കേരളത്തിൽ ഒരു തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവർക്ക് സി.പി.ഐ.എം തീപ്പന്തം എറിഞ്ഞുകൊടുക്കുന്നു: വി.ഡി സതീശൻ
Kerala
കേരളത്തിൽ ഒരു തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവർക്ക് സി.പി.ഐ.എം തീപ്പന്തം എറിഞ്ഞുകൊടുക്കുന്നു: വി.ഡി സതീശൻ
മുഹമ്മദ് നബീല്‍
Monday, 19th January 2026, 2:25 pm

എറണാംകുളം: കേരളത്തിൽ ഒരു തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവർക്ക് സി.പി.ഐ.എം തീപ്പന്തം എറിഞ്ഞുകൊടുക്കുന്നുവെന്നും ഇത് അവരുടെ അന്ത്യത്തിന്റെ ആരംഭമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

എ.കെ ബാലന്റെയും സജി ചെറിയാന്റെയും പ്രസ്താവനകൾ വർഗീയ വിദ്വേഷം ഉണ്ടാക്കുന്നതാണെന്നും ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

സി.പി.ഐ.മ്മിന്റെ പ്രസ്താവനകൾ സാമൂഹികമായി ഭിന്നിപ്പുണ്ടാക്കി നേട്ടമുണ്ടാക്കുന്ന ബി.ജെ.പിയുടെതിന് സമാനമായ രീതിയാണെന്നും പ്രതികരിച്ച സതീശൻ ഇത് കേരളത്തിന്റെ മൂല്യങ്ങൾ കുഴിച്ചുമൂടപ്പെടും എന്നും പറഞ്ഞു.

സുകുമാരൻ നായരുടെ ‘വി.ഡി സതീശൻ എൻ.എസ്.എസ് ആസ്ഥാനത്തിന്റെ തിണ്ണ നിരങ്ങി’ എന്ന പ്രതികരണത്തോടു താൻ അവിടെ പോയിരുന്നു എന്നും അതിനെ ഇവ്വിധമാണ് കാണുന്നതെങ്കിൽ ഇനി പോകാതിരിക്കും എന്നും പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.

എല്ലാ സാമുദായിക നേതാക്കളെയും കാണാറുണ്ടെന്നും അതിലെന്താണ് തെറ്റെന്നും ചോദിച്ച സതീശൻ ഏതെങ്കിലും സാമൂഹിക നേതാവ് വർഗീയത പറഞ്ഞാൽ എതിർക്കുമെന്നും കൂട്ടിച്ചേർത്തു.

യു.ഡി.എഫ് – ജമാഅത്ത് സഖ്യത്തിനെതിരായ പ്രചാരണങ്ങളെ എങ്ങനെ നേരിടുമെന്ന ചോദ്യത്തിന് നിലമ്പുർ തെരഞ്ഞെടുപ്പിൽ അതിനെ നേരിട്ടാലോ എന്നായിരുന്നു സതീശന്റെ മറുപടി. 42 വർഷം ജമാഅത്ത് സി.പി.ഐ.എമ്മിന്റെ കൂടെയായിരുന്നു. അന്ന് ജമാഅത്ത് ആണ് ആഭ്യന്തരം ഭരിച്ചിരുന്നതെങ്കിൽ ഞങ്ങൾക്ക് ഭരണം കിട്ടിയാൽ അത് തിരുത്തിക്കോളാമെന്നും അദ്ദേഹം പറഞ്ഞു.

സുകുമാരൻ നായർ തന്നെ രമേശ് ചെന്നിത്തലയോട് താരതമ്യം ചെയ്തതിൽ എനിക്ക് പരാതിയില്ല.

രമേശ് ചെന്നിത്തല തന്റെ നേതാവാണെന്നും തന്നോട് താരതമ്യം ചെയ്ത് അവരെ പുകഴ്ത്തിപ്പറഞ്ഞതിൽ എനിക്ക് സന്തോഷമേ ഉള്ളു എന്നും സതീശൻ പറഞ്ഞു.

ഒരു സമുദായത്തോടും എതിർപ്പില്ലെന്ന് പറഞ്ഞ സതീശനോട് അദ്ദേഹത്തിന്റെ പഴയ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ സമുദായ നേതാക്കളെയല്ല മറിച്ച് കോൺഗ്രസ് നേതാക്കൾ സമുദായ നേതൃത്വം ഇരിക്കാൻ പറയുമ്പോൾ കിടക്കരുതെന്നാണ് പറഞ്ഞതെന്നും താൻ അവരുടെ മുന്നിൽ കിടക്കില്ലന്നും അതുകൊണ്ട് കോൺഗ്രസിന് ഒരു നഷ്ടവും വരാനില്ലെന്നും സതീശൻ വിശദീകരിച്ചു.

 

Content Highlight: VD satheeshan against saji cheriyaan

 

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം