അഞ്ചംഗ സെര്‍ച്ച് കമ്മിറ്റിയാണ് സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരെ കണ്ടെത്തേണ്ടത്. ഇതില്‍ ഒരംഗം യു.ജി.സി നോമിനിയാണ്.
നിയമിക്കേണ്ട മറ്റ് നാല് അംഗങ്ങളുടെ പേരുവിവരം കൈമാറാനാണ് ചാന്‍സലറോടും സര്‍ക്കാരിനോടും സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഈ പേരുകള്‍ കൈമാറാനാണ് നിര്‍ദേശം.
സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം തങ്ങള്‍ക്കാണെന്ന് കോടതിയെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ചാന്‍സലര്‍ സ്വന്തമായി സെര്‍ച്ച് കമ്മിറ്റിയെ നിയമിച്ചെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
എന്നാല്‍ ചാന്‍സലര്‍ യു.ജി.സി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് നടപടി എടുത്തതെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ വാദം.
സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിനോട് ഗവര്‍ണര്‍ യോജിക്കുന്നുണ്ടോയെന്ന് വാദത്തിനിടയില്‍ കോടതി ചോദിച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ചാന്‍സലര്‍ക്കാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിന് അധികാരമെന്ന് അറ്റോര്‍ണി ജനറല്‍ മറുപടി നല്‍കി.
യു.ജി.സി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. താത്കാലിക വി.സിമാരെ നിയമിക്കുമ്പോള്‍ സര്‍ക്കാറിന്റെ പട്ടികയില്‍ നിന്ന് വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദമുന്നയിച്ചിരുന്നു.
താത്കാലിക വി.സി നിയമനം സര്‍ക്കാര്‍ പട്ടികയില്‍ നിന്നാകണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ചാന്‍സലര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.