തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാനുള്ള അധികാരം വൈസ് ചാന്‍സലര്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അതിനാല്‍ രജിസട്രാറുടെ സസ്‌പെന്‍ഷന്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചാന്‍സലറായ ഗവര്‍ണര്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ച രീതിയില്‍ പെരുമാറണമെന്നും മുഖ്യമന്ത്രി ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടലേറ്റത്തില്‍ തകര്‍ന്ന തിരുവനന്തപുരം പള്ളിത്തുറയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ആദ്യം ഒപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ ഒരു ആര്‍.എസ്.എസ് നേതാവിനെ കൊണ്ടുവന്ന് മുന്‍ പ്രധാനമന്ത്രിമാരെ അധിക്ഷേപിച്ചെന്നും ഇക്കാര്യത്തിലുള്ള പ്രതിഷേധം രാജ്ഭവനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയും സര്‍ക്കാരും മിണ്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
പിന്നീടാണ് മന്ത്രി പ്രസാദുമായും മന്ത്രി ശിവന്‍കുട്ടിയുമായും ബന്ധപ്പെട്ട വിഷയങ്ങളുണ്ടായത്. ഇതിന് പിന്നാലെയായിരുന്നു സെനറ്റ് ഹാളിലെ വിവാദ പരിപാടി. ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്ന ഗവര്‍ണര്‍ അദ്ദേഹത്തിന്റെ സ്ഥാനം രാഷ്ട്രീയ- മത പ്രചരണങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുത്. ഗവര്‍ണറെ ശക്തമായ പ്രതിഷേധം അറിയിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഇപ്പോഴും ഈ വിഷയത്തില്‍ കാര്യമായി ഇടപെടുന്നില്ലെന്നും സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരെന്നത് വെറും വാചകമടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് ആദ്യ ദിവസം മുതല്‍ക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. മിണ്ടാതിരിക്കുന്നത് മുഖ്യമന്ത്രിയാണ്.
വീട് വാഗ്ദാനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് കബളിപ്പിച്ചെന്ന ആരോപണത്തില്‍ സര്‍ക്കാരാണ് അതിന്റെ കാരണക്കാരെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വയനാട്ടില്‍ സര്‍ക്കാര്‍ വാങ്ങി നല്‍കുന്ന സ്ഥലത്ത് വീട് നിര്‍മ്മിച്ച് നല്‍കാമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ സ്ഥലം നല്‍കാന്‍ ഇതുവരെ തയാറാകാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയും യൂത്ത് കോണ്‍ഗ്രസും പ്രഖ്യാപിച്ച വീടുകള്‍ കോണ്‍ഗ്രസ് തന്നെ സ്ഥലം കണ്ടെത്തി നിര്‍മിച്ച് നല്‍കുമെന്നും വി.ഡി. സതീശന്‍ അവകാശപ്പെട്ടു.
സത്യം തുറന്ന് പറഞ്ഞതിനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ഹാരിസിനെതിരെ നടപടി എടുത്തത്. മന്ത്രിമാര്‍ ക്യൂ നിന്ന് ഡോക്ടറെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
‘ഒരു വശത്ത് സത്യസന്ധനാണെന്ന് പറയുമ്പോഴാണ് മറുഭാഗത്ത് ഭീഷണിപ്പെടുത്തുന്നത്. ഡോ. ഹാരിസ് യൂറോളജി വിഭാഗത്തിലെ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. ബാക്കിയുള്ള വകുപ്പുകളിലും മറ്റു മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഇതുതന്നെയാണ് സ്ഥിതി. എല്ലായിടത്തും മരുന്ന് ക്ഷാമമാണ്.
സര്‍ജറിക്കുള്ള നൂലും കത്രികയും രോഗി വാങ്ങണം. ഇത്രയും ഗതികേട് ഏതെങ്കിലും കാലത്ത് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ടായിട്ടുണ്ടോ? നിലവില്‍ 1100 കോടിയോളം രൂപയാണ് സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നല്‍കാനുള്ളത്. പണമില്ലാത്തതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. സത്യം തുറന്ന് പറഞ്ഞതിന് ഡോക്ടര്‍ക്കെതിരെ നടപടി എടുത്താല്‍ അതിശക്തമായ പ്രതിഷേധമുണ്ടാകും,’ വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സി.പി.എമ്മും സി.പി.ഐയും തമ്മില്‍ എല്ലാ കാര്യങ്ങളിലും അഭിപ്രയവ്യത്യാസമുണ്ടെന്നും ഇതൊന്നും മാധ്യമങ്ങള്‍ കാണാതെ പോകുന്നത് കോണ്‍ഗ്രസിനും യു.ഡി.എഫിനും പിന്നാലെ നടക്കുന്നതു കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എല്ലാ കാര്യങ്ങളിലും എല്‍.ഡി.എഫില്‍ അഭിപ്രായവ്യത്യാസമാണ്.
ആര്‍.എസ്.എസ് വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായമാണ് പറഞ്ഞത്. ഡോക്ടറുടെ വിഷയത്തില്‍ മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞതിന് പിന്നാലെ മന്ത്രിമാര്‍ ക്യൂ നിന്ന് ഡോക്ടറെ വിരട്ടുകയാണ്. ഒരു കാര്യത്തിലും എല്‍.ഡി.എഫില്‍ ഏകാഭിപ്രായമില്ല. എല്‍.ഡി.എഫില്‍ നടക്കുന്നത് മാധ്യമങ്ങള്‍ ഇനിയെങ്കിലും നോക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Content Highlight: VC does not have the power to suspend Kerala University Registrar says VD Satheesan