തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലൂടെയും ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വിദ്വേഷ ക്യാമ്പയിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ദി കേരള സ്റ്റോറിക്ക് മതവിദ്വേഷം മാത്രം ലക്ഷ്യമിട്ടാണ് ദേശീയ പുരസ്‌കാരം നല്‍കിയതെന്നും വി.ഡി. സതീശന്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
കേരള സ്റ്റോറിക്ക് പുരസ്‌കാരം നല്‍കിയ തീരുമാനത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ക്രൈസ്തവ വേട്ടയ്ക്ക് നേതൃത്വം നല്‍കുന്ന സംഘപരിവാറും ബി.ജെ.പി ഭരണകൂടവും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തെയും രാഷ്ട്രീയവത്ക്കരിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
വിഭജനത്തിന്റെ രാഷ്ട്രീയം നടപ്പാക്കുന്ന ബി.ജെ.പിയും സംഘപരിവാറും കേരളത്തെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇത് വിലപ്പോകില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സംഘപരിവാര്‍ രാജ്യം ഭരിക്കുമ്പോള്‍ ദേശീയ പുരസ്‌കാരങ്ങളിലും വിദ്വേഷ ക്യാമ്പയിന്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മറ്റു പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് വിപുല്‍ അമൃത് ലാൽ ഷാ നിര്‍മിച്ച ചിത്രമാണ് ദി കേരള സ്റ്റോറി. 2023 മെയ് അഞ്ചിനാണ് സിനിമ പുറത്തിറങ്ങിയത്. ഹിന്ദു യുവതികളെ മതംമാറ്റാന്‍ കാത്തുനില്‍ക്കുന്ന പൊതുയിടങ്ങളില്‍ പര്‍ദ്ദ ധരിക്കാതെ നടന്നാല്‍ ആക്രമിക്കുമെന്ന് പറയുന്ന കേരളത്തെയാണ് സിനിമയില്‍ കാണിക്കുന്നത്.
പിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പുറത്തിറക്കിയതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകള്‍ കേരള സ്റ്റോറിക്കെതിരെ രംഗത്തെത്തിയിരുന്നു.
കേരള സ്റ്റോറി സംപ്രേക്ഷണം ചെയ്യാനുള്ള ദൂരദര്‍ശന്റെ നീക്കത്തിനെതിരെയും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉള്‍പ്പെടെയാണ് ദൂരദര്‍ശന്റെ നടപടിക്കെതിരെ രംഗത്തെത്തിയത്.
എന്നാല്‍ ഇന്ത്യയിലെ എല്ലാവരും കേരള സ്റ്റോറി കാണണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബി.ജെ.പി നേതാക്കൾ ഇലക്ഷന്‍ പ്രചരണവേദികളില്‍ രംഗത്തെത്തിയിരുന്നു.
Content Highlight: Only religious hatred; BJP’s aim through National Awards is a hate campaign: Opposition leader