വേടന്റെ മാത്രമല്ല, ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കണം; കാലിക്കറ്റ് സര്‍വകലാശാലക്ക് ശുപാര്‍ശ
Kerala
വേടന്റെ മാത്രമല്ല, ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കണം; കാലിക്കറ്റ് സര്‍വകലാശാലക്ക് ശുപാര്‍ശ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th July 2025, 12:20 pm

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ബി.എ മലയാളം സിലബസില്‍ നിന്ന് വേടന്റേയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ. ഇരുവരുടെയും പാട്ടുകള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ശുപാര്‍ശ ഉണ്ടായത്. മുന്‍ മലയാളം വിഭാഗം മേധാവി എം.എം. ബഷീറിന്റേതാണ് ശുപാര്‍ശ.

പരാതികളില്‍ പഠനം നടത്തി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. ബി.എ മലയാളം മൂന്നാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായുള്ള നടപടികളും ആരംഭിച്ചിരുന്നു.

വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന ഗാനം ഉള്‍പ്പെടുത്താനായിരുന്നു തീരുമാനം. മൈക്കിള്‍ ജാക്സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ എന്ന പാട്ടും വേടന്റെ പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് സെമസ്റ്ററില്‍ ഉള്‍പ്പെടുത്തിയത്.

അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള താരതമ്യ പഠനമായിരുന്നു തീരുമാനത്തിന് പിന്നിലെ ലക്ഷ്യം. എന്നാല്‍ സര്‍വകലാശാലയിലെ ബി.ജെ.പി അനുകൂല സിന്‍ഡിക്കേറ്റ് അംഗം ഉള്‍പ്പെടെ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. സിന്‍ഡിക്കേറ്റ് അംഗമായ എ.കെ. അനുരാജാണ് വി.സിക്ക് പരാതി നല്‍കിയത്.

കലയിലും പഠനത്തിലുമൊക്കെ മഹത്തായ പാത സൃഷ്ടിച്ചിട്ടുള്ള ഭാരതീയസംസ്‌കാരത്തെ അറിഞ്ഞോ അറിയാതെയോ വെല്ലുവിളിക്കുന്ന ശൈലി ഹിരണ്‍ദാസെന്ന വേടന്റെ പാട്ടുകളിലും നിലപാടുകളിലും പ്രകടമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എ.കെ. അനുരാജിന്റെ പരാതി.

ഇതിന്റെ പശ്ചാത്തലത്തില്‍ പരാതികള്‍ പഠിക്കാന്‍ വൈസ് ചാന്‍സലര്‍ സി. രവീന്ദ്രന്‍ എം.എം. ബഷീറിനെ നിയോഗിക്കുകയായിരുന്നു.

എന്നാല്‍ വേടന് പുറമെ ഗൗരി ലക്ഷ്മിയുടെ ‘അജിത ഹരേ മാധവ’ എന്ന പാട്ടും സിലബസില്‍ നിന്ന് ഒഴിവാക്കണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ രണ്ട് പാട്ടുകളും വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റാപ്പിനെ ഒരു ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിന്റെ സാഹിത്യത്തില്‍ ആശയപരമായ ആഴമില്ലെന്നുമാണ് എം.എം. ബഷീറിന്റെ കണ്ടെത്തല്‍.

ഏതാനും രാഷ്ട്രീയ വിഷയങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന ഒന്നാണ് റാപ്പെന്നും അതുകൊണ്ട് തന്നെ ഭാഷാസാഹിത്യപരമായ ഒന്നും തന്നെ റാപ്പിലില്ലെന്നും എം.എം. ബഷീര്‍ പറയുന്നു.

അതേസമയം ഗൗരി ലക്ഷ്മിയുടെ പാട്ട് കഥകളി സംഗീതത്തിൽ താരതമ്യ പഠനം നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ബി.എ മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ബേസിക് വശങ്ങള്‍ പോലും അറിയണമെന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വേടന്റേയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകള്‍ പഠിക്കണമെന്ന തീരുമാനം വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കരുതെന്നും എം.എം. ബഷീര്‍ പറഞ്ഞു.

Content Highlight: Not only Vedan’s song, but also Gauri Lekshmi’s should be removed; Recommendation to Calicut University