Savarkar | ജോഡോ യാത്രയില്‍ 'വീര്‍ സവര്‍ക്കര്‍' വരുന്നത് വെറും അബദ്ധം മാത്രമാണോ? | D Kerala
ഡൂള്‍ന്യൂസ് ഡെസ്‌ക്

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ള പടപ്പുറപ്പാടെന്ന് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്ന ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ബാനറില്‍ സംഘപരിവാര്‍ ആചാര്യന്‍ വി.ഡി. സവര്‍ക്കര്‍ എന്ന സ്വയം പ്രഖ്യാപിത വീര്‍ സവര്‍ക്കറുടെ ചിത്രം കൂടി കോണ്‍ഗ്രസുകാര്‍ ആലേഖനം ചെയ്തതാണ് പുതിയ വാര്‍ത്ത.

എന്നാല്‍ സംഭവം സമൂഹ മാധ്യമങ്ങളിലാകെ വിവാദമായതോടെ രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര സ്ഥലത്തെത്തുന്നതിന് മുമ്പ് സവര്‍ക്കറുടെ ചിത്രം ബാനറില്‍ ഒട്ടിക്കാത്ത മഹാത്മാ ഗാന്ധിയുടെ ചിത്രം വെച്ച് മൂടി കോണ്‍ഗ്രസുകാര്‍ തലയൂരി.

നെടുമ്പാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. അനവര്‍ സാദത്ത് എംഎല്‍എയുടെ വീടിന് സമീപം കോട്ടായി ജംങ്ഷനിലാണ് സംഭവം. രവീന്ദ്രനാഥ് ടാഗോര്‍, അബ്ദുള്‍കലാം ആസാദ്, ജി.ബി പന്ത് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഇടം പിടിച്ചത്.

ചെങ്ങമനാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ബാനര്‍ സ്ഥാപിച്ചതെന്നാണ് വിവരം. എന്നാല്‍ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ ഐ.എന്‍.ടി.യു.സി പ്രാദേശിക നേതാവാണ് ചിത്രം മറച്ചത്.
അബദ്ധം മനസിലായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി സവര്‍ക്കറെ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് മറച്ചെങ്കിലും, സംഭവം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

പ്രചാരണ ബോര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത പാര്‍ട്ടി അനുഭാവിക്ക് സംഭവിച്ച പിഴവാണിതെന്നും അബദ്ധം ശ്രദ്ധയില്‍പെട്ടപ്പോള്‍ ഉടന്‍ തിരുത്തിയെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചത്.
പക്ഷേ സംഭവം ദേശീയ തലത്തിലടക്കം വിവാദമായതോടെ ഐ.എന്‍.ടി.യു.സി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ കോണ്‍ഗ്രസ് നേതൃത്വം സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

വൈകിയാണെങ്കിലും രാഹുല്‍ ഗാന്ധിക്ക് തിരിച്ചറിവുണ്ടായെന്നാണ് സവര്‍ക്കറുടെ ചിത്രമടങ്ങിയ പ്രചാരണ ബോഡിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ പ്രതികരിച്ചത്.

സവര്‍ക്കര്‍ക്ക് പകരം ഗോള്‍വാള്‍ക്കറിന്റെ ഫോട്ടോ വച്ചില്ലല്ലോ.. ആ മനസ് കാണാതെ പോകരുതെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സംഭവത്തെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കില്‍ സവര്‍ക്കറുടെ ചിത്രം മറയ്ക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

‘സങ്കി ഏതാ സേവാഗ് ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ എന്ന കോറസും പാടി വരുന്ന ലീഗുകാരേ ഇത് സത്യമാണെന്ന് പറഞ്ഞ് മനസ്സിലാക്കുന്നതാണു ഇനി ടാസ്‌ക്’ എന്നാണ് പി.വി. അന്‍വര്‍ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചത്.

സംഭവത്തിനെതിരെ സമൂഹ മാധ്യമങ്ങളിലാകെ ചൂടുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്.

ഗോള്‍വാള്‍ക്കറിന്റെ ചിത്രത്തിന് മുന്നില്‍ തിരി കൊളുത്തുന്ന പ്രതിപക്ഷ നേതാവുള്ള ലൂഡോ യാത്രയുടെ ബാനറില്‍ സവര്‍ക്കര്‍ ഇടം പിടിച്ചതില്‍ എന്ത് സംശയം, അതെന്താ ഇത്ര വിമര്‍ശിക്കാന്‍

സവര്‍ക്കറിന്റെ പേരില്‍ സ്റ്റാമ്പ് വരെ ഇറക്കിയ ആളുകളെപ്പറ്റി ആണ് ഫ്ളെക്സ്വെച്ച കാര്യം പറയുന്നത്,എന്തായാലും ഈ യാത്ര കഴിയുമ്പോ കുട്ടത്തോടെ പോണ്ടതല്ലേ… അപ്പോ അഡ്വാന്‍സ്ഡ് ആയിട്ടു ഇട്ടതാ.

ഹിന്ദുത്വയെ ഗാന്ധിസം കൊണ്ട് മറച്ചിട്ടുണ്ട്, നാളെ വെക്കാന്‍ ഉള്ള ബോര്‍ഡ് ഇന്ന് തന്നെ വെച്ചു എന്നേ ഉള്ളു, തുടങ്ങിയ കമന്റുകളാണ് സമൂഹ മാധ്യമങ്ങളില്‍ സംഭവത്തെ പരിഹസിച്ചുകൊണ്ട് വരുന്നത്.

ആരാണ് സവര്‍ക്കര്‍?
വി.ഡി. സവര്‍ക്കറെങ്ങനെ വീര്‍ സവര്‍ക്കറായി?

രാഷ്ട്രപിതാവ് മഹാത്മജിയെ വധിച്ച കേസിലെ ആറാം പ്രതിയായിരുന്നു വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന സംഘപരിവാര്‍ ആചാര്യന്‍. 1883ല്‍ മഹാരാഷ്ട്രയിലെ ചിത്പാവന്‍ ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച് 1966ല്‍ എണ്‍പത്തി മൂന്നാമത്തെ വയസ്സില്‍ മരിക്കുന്നതുവരെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ വീരേതിഹാസവുമായി ബന്ധപ്പെട്ട് ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത പേരായിരുന്നു സവര്‍ക്കറിന്റേത്.

ബ്രീട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് ജയില്‍ മോചിതനായതിന് ശേഷം ചിത്രഗുപ്ത എന്ന തൂലികാ നാമത്തില്‍ സ്വയം എഴുതിയ ‘ദി ലൈഫ് ഓഫ് വീര്‍ സവര്‍ക്കര്‍’ എന്ന പുസ്തകത്തിലൂടെയാണ് ഇദ്ദേഹം വീര്‍ സവര്‍ക്കറാവുന്നത്.

1990കള്‍ക്ക് ശേഷം ഇന്ത്യയില്‍ വാജ്‌പേയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെയാണ് സവര്‍ക്കറിനെ സ്വാതന്ത്ര്യ സമരനായകനായി ‘ചരിത്രത്തില്‍ പുനരധിവസിപ്പിക്കാനുള്ള’ സംഘപരിവാര്‍ നീക്കം ആസൂത്രിതമായി ആരംഭിക്കുന്നത്. വി.ഡി. സവര്‍ക്കറെ വീര്‍ സവര്‍ക്കറാക്കാനുള്ള ഈ ശ്രമങ്ങളുടെ ഭാഗമായാണ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്നതും, സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ തിരുകിക്കയറ്റുന്നതുമെല്ലാം.

ഇനി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലേക്ക് സംഘപരിവാര്‍ നുഴഞ്ഞുകയറുന്നതിനെ തടയാനാണ് കോണ്‍ഗ്രസുകാര്‍ സവര്‍ക്കറെ ഏറ്റെടുക്കുന്നതെങ്കില്‍ അവരോട് ഒന്നേ പറയാനൊള്ളൂ.. റ്റാറ്റാ ബൈ.. ബൈ..

Content Highlight: VD Savrkar’s Photo in Bharat Jodo Yatra Banner