2020 ജൂണില്‍ ‘വോയ്‌സ് ഓഫ് ദി വോയ്‌സ്ലെസ്’ എന്ന പേരില്‍ തന്റെ ആദ്യ മ്യൂസിക് വീഡിയോയിലൂടെ ശ്രദ്ധിക്കപ്പെട്ട റാപ്പറും ഗാനരചയിതാവുമാണ് വേടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹിരാന്‍ദാസ് മുരളി. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയില്‍ സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ ‘കുതന്ത്രം’ എന്ന പാട്ടിന് വരികളെഴുതി അദ്ദേഹം കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചു. ശക്തമായ രാഷ്ട്രീയത്തിലൂടെയും പ്രേക്ഷകശ്രദ്ധ നേടാന്‍ വേടന് കഴിഞ്ഞിട്ടുണ്ട്.
തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് വേടന്‍. വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ‘ പ്രൊഡക്ഷന്‍ നമ്പര്‍ 5’ എന്ന താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് വേടന്‍ കോളിവുഡിലേക്ക് ചുവടുവെക്കുന്നത്. രാജ് തരുണാണ് ചിത്രത്തില്‍ നായകന്‍. തമിഴ്-തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം റഫ് നോട്ട് പ്രൊഡക്ഷനാണ് നിര്‍മിക്കുന്നത്.
ഭരത്, സുനില്‍, കിഷോര്‍ ഡി.എസ്, വിജേത, പ്രസന്ന ബാലചന്ദ്രന്‍, ഇമ്മാന്‍ അണ്ണാച്ചി, ആരി അര്‍ജുനന്‍, അമ്മു അഭിരാമി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. റാപ്പര്‍ പാല്‍ ഡബ്ബയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗോലി സോഡാ സിനിമയുമായി ബന്ധപ്പെട്ടതാണ് ‘ പ്രൊഡക്ഷന്‍ നമ്പര്‍ 5’ എന്ന ഈ പുതിയ പ്രൊജക്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗോലി സോഡാ 2 എന്ന പേരില്‍ ചിത്രത്തിന് രണ്ടാം ഭാഗവും ഉണ്ടായിരുന്നു. ഇവ കൂടാതെ ഗോലി സോഡാ: റേസിങ് എന്ന പേരില്‍ ജിയോഹോട്ട്സ്റ്റാറില്‍ സീരീസും ഉണ്ട്.