പാട്ടെഴുതുന്നതില്‍ കോംപ്രമൈസ് ഇല്ല; സംഘപരിവാറിന് മടുക്കുമ്പോള്‍ അവര്‍ നിര്‍ത്തും: വേടന്‍
Kerala News
പാട്ടെഴുതുന്നതില്‍ കോംപ്രമൈസ് ഇല്ല; സംഘപരിവാറിന് മടുക്കുമ്പോള്‍ അവര്‍ നിര്‍ത്തും: വേടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th May 2025, 2:29 pm

കൊച്ചി: തനിക്കെതിരെ എന്‍.ഐ.എക്ക് ബി.ജെ.പി കൗണ്‍സിലര്‍ നല്‍കിയ പരാതിയില്‍ പ്രതികരണവുമായി റാപ്പര്‍ വേടന്‍. പരാതിക്ക് കാരണമായ പാട്ട് പാടുന്നതിന് മുമ്പ്‌ തന്നെ പ്രശ്‌നമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എന്നാല്‍ പരാതി നല്‍കിയത് വൈകിയാണെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നമ്മുടെ രാജ്യം അഭിപ്രായ സ്വാതന്ത്രമുള്ള രാജ്യമാണെന്നും അതിനാല്‍ ആരെ വേണമെങ്കിലും വിമര്‍ശിക്കാനുള്ള സ്വാതന്ത്രമുണ്ടെന്നും ആ ഒരു വിശ്വസത്തിലാണ് അത് ചെയ്തതെന്നും വേടന്‍ പറഞ്ഞു. വേടനെതിരായ സംഘപരിവാര്‍ ആക്രമണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കുറച്ച് കാലത്തേക്ക് മാത്രമെ അത് ഉണ്ടാവുകയുള്ളുവെന്നും അത് കഴിഞ്ഞാല്‍ അവര്‍ പോയിക്കോളുമെന്നും വേടന്‍ മറുപടി നല്‍കി. ഇതൊക്കെയൊരു പ്രശ്‌നമായിട്ട് എടുത്താല്‍ ജീവിക്കാന്‍ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തൊക്കെ സംഭവിച്ചാലും പാട്ടെഴുന്നതില്‍ കോപ്രമൈസ് ചെയ്യാന്‍ സാധിക്കില്ലെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളി പിന്തുണച്ചല്ലോ എന്ന ചോദ്യത്തിന് പഞ്ചായത്ത് ഇലക്ഷന്‍ എല്ലാം വരികയാണല്ലോ അതിന് കൃത്യമായി ഉത്തരം പറയാന്‍ തനിക്ക് അറിയില്ലെന്നും വേടന്‍ പറഞ്ഞു.

തന്നോട് പേഴ്‌സണലി വലിയ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് പറഞ്ഞ് വിളിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെന്നും വേടന്‍ ചൂണ്ടിക്കാണിച്ചു. ജനങ്ങള്‍ക്ക് നമ്മളോടുള്ള ഇഷ്ടം വലിയ ഉത്തരവാദിത്തമാണെന്നും അത് കാത്ത് സൂക്ഷിക്കേണ്ടതുണ്ടെന്നും വേടന്‍ പറയുകയുണ്ടായി.

പാലക്കാട് ബി.ജെ.പി നഗരസഭ കൗണ്‍സിലറായ മിനി കൃഷ്ണകുമാറാണ് പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചെന്ന് കാണിച്ച് വേടനെതിരെ എന്‍.ഐ.എയ്ക്ക് പരാതി നല്‍കിയത്. പ്രധാനമന്ത്രിയെ കപടദേശീയവാദിയെന്ന് വിശേഷിപ്പിച്ചെന്നും ഇത് തിരുത്തണമെന്നാവശ്യപ്പെട്ടുമാണ് ബി.ജെ.പി കൗണ്‍സിലര്‍ പരാതി നല്‍കിയത്. ഊരാളി ബാന്‍ഡിന്റെ ഒരു പ്രോഗ്രാമിനിടെ വേടന്‍ പാടിയ പാട്ടിനെതിരെയായിരുന്നു പരാതി.

എന്നാല്‍  വേടനെതിരായ ഹിന്ദു ഐക്യവേദിയുടെ നിലപാടിനെ ബി.ഡി.ജെ.എസ് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തള്ളിയിരുന്നു. ഹിന്ദു ഐക്യവേദിയുടെ നിലപാട് ശുദ്ധ വിവരക്കേട് അല്ലാതെ മറ്റൊന്നുമല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

വേടന്‍ നല്ല പാട്ടുകാരന്‍ ആണെന്നും ആവശ്യമില്ലാതെ അദ്ദേഹത്തെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുന്നത് അംഗീകരിക്കാനാവില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Content Highlight: Vedan’s response on BJP Counselors NIA complaint