നേമം പറവൂരിൽ സതീശന്റെ ലക്ഷ്യം കോൺഗ്രസ്-ബി.ജെ.പി ഡീൽ: വി. ശിവൻകുട്ടി
Kerala
നേമം പറവൂരിൽ സതീശന്റെ ലക്ഷ്യം കോൺഗ്രസ്-ബി.ജെ.പി ഡീൽ: വി. ശിവൻകുട്ടി
ശ്രീലക്ഷ്മി എ.വി.
Friday, 30th January 2026, 3:10 pm

തിരുവനന്തപുരം: നേമം പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ലക്ഷ്യം കോൺഗ്രസ്- ബി.ജെ.പി ഡീലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന വി.ഡി. സതീശന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ലെന്നും അത് ബി.ജെ.പിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണെന്നും വി.ശിവൻകുട്ടി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേമത്ത് ബി.ജെ.പിയെ സഹായിക്കുകയും പറവൂരിൽ ബി.ജെ.പി വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുകയുമാണ് ഈ ഡീലിന്റെ അന്തസത്തയെന്നും മന്ത്രി പറഞ്ഞു.

ചർച്ച വഴിതിരിച്ചുവിടുന്നു എന്നാരോപിച്ച് സതീശൻ നടത്തുന്ന വിലാപങ്ങൾക്ക് പിന്നിൽ ഒത്തുകളികൾ പുറത്തുവരുമ്പോൾ ഉണ്ടായ പരിഭ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിലെ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സതീശൻ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും മന്ത്രി ചോദിക്കുന്നു.

സംഘപരിവാർ അജണ്ടകൾ കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഒരു യഥാർത്ഥ വിഷയമായി പ്രതിപക്ഷ നേതാവിന് തോന്നാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

‘ഈ മണ്ണിൽ വർഗീയത വിതയ്ക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയമായി നേരിടേണ്ട വിഷയം തന്നെയല്ലേ? ഒരേ സമയം ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും താലോലിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് വി.ഡി. സതീശൻ കൈക്കൊള്ളുന്നത്. വർഗീയ ശക്തികളുമായി ചങ്ങാത്തം കൂടി വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള ഈ നീക്കം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും,’ വി.ശിവൻകുട്ടി പറഞ്ഞു.

മന്ത്രിയുടെ ഓഫീസ് സ്റ്റാഫുകളെയും എ.കെ.ജി സെന്ററിനെയും പഴിചാരി രക്ഷപെടാനുള്ള ശ്രമം സതീശന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉന്നയിച്ച രാഷ്ട്രീയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതിന് പകരം, വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് ചർച്ചയെ താഴ്ത്തിക്കൊണ്ടുപോകാനാണ് പ്രതിപക്ഷ നേതാവ് എപ്പോഴും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘യഥാർത്ഥത്തിൽ വി. ഡി സതീശനെ നിയന്ത്രിക്കുന്നത് പി.ആർ ഏജൻസികളാണ്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ കനഗോലു ഈ നാടിന്റെ നന്മ ആഗ്രഹിക്കുന്ന ജനങ്ങൾ തന്നെയാണ്. പബ്ലിസിറ്റി തരല്ലേയെന്ന് കേഴുന്ന സതീശൻ യഥാർത്ഥത്തിൽ ഭയപ്പെടുന്നത് ജനങ്ങൾക്ക് മുന്നിൽ തന്റെ രാഷ്ട്രീയ ഇരട്ടത്താപ്പ് തുറന്നു കാട്ടപ്പെടുമെന്നതാണ്. തോട്ടിയിട്ട് പിടിക്കാൻ നോക്കുന്നു എന്നൊക്കെയുള്ള പ്രയോഗങ്ങൾ പരിഹാസ്യമാണ്. രാഷ്ട്രീയ നിലപാടുകളെ രാഷ്ട്രീയമായി നേരിടാൻ കെൽപ്പില്ലാത്തവരാണ് ഇത്തരം വിലകുറഞ്ഞ പ്രയോഗങ്ങളുമായി വരുന്നത്,’ ശിവൻകുട്ടി പറഞ്ഞു.

ബി.ജെ.പിയുമായുള്ള വഴിവിട്ട ബന്ധം മറച്ചുവെക്കാൻ നടത്തുന്ന ഈ നാടകങ്ങൾ കേരളത്തിന്റെ മണ്ണിൽ വിലപ്പോകില്ല. വികസനവും മതേതരത്വവും ചർച്ചയാകുമ്പോൾ കോൺഗ്രസിന്റെ ബി.ജെ.പി പ്രീണനം ജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Satheesan’s goal is Nemom-Paravur Congress-BJP deal: V. Sivankutty

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.