി.പി.ഐ.എമ്മിനെയും എല്‍.ഡി.എഫിനെയും ഉദ്ദേശിച്ചുള്ളത്: കെ. മുരളീധരന്‍
Kerala
'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' പ്രയോഗം സി.പി.ഐ.എമ്മിനെയും എല്‍.ഡി.എഫിനെയും ഉദ്ദേശിച്ചുള്ളത്: കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th November 2025, 10:54 am

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ പിന്തുണച്ചുള്ള വീക്ഷണം പത്രത്തിന്റെ എഡിറ്റോറിയല്‍ സി.പി.ഐ.എമ്മിനെ ഉദ്ദേശിച്ചുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.

വീക്ഷണത്തിന് കോണ്‍ഗ്രസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും എന്നാല്‍ പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായി എഴുതിയാല്‍ തിരുത്തുമെന്നും കെ. മുരളീധരന്‍. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന തലക്കെട്ടോടെയാണ് വീക്ഷണത്തിന്റെ ലേഖനം. എന്നാല്‍ ഇത് സി.പി.ഐ.എമ്മിനെയും എല്‍.ഡി.എഫിനെയും ഉദ്ദേശിച്ചുള്ളതെന്നാണ് കെ. മുരളീധരന്‍ പറയുന്നത്.

ചാര്‍ജ് ഷീറ്റ് കൊടുത്തിട്ടുപോലും മുകേഷിനെ പോലെയുള്ള ഒരു എം.എല്‍.എ രാജിവെക്കാതിരുന്നതിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ മാത്രം ധാര്‍മികത പറയുന്നതിന്റെയും തെറ്റുകളാണ് ലേഖനം ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയും പാര്‍ട്ടി പത്രവും ന്യായീകരിക്കില്ലെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തിലിനെ തങ്ങള്‍ പുറത്താക്കിയതാണ്. ആ ചാപ്റ്റര്‍ അന്നുതന്നെ അവസാനിപ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങളെ ഇപ്പോഴും ഉപദേശിക്കാന്‍ വരുന്നവരുടെ ജനപ്രതിനിധികളാണ് ഇനി മാതൃക കാണിക്കേണ്ടതെന്നും മുരളീധരന്‍ പ്രതികരിച്ചു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നാണ് വീക്ഷണത്തിന്റെ ന്യായീകരണം. രാഹുലിന്റെ തലമുറയില്‍പ്പെട്ട ഒരു പറ്റം ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വളര്‍ന്നുവരുന്നത് ഭീതി പടര്‍ത്തിയിരിക്കുകയാണെന്നും വീക്ഷണം എഴുതിയിട്ടുണ്ട്.

എതിരാളികള്‍ക്കെതിരെയുള്ള വ്യാജമായ ലൈംഗിക ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സി.പി.ഐ.എമ്മില്‍ പടര്‍ന്നുപിടിക്കുന്ന അതിസാരവും ഛര്‍ദിയുമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.

1996ലെ സൂര്യനെല്ലി പീഡനക്കേസ് കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യംവെച്ചുളള സി.പി.ഐ.എം ഗൂഢാലോചനയായിരുന്നു.

2006ലെയും 2011ലെയും ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ മുസ്‌ലിം ലീഗിന്റെ ഉന്നത നേതാവിനെ അപവാദത്തിന്റെ ചുഴിയിലേക്ക് തളളിവിട്ട് പൊതുസമൂഹത്തില്‍ തിരസ്‌കൃതനാക്കാന്‍ സി.പി.ഐ.എം ശ്രമിച്ചെന്നും വീക്ഷണം ആരോപിക്കുന്നുണ്ട്.

Content Highlight: The phrase ‘Let those who have not committed any sin throw stones’ is aimed at the CPIM: K. Muraleedharan