തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതൃത്വത്തിന് തുറന്ന കത്തുമായി ഗവേഷകരും അധ്യാപകരും വിദ്യാര്‍ത്ഥികളും സാംസ്‌കാരിക പ്രവര്‍ത്തകരും അടങ്ങുന്ന സിവില്‍ സൊസൈറ്റി ഫോര്‍ ഇക്വിറ്റി ജസ്റ്റിസ് ആന്‍ഡ് പീസ് കൂട്ടായ്മ.
പ്രതിപക്ഷ നേതാവായി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ച വി.ഡി സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നും അദ്ദേഹത്തിനാണ് നയിക്കാനുള്ള യോഗ്യതയെന്നും കത്തില്‍ പറയുന്നു.
പുതുതലമുറയെ കേരളത്തില്‍ എന്നും സ്വാധീനിച്ചിരുന്നത് പരമ്പരാഗതമായി ഇടതുപക്ഷമായിരുന്നു. ഇത്തവണ ആ സ്ഥിതി മാറ്റിയത് പ്രതിപക്ഷനേതാവ് അവരുമായി സ്ഥാപിച്ച ബൗദ്ധികവും വൈകാരികവുമായ ബന്ധമായിരുന്നുവെന്നും കത്തില്‍ പറയുന്നു.
‘കഴിഞ്ഞ പത്തുവര്‍ഷം തികച്ചും ജനാധിപത്യവിരുദ്ധമായി പൗരാവകാശങ്ങളെയും വിയോജിപ്പുകളെയും അടിച്ചമര്‍ത്തി, ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ഭരണഘടനാകവചങ്ങളെ നേര്‍പ്പിച്ച്, ജനജീവിതത്തെ ദുഃസ്വപ്നമാക്കിയ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പൊതുതെരഞ്ഞെടുപ്പിലൂടെ കേരളജനത പുറത്തെറിഞ്ഞിരിക്കുകയാണ്.
ദുര്‍ബലമായ പ്രതിപക്ഷശബ്ദങ്ങളെ ഏകോപിപ്പിച്ച് ബലപ്പെടുത്തി വിശാലമായ സാമൂഹികാടിത്തറ കെട്ടിപ്പടുക്കുകയും അതിനെ ഒരു തരംഗമാകും വിധം രൂപപ്പെടുത്തുകയും ചെയ്തത് പ്രതിപക്ഷനേതാവാണ്,’ കത്തില്‍ പറയുന്നു.
തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പുതുയുഗയാത്ര എന്ന പേരില്‍ യു.ഡി.എഫ് നടത്തിയ പ്രചാരണം ജനങ്ങള്‍ക്ക് പുതിയ ഭരണം ആര് നയിക്കും എന്ന് നല്‍കിയ വാഗ്ദാനമായിരുന്നു. മറിച്ചുള്ള ഏത് തീരുമാനവും, ഇക്കഴിഞ്ഞ പത്തുവര്‍ഷത്തെ ദുര്‍ഭരണത്തിനെതിരെ പോരാടിയ മുന്നണിപ്രവര്‍ത്തകരോടും വോട്ടര്‍മാരോടും ചെയ്യുന്ന അനീതിയാരിക്കുമെന്നും ലീഗിനുള്ള തുറന്ന കത്തില്‍ പറയുന്നു.
വളരെ പ്രകടമായ ജനാഭിലാഷത്തെ കണ്ടില്ലെന്ന് നടിച്ച് കൃത്രിമമായുണ്ടാക്കിയ ഈ അനിശ്ചിതത്വം ഇക്കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ ദുര്‍ഭരണം ഭേദമായിരുന്നുവെന്ന് ജനങ്ങളെക്കൊണ്ട് പറയിക്കുമെന്നും പാര്‍ലമെന്റംഗങ്ങള്‍ മത്സരിക്കേണ്ടതില്ല എന്ന കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനപ്രകാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന കെ.സി. വേണുഗോപാല്‍ ഇപ്പോള്‍ പിന്‍വാതിലിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുന്നത് തികഞ്ഞ അനൈതികതയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ വേണുഗോപാല്‍ തന്നെ താന്‍ മത്സരിക്കുന്നില്ല എന്ന് ആവര്‍ത്തിച്ചതാണെന്നും കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടില്‍ നിയമസഭക്കകത്തും പുറത്തുമുള്ള ജനകീയ ഇടപെടലുകളിലൂടെ, ഭരണയന്ത്രത്തിന്റെ നടപടിക്രമങ്ങളെക്കുറിച്ചുള്ള സൂക്ഷ്മധാരണകള്‍ വളര്‍ത്തിയ വി.ഡി. സതീശനാണ് സര്‍ക്കാരിനെ നയിക്കാനുള്ള അര്‍ഹതയെന്നും കൂട്ടായ്മ പറയുന്നു.
മുഖ്യമന്ത്രി ചര്‍ച്ച വൈകുന്നത് തല്‍പരകക്ഷികളായ മാധ്യമങ്ങളും അഭിപ്രായനിര്‍മാതാക്കളും ലീഗിനെതിരായുള്ള ആയുധമായി കൂടി ഉപയോഗിക്കുന്നുണ്ടെന്നും. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കണം എന്ന സംഘപരിവാറിന്റെയും അനുകൂല മാധ്യമങ്ങളുടെയും കാമ്പയിനുകളെ പ്രതിരോധിക്കേണ്ടതുണ്ടെന്നും കത്തില്‍ ഓര്‍മിപ്പിച്ചു.
‘ഒരു കാരണവശാലും അത്തരത്തിലുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ക്ക് ലീഗ് നേതൃത്വം വഴങ്ങരുത്. അര്‍ഹതപ്പെട്ട ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രി സ്ഥാനങ്ങളും ചോദിച്ച് വാങ്ങുവാന്‍ ലീഗ് ആര്‍ജവം കാണിക്കണം. പൊതുജനവികാരത്തിന് എതിരായി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോവുന്നതിനെതിരെ അവസാനം വരെ പാര്‍ട്ടി ശബ്ദമുയര്‍ത്തണം. ലീഗിന് അവകാശപ്പെട്ടത് നല്‍കാതിരിക്കുകയാണെങ്കില്‍ ലീഗ് മന്ത്രി സഭയില്‍ ചേരാതെ പുറത്ത് നിന്ന് പിന്തുണക്കുകയായിരിക്കും ഉചിതം,’ കത്തില്‍ പറയുന്നു.
Content Highlight: VD Satheesan deserves to lead the government, the league should demand and get what it deserves; CSF EJP issues an open letter
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.