മറുമൊഴി/വി.ബി ചെറിയാന്‍
ഗ്രൂപ്പ് തര്‍ക്കവും അതിന്റെ ഫലമായി ഒളിക്യാമറാപ്രയോഗവും മറ്റും ഉള്ളതുകൊണ്ടാണ് സിപിഐ(എം)ന് മാധ്യമശ്രദ്ധ കയ്യടക്കാന്‍ കഴിയുന്നതെന്നും അത്തരത്തില്‍ മാധ്യമശ്രദ്ധ നേടാന്‍ കഴിയാത്തത് ഒരു കുറവായി തങ്ങള്‍ കാണുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ പറയുന്നു. ജനപിന്തുണയുള്ള പാര്‍ട്ടിയാണ് സിപിഐ(എം) എന്നതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നാണ്) നേതൃത്വം അതിനുനല്‍കുന്ന മറുപടി. എന്താണ് ഇവര്‍തമ്മില്‍ യഥാര്‍ത്ഥത്തിലുള്ള തര്‍ക്കവിഷയം?[]
സിപിഐ(എം) കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടി ആണെന്നതും ആ പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ മാധ്യമശ്രദ്ധ നേടുന്നതില്‍ പ്രധാനകാരണമാണെന്നതില്‍ തര്‍ക്കമുണ്ടാവേണ്ടകാര്യമില്ല. സിപിഐയ്ക്കകത്ത് തര്‍ക്കങ്ങളും പരസ്പര പാരവെയ്പ്പും ഇല്ലെന്ന് അവകാശപ്പെടാനാവില്ലെന്നതും അവരെപ്പറ്റി അടുത്തറിയാവുന്നവര്‍ക്കെല്ലാം ബോധ്യമുണ്ടാവും. പക്ഷെ പരസ്പരം കുശുമ്പും കുന്നായ്മയും പറയുന്നതിലപ്പുറം സിപിഐയും സിപിഐ(എം)ഉം തമ്മില്‍ നടക്കുന്ന പരസ്പര പോര്‍വിളിയില്‍ ഗൗരവമുള്ള രാഷ്ട്രീയതര്‍ക്കങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്നുള്ളത് അതിനെ പരിഹാസ്യമാക്കുന്നുണ്ട്.
മുമ്പ് സിപിഐ(എം)ഉം സിപിഐയും തമ്മില്‍ ഗൗരവമേറിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ നടന്നിരുന്നു. ഇ.എം.എസും കൂട്ടരും ഒരുഭാഗത്തും എന്‍.ഇ ബലറാമും കൂട്ടരും മറുവശത്തുമായി നടന്ന ആ ചര്‍ച്ചയില്‍ ഇന്ത്യന്‍ വിപ്ലവതന്ത്രവും അതുമായി ബന്ധപ്പെട്ട മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പ്രത്യയശാസ്ത്ര-രാഷ്ട്രീയ പ്രശ്‌നങ്ങളുമായിരുന്നു പ്രധാനവിഷയങ്ങള്‍. ആ തര്‍ക്കത്തില്‍ ശരിയായ നിലപാട് കൈക്കൊണ്ടു എന്നതിനാല്‍ വര്‍ഗ്ഗസമരത്തില്‍ ഉറച്ചുനില്‍ക്കാനായതാണ് സിപിഐ(എം) കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാകാനും ഇന്ത്യയിലേതന്നെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിയാകാനും ഇടയാക്കിയത്. തികച്ചും തെറ്റായ നിലപാട് സ്വീകരിച്ച സിപിഐ ആകട്ടെ വര്‍ഗ്ഗസമരത്തിന്റെ നിലപാട് ബലികഴിക്കുകയും ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുകയും ചെയ്തു. അതുകൊണ്ടുതന്നെ ഒരുഘട്ടമെത്തിയപ്പോള്‍ സിപിഐയ്ക്ക് ഇന്ദിരാ കോണ്‍ഗ്രസ്സിനെയും അടിയന്തിരാവസ്ഥയെയും പിന്തുണയ്ക്കുന്ന നയം തിരുത്തി സിപിഐ(എം) നേതൃത്വം നല്‍കുന്ന ഇടതുപക്ഷ മുന്നണിയില്‍ ചേരേണ്ടിവന്നു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിക്കാനാണ് പരസ്പരം ഗോഗ്വാ വിളിക്കുന്ന ഇരുകൂട്ടരും ഇന്ന് ശ്രമിക്കുന്നത്.
കമ്മ്യൂണിസ്റ്റുപാര്‍ട്ടി തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിപ്ലവപ്പാര്‍ട്ടിയാണ്. ചൂഷണവ്യവസ്ഥയ്ക്ക് അറുതിവരുത്തലാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ലക്ഷ്യം. അത് സാദ്ധ്യമാകണമെങ്കില്‍ ചൂഷകവര്‍ഗ്ഗത്തിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ തകര്‍ത്ത് ആ സ്ഥാനത്ത് തൊഴിലാളിവര്‍ഗ്ഗത്തിന്റെയും സഖ്യശക്തികളുടെയും ഭരണകൂടം സ്ഥാപിക്കാന്‍ കഴിയണം. അതുകൊണ്ടുതന്നെ ചൂഷകവര്‍ഗ്ഗഭരണകൂടത്തിന്റെ വര്‍ഗ്ഗഘടന വിലയിരുത്തി ശത്രുവര്‍ഗ്ഗത്തെ നിര്‍ണ്ണയിക്കലാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ പ്രധാന ചുമതല. അങ്ങനെ ശത്രുവര്‍ഗ്ഗത്തെ നിശ്ചയിച്ചാല്‍ അതിനെ ആസ്പദമാക്കിയാണ് ബന്ധുവര്‍ഗ്ഗങ്ങളേതെല്ലാമെന്ന് നിര്‍ണ്ണയിക്കുന്നത്. ശത്രുവിനെതിരെ ഏറ്റക്കുറച്ചിലോടെയാണെങ്കിലും അണിനിരത്തപ്പെടാന്‍ കഴിയുന്നവരെല്ലാം ബന്ധുവര്‍ഗ്ഗങ്ങളില്‍പെടും. അവരെല്ലാം ചേര്‍ന്നതാണ് തൊഴിലാളിവര്‍ഗ്ഗ നേതൃത്വത്തിലുള്ള വിപ്ലവമുന്നണി. ഇതെല്ലാം കൈകാര്യംചെയ്യുന്ന അടിസ്ഥാനരേഖയാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ പരിപാടി. ഈ അടിസ്ഥാനവിഷയത്തെച്ചൊല്ലിയായിരുന്നു അവിഭക്ത സിപിഐയും തര്‍ക്കം പൊട്ടിപ്പുറപ്പെട്ടതും ഒടുവില്‍ സിപിഐ(എം), സിപിഐ എന്നീ രണ്ടുപാര്‍ട്ടികളായി വേര്‍തിരിയുന്നതില്‍ അത് കലാശിച്ചതും.
ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന്റെ പ്രമുഖ പാര്‍ട്ടിയായ കോണ്‍ഗ്രസ് പുരോഗമനസ്വഭാവമുള്ള ദേശീയ ബൂര്‍ഷ്വാസിയെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നായിരുന്നു പിന്നീട് സിപിഐയായി രൂപപ്പെട്ടവരുടെ നിലപാട്. അതുകൊണ്ട് അവരുമായി സഹകരിച്ച് രാജ്യത്തെ വലതുപിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരെ പോരാടുകയാണ് വേണ്ടതെന്ന് ഇക്കൂട്ടര്‍ വാദിച്ചു. ബൂര്‍ഷ്വാ ഭരണകൂടത്തിന്റെ നായകസ്ഥാനത്തുള്ള വര്‍ഗ്ഗവുമായി സഹകരണത്തിന് വാദിച്ചതുകൊണ്ട് അവരുടെ നിലപാടിനെ വര്‍ഗ്ഗസഹകരണത്തിന്റെ നിലപാടെന്നും എതിര്‍വിഭാഗം വിമര്‍ശിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്നത് പുരോഗമനസ്വഭാവമുള്ള ദേശീയ ബൂര്‍ഷ്വാസിയെയല്ല പ്രത്യുത കുത്തകബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വാസിയെയാണെന്നും ആ കുത്തകബൂര്‍ഷ്വാസിയാകട്ടെ വിദേശ ഫൈനാന്‍ മൂലധനമായും ഫ്യൂഡലിസവുമായും സഹകരിച്ചും സന്ധിചെയ്തുമാണ് ഇന്ത്യന്‍ മുതലാളിത്തം കെട്ടിപ്പടുക്കുന്നതെന്നുമായിരുന്നു ഈ വിഭാഗത്തിന്റെ നിലപാട്. അതുകൊണ്ട് ഭരണവിഭാഗവുമായി സഹകരണത്തിന്റെ യാതൊരു സാദ്ധ്യതയും പൊതുവിലില്ല.
സന്ധിയില്ലാത്ത സമരമാണ് ഭരണവര്‍ഗ്ഗത്തോടുള്ള സമീപനം. അതായിരുന്നു പിന്നീട് സിപിഐ(എം) ആയവര്‍ അംഗീകരിച്ച വര്‍ഗ്ഗസമരകാഴ്ചപ്പാട്. സിപിഐയുടെ വര്‍ഗ്ഗസഹകരണത്തിന്റേതിന് നേരെ വിരുദ്ധമായ നിലപാടാണ് ഇത്. സിപിഐയുടെ വര്‍ഗ്ഗസഹകരണ നിലപാടാണ് അടിയന്തിരാവസ്ഥയെവരെ പിന്താങ്ങുന്നതിലേക്ക് ആ പാര്‍ട്ടിയെ നയിച്ചത്. അതിന് തൊഴിലാളിവര്‍ഗ്ഗത്തിനും ജനങ്ങള്‍ക്കുമിടയില്‍ വലിയ തിരിച്ചടി നേരിട്ടു. ഒടുവില്‍ തെറ്റ് സമ്മതിക്കാന്‍ സിപിഐ നിര്‍ബന്ധിതമായി. അടിയന്തിരാവസ്ഥയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് തീരുമാനിക്കുകമാത്രമല്ല അതിനാധാരമായ ദേശീയ ജനാധിപത്യ വിപ്ലവകാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി പരിപാടി സസ്‌പെന്റ് ചെയ്യാനും അവര്‍ നിര്‍ബന്ധിതമായി.
ഈ പ്രക്രിയയില്‍ പിന്നീട് സിപിഐ(എംഎല്‍) ആയിമാറിയ ഇടതുപക്ഷ സാഹസിക നിലപാടുമായും സിപിഐ(എം)ന് പോരാടേണ്ടിവന്നു. ജനങ്ങളില്‍ സ്വാധീനമില്ലാത്ത ദല്ലാള്‍ (കോമ്പ്രദോര്‍) ബൂര്‍ഷ്വാസിയുടേതാണ് ഇന്ത്യന്‍ ഭരണകൂടമെന്നുവാദിച്ച അവര്‍ ഉടന്‍ വിപ്ലവം സാധ്യമാണെന്ന നിലപാട് സ്വീകരിച്ചു. പാര്‍ലമെന്ററി പ്രവര്‍ത്തനം ബഹിഷ്‌കരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജനങ്ങളില്‍നിന്ന് ഒറ്റപ്പെടാനിടയാക്കുമായിരുന്ന ഈ അതിസാഹസിക നിലപാടിനെയും ശരിയായ പരിപാടിയുടെ ബലത്തില്‍ നേരിടാന്‍ സിപിഐ(എം)ന് കഴിഞ്ഞു.
സോവിയറ്റ് ചൈനീസ് പാര്‍ട്ടികളുടെ തെറ്റായ നിലപാടുകള്‍ക്കുകൂടി എതിരായി പോരാടിയാണ് സിപിഐ(എം) അതിന്റെ പരിപാടിപരമായ കാഴ്ചപ്പാടുയര്‍ത്തിപ്പിടിച്ചത്. വിപ്ലവം വിജയിപ്പിച്ച പാര്‍ട്ടികള്‍ എന്ന നിലയ്ക്ക് ഈ പാര്‍ട്ടികള്‍ക്കുള്ള ഉന്നതമായ പദവിയുടെ പശ്ചാത്തലത്തില്‍പോലും അവയുടെ തെറ്റായ നിലപാടുകള്‍ക്കെതിരെ ഉറച്ചുനിന്നുപോരാടാനും മുന്നേറാനും സിപിഐ(എം)ന് കഴിഞ്ഞത് ഈ ശരിയായ കാഴ്ചപ്പാടിന്റെ ബലത്തിലാണ്.
ഇന്നത്തെ ഗോഗ്വാവിളികള്‍ക്കിടയിലും ഈ പഴയകാല വിവാദം മറച്ചുപിടിക്കാനാണ് സിപിഐ(എം) നേതൃത്വങ്ങള്‍ ശ്രമിക്കുന്നത്. രാഷ്ട്രീയനയത്തിന് വ്യക്തമായ പിശകുപറ്റിയ സിപിഐയ്ക്ക് പഴയകാലകഥകള്‍ ഓര്‍ക്കുന്നതില്‍ ജാള്യതയുണ്ടാകുന്നത് മനസ്സിലാക്കാം. പക്ഷെ ശരിയായ നയം അംഗീകരിച്ച് മുന്നേറിയ സിപിഐ(എം)ഉം അത് മറച്ചുപിടിക്കാന്‍ വെപ്രാളപ്പെടുന്നതെന്തുകൊണ്ട്? സിപിഐ(എം)ന്റെ ശരിയായ ഭൂതകാലം ഇന്ന് ആ പാര്‍ട്ടിയെത്തന്നെ വേട്ടയാടുന്നുവെന്നതാണ് അടിസ്ഥാനകാരണം. തെറ്റായ നയമംഗീകരിച്ച സിപിഐ ആ നയം തിരുത്തിയത് ജനങ്ങളില്‍നിന്നും തങ്ങള്‍ക്കേറ്റ തിരിച്ചടിയുടെ ഫലമായാണ്. ശരിയായ നയം അംഗീകരിച്ച സിപിഐ(എം) ആകട്ടെ ആ നയത്തെപ്പറ്റി ഇപ്പോള്‍ മൗനം ഭജിക്കുന്നത് ശരിയായ നയംമൂലം ആ പാര്‍ട്ടി ആര്‍ജ്ജിച്ച ജനപിന്തുണ ആ നയം ഉപേക്ഷിക്കുന്നതിലേക്കാണ് അവരെ നയിച്ചതെന്നതിനാലാണ്.
ജനപിന്തുണ ആര്‍ജ്ജിച്ച സംസ്ഥാനങ്ങളില്‍ പാര്‍ലമെന്ററി അധികാരത്തില്‍ സംതൃപ്തിപ്പെടുന്ന നിലപാട് പാര്‍ട്ടിയില്‍ വളര്‍ന്നുവന്നു. മുതലാളിത്തക്കുഴപ്പംമൂലം കോണ്‍ഗ്രസ്സിന്റെ അധികാരക്കുത്തക തകര്‍ന്നപ്പോള്‍ മൂന്ന് സംസ്ഥാനങ്ങളിലെ സ്വാധീനമുപയോഗിച്ച് കേന്ദ്രത്തിലെ ഐക്യമുന്നണി രാഷ്ട്രീയത്തില്‍ വിലപേശല്‍ശക്തിയായി ഇടപെടാമെന്നത് അതില്‍ സായൂജ്യമടയുന്ന നിലപാടിലേക്ക് കേന്ദ്രനേതൃത്വത്തെയും നയിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ സോഷ്യലിസത്തിനേറ്റ തിരിച്ചടിയും അതിന് ആക്കംകൂട്ടി. ഇന്ത്യന്‍ വിപ്ലവത്തിന്റെ കാഴ്ചപ്പാട് ഫലത്തില്‍ നഷ്ടപ്പെട്ട സിപിഐ(എം) ഓരോ സംസ്ഥാനത്തും പാര്‍ലമെന്ററി അധികാരത്തിനുപുറകെ അവസരവാദപരമായി പായുന്ന നിലപാടിലേക്ക് അധപതിച്ചു. ഈ വ്യതിയാനത്തിന്റെ പര്യവസാനമായിരുന്നു 2000-ാമാണ്ടിലെ പാര്‍ട്ടി പരിപാടി ഭേദഗതി. 64ലെ പരിപാടിയുടെ വിപ്ലവ കാഴ്ചപ്പാട് ഉപേക്ഷിച്ച് പാര്‍ലമെന്ററി വ്യവസ്ഥയ്ക്ക് പാര്‍ട്ടിയെ വിഥേയമാക്കുന്ന കാഴ്ചപ്പാടിന് ഭേദഗതി അംഗീകാരം നല്‍കി. അതിനാധാരമാക്കിയതാകട്ടെ ഇന്ത്യയിലും ലോകത്താകെയും ഉണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ പരിപാടി കാലോചിതമാക്കണമെന്ന ശരിയായ തീരുമാനത്തെയും.
സംസ്ഥാനങ്ങളില്‍ തല്‍ക്കാലത്തേക്ക് ലഭിക്കുന്ന രാഷ്ട്രീയ അധികാരത്തെ അദ്ധ്വാനിക്കുന്നവരുടെ വിപ്ലവശക്തി സ്വരുക്കൂട്ടാനുള്ള സമരോപകരണമായി ഉപയോഗിക്കണമെന്നതായിരുന്നു വര്‍ഗ്ഗസമര സമീപനം ഉയര്‍ത്തിപ്പിടിച്ച സിപിഐ(എം)ന്റെ ആദ്യകാല നിലപാട്. എന്നാല്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് പ്രാധാന്യംനല്‍കി വര്‍ഗ്ഗസഹകരണനിലപാടിലേക്ക് അധപതിച്ച സിപിഐ(എം) പുതുക്കിയ പരിപാടിയില്‍ അത്തരം ഗവണ്‍മെന്റുകളെ ബദല്‍ നയങ്ങള്‍ നടപ്പിലാക്കാനും ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാനും കഴിയുന്ന ഗവണ്മെന്റുകളായി വിലയിരുത്തി. ഇന്ത്യയിലും ലോകത്താകെയും ആഗോളീകരണ നയങ്ങള്‍ക്ക് മേധാവിത്വം ലഭിച്ച കാലഘട്ടത്തിലാണ് ഈ വിലയിരുത്തല്‍ നടത്തിയതെന്നതിനാല്‍ ആഗോളീകരണനയങ്ങളുമായിത്തന്നെ സന്ധിചെയ്യുന്നതിലേക്ക് അത് പാര്‍ട്ടിയെ നയിച്ചു. അതിനുതക്ക ഭേദഗതികളും അവര്‍ പുതുക്കിയ പരിപാടിയില്‍ ഉള്‍പ്പെടുത്തി. “നഷ്ടപരിഹാരം കൊടുക്കാതെ” ജന്മിത്വം അവസാനിപ്പിക്കും എന്ന 64 ലെ പരിപാടിയില്‍നിന്ന് നഷ്ടപരിഹാരം കൊടുക്കാതെ എന്ന വിശേഷണം പുതുക്കിയ പരിപാടിയില്‍ എടുത്തുമാറ്റി.
വിദേശമൂലധനം കണ്ടുകെട്ടുമെന്ന് 64ലെ പരിപാടി പട്ടാങ്ങായി പറഞ്ഞിരുന്നത് “ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും സാങ്കേതികവിദ്യ മെച്ചപ്പെടുത്താനും തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ വിദേശമൂലധനം സ്വീകരിക്കും” എന്നാക്കി ഭേദഗതിചെയ്തു. ജനകീയ ജനാധിപത്യ സമ്പദ്‌വ്യവസ്ഥ വിവിധ ഉടമസ്ഥതാരീതികളോടുകൂടിയ ബഹുഘടനാ സമ്പദ്‌വ്യവസ്ഥ ആയിരിക്കുമെന്ന് പുതുക്കിയ പരിപാടിയില്‍ വ്യക്തമാക്കിക്കൊണ്ട് കുത്തകവിരുദ്ധ കടമയും അടിയറെവച്ചു. ബഹുകക്ഷി സമ്പ്രദായം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ജനകീയ ജനാധിപത്യ സര്‍വ്വാധിപത്യം എന്ന വിപ്ലവാനന്തര ഭരണകൂട സങ്കല്‍പ്പവും അട്ടിമറിച്ചു. ഇപ്രകാരം ജനകീയജനാധിപത്യ വിപ്ലവകടമകള്‍ കയ്യൊഴിച്ച് പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് വഴങ്ങിയ സിപിഐ(എം)ന് സിപിഐയുമായുള്ള പഴയകാല തര്‍ക്കങ്ങള്‍ ഓര്‍ക്കുന്നത് അസൗകര്യമായി മാറിയിരിക്കുന്നു.
വിപ്ലവമുന്നണിയില്‍ തൊഴിലാളിവര്‍ഗ്ഗ നേതൃത്വം എന്നതിനെച്ചൊല്ലിയായിരുന്നു സിപിഎംഉം സിപിഐയും തമ്മില്‍ ഉണ്ടായ മറ്റൊരു പ്രധാനതര്‍ക്കം. വിപ്ലവത്തില്‍ തൊഴിലാളിവര്‍ഗ്ഗ നേതൃത്വം അനിവാര്യമാണെന്ന് സിപിഐ(എം) പ്രഖ്യാപിച്ചപ്പോള്‍ വര്‍ഗ്ഗ സഹകരണത്തിന്റെ കാഴ്ചപ്പാടുയര്‍ത്തിപ്പിടിച്ച സിപിഐ തൊഴിലാളിവര്‍ഗ്ഗവും ബൂര്‍ഷ്വാസിയുംചേര്‍ന്ന സംയുക്ത നേതൃത്വത്തിന്റെ കാഴ്ചപ്പാടാണ് മുന്നോട്ടുവെച്ചത്. പാര്‍ലമെന്ററിസത്തിന് വഴങ്ങിയ സിപിഐ(എം) ഇപ്പോള്‍ ഫലത്തില്‍ തൊഴിലാളിവര്‍ഗ്ഗ നേതൃത്വമെന്ന കാഴ്ചപ്പാടുപേക്ഷിച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ തൊഴിലാളിവര്‍ഗ്ഗത്തിന് പ്രത്യേക പ്രാതിനിധ്യം ആവശ്യമില്ലെന്നും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമേ ഉണ്ടാകുമെന്നും മുമ്പൊരു സന്ദര്‍ഭത്തില്‍ പിബി അംഗമായ എസ്. രാമചന്ദ്രന്‍പിള്ള വ്യക്തമാക്കിയത് ഈ മാറ്റത്തിന്റെ പ്രതിഫലനമായിരുന്നു.
വിപ്ലവകാഴ്ചപ്പാട് ഉപേക്ഷിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുപുറകെ പോയ സിപിഐ(എം) തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി എന്നതില്‍നിന്ന് ജനങ്ങളുടെ പാര്‍ട്ടി എന്ന സങ്കല്‍പ്പത്തിലേക്ക് വ്യതിചലിച്ചു. ജനങ്ങളെ വോട്ടര്‍മാരായിമാത്രം കണക്കാക്കാനാരംഭിച്ചപ്പോള്‍ ജനങ്ങള്‍ക്കിടയിലുള്ള വ്യത്യസ്ത സങ്കുചിത സ്വത്വബോധങ്ങളുമായി ഒത്തുതീര്‍പ്പുണ്ടാക്കാനാരംഭിച്ചു. വര്‍ഗ്ഗൈക്യത്തിന്റെ വിപ്ലവസമീപനത്തിനുപകരം സ്വത്വരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ലമെന്ററി സമീപനത്തിലേക്ക് പാര്‍ട്ടി എത്തിച്ചേര്‍ന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ ഭരണവര്‍ഗ്ഗത്തിന്റെ മുഖ്യ പാര്‍ട്ടിയായി അംഗീകരിച്ച് അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരത്തിന്റെ രാഷ്ട്രീയമാണ് ആദ്യകാലത്ത് സിപിഐ(എം)ഉയര്‍ത്തിപ്പിടിച്ചത്. അതിന് ജനപിന്തുണ ആര്‍ജ്ജിക്കാനും കഴിഞ്ഞു.
കോണ്‍ഗ്രസ്സില്‍ പുരോഗമനസ്വഭാവം ആരോപിച്ച് അതുമായി കൂട്ടുകൂടിയ സിപിഐ ജനങ്ങളില്‍നിന്നൊറ്റപ്പെടുകയും ദുര്‍ബലമാക്കപ്പെടുകയും ചെയ്തു. എന്നാല്‍ സിപിഐ(എം)ല്‍ പാര്‍ലമെന്ററിസത്തിന് മേല്‍ക്കൈ ലഭിച്ചതോടെ വിവിധ ഭരണവര്‍ഗ്ഗപ്പാര്‍ട്ടികളുമായും ഒടുവില്‍ കോണ്‍ഗ്രസ്സുമായിത്തന്നെയും അവസരവാദപരമായ കൂട്ടുകെട്ടിന് ആ പാര്‍ട്ടിയും സന്നദ്ധമായി. ബിജെപിയെയും വര്‍ഗ്ഗീയതയെയും തോല്‍പ്പിക്കലാണ് കേന്ദ്രകടമ എന്നതാണ് അതിനുപറഞ്ഞ ന്യായം. ഇപ്പോള്‍ ജനങ്ങളില്‍നിന്ന് സിപിഐ(എം)ന്റെ ഈ വ്യതിയാനങ്ങള്‍ക്ക് തിരിച്ചടിനേരിടാനാരംഭിച്ചതോടെ സിപിഐയെപ്പോലെ ചില തിരുത്തലുകള്‍ വരുത്താന്‍ ആ പാര്‍ട്ടിയും നിര്‍ബന്ധിതമായിട്ടുണ്ട്. എന്നാല്‍ അടിയന്തിരാവസ്ഥയെ പിന്താങ്ങിയത് തെറ്റാണെന്ന് അംഗീകരിക്കാന്‍ അര്‍ദ്ധ മനസ്സോടെയാണെങ്കിലും സിപിഐ സന്നദ്ധമായതുപോലെ യുപിഎ ഗവണ്‍മെന്റിനെ പിന്തുണച്ചതും സ്വത്വരാഷ്ട്രീയവുമായി സന്ധിചെയ്തതുംമറ്റും സ്വയം വിമര്‍ശനപരമായി വിലയിരുത്താന്‍ സിപിഐ(എം) ഇന്നും സന്നദ്ധമായിട്ടില്ല.
കമ്മ്യൂണിസ്റ്റുകാര്‍ വര്‍ഗ്ഗസമരത്തില്‍ വിശ്വസിക്കുന്നു എന്നതാണ് അവരെ അസ്വീകാര്യരാക്കുന്നത് എന്ന് ഈയിടെ സീറോ മലബാര്‍ സഭയുടെ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രസംഗിക്കയുണ്ടായി. അത്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളെ നേരിടുന്നതിന് കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെടുന്ന സി.പി.ഐ.(എം) നും സി.പി.ഐ യ്ക്കും താല്‍പ്പര്യം ഇല്ല. യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗസമരം എന്നത് കമ്മ്യൂണിസ്റ്റ്കാരുടെ സൃഷ്ടിയല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാകുന്നതിന് മുന്‍പും സമൂഹത്തില്‍ വര്‍ഗ്ഗസമരം നടന്നുകൊണ്ടിരുന്നു. 1852 മാര്‍ച്ച് 5ന് അമേരിക്കയിലെ ജോസഫ് വെയ് ഡി മേയര്‍ക്ക് അയച്ച കത്തില്‍ മാര്‍ക്‌സ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എഴുതി: “”സമൂഹത്തില്‍ വര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നോ അവ തമ്മില്‍ ഏറ്റുമുട്ടുന്നുണ്ടെന്നോ കണ്ടു പിടിച്ചതിനുള്ള ബഹുമതി എനിയ്ക്കുള്ളതല്ല. എനിയ്ക്കു മുന്‍പു തന്നെ സാമൂഹ്യ ചരിത്രകാര•ാര്‍ അതിന്റെ വിവിധ ഘട്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ അതിന്റെ ശരീരശാസ്ത്രം വിവരിച്ചിട്ടുണ്ട്. താഴെപ്പറയുന്ന മൂന്ന് കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകമാത്രമാണ് ഞാന്‍ ചെയ്തത്.
(1) സമ്പത്ത് ഉല്‍പ്പാദനത്തിന്റെ പുരോഗതിയുടെ നിശ്ചിത ചരിത്രഘട്ടങ്ങളുമായി ബന്ധപ്പെട്ടു മാത്രമാണ് വര്‍ഗ്ഗങ്ങള്‍ നിലകൊള്ളുന്നത്.
(2) വര്‍ഗ്ഗസമരം അനിവാര്യമായി തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലേയ്ക്ക് നയിക്കുന്നു.
(3) തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം തന്നെ വര്‍ഗ്ഗരഹിത സമൂഹത്തിലേയ്ക്കുള്ള പരിവര്‍ത്തനത്തിന്റെ ഇടവേളമാത്രമാണ്””
വര്‍ഗ്ഗ സമരം മാര്‍ക്‌സോ മറ്റ്ആരെങ്കിലുമോ സമൂഹത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചതല്ല അത് വര്‍ഗ്ഗസമൂഹം ആവിര്‍ഭവിച്ചകാലംമുതല്‍ നടന്നുവരുന്ന ഒരു വസ്തുനിഷ്ട യാഥാര്‍ത്ഥ്യമാണ്. അത് നിഷേധിക്കുക വഴി കര്‍ദ്ദിനാള്‍തിരുമേനി ചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞത വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. സമൂഹത്തില്‍ നാനാരൂപത്തില്‍നടക്കുന്ന വര്‍ഗ്ഗ സമരത്തെ സാമ്പത്തിക രംഗത്തേത്, രാഷ്ട്രീയ രംഗത്തേത്, ആശയ-സാംസ്‌കാരികരംഗത്തേത് എന്ന് മൂന്നായി തരംതിരിക്കാം. അതില്‍ സാമ്പത്തിക രംഗത്തെ വര്‍ഗ്ഗസമരമാണ് അടിസ്ഥാനപരം. രാഷ്ട്രീയരംഗത്തേത് നിര്‍ണായകം. ഇവ രണ്ടിനേയും സ്വാധീനിക്കുന്നതാണെന്നതിനാല്‍ ആശയസാംസ്‌കാരിക രംഗത്തെ വര്‍ഗ്ഗസമരം സുപ്രധാനവും. ഈ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിയ്ക്കാതിരിക്കുന്നതുകൊണ്ട് അങ്ങനെ ചെയ്യുന്നവര്‍ക്ക് താല്‍ക്കാലിക സംതൃപ്തി ലഭിച്ചേക്കാം എന്നതിനപ്പുറം യാഥാര്‍ത്ഥ്യത്തെ ഇല്ലാതാക്കാനാകില്ല. ആത്യന്തികമായി യാഥാര്‍ത്ഥ്യങ്ങള്‍ മേല്‍ക്കൈ നേടുക തന്നെ ചെയ്യും.
കര്‍ദ്ദിനാള്‍ തിരുമേനി യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ച് ഇരുട്ടാക്കി കമ്മ്യൂണിസ്റ്റുകാരെ ബഹിഷ്‌കരിയ്ക്കണമെന്ന് കുഞ്ഞാടുകളോട് ആഹ്വാനം ചെയ്തു കൊള്ളട്ടെ. പക്ഷെ വര്‍ഗ്ഗസമരം ഒരു യാഥാര്‍ത്ഥ്യമായതുകൊണ്ടു തന്നെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അധ്വാനിയ്ക്കുന്നവര്‍ക്കിടയില്‍ അംഗീകാരം വര്‍ദ്ധിയ്ക്കുക തന്നെ ചെയ്യും. കര്‍ദ്ദിനാളിന്റെ പ്രസ്താവന അന്ന് ദൃശ്യമാധ്യമങ്ങള്‍ ആവര്‍ത്തിച്ച് പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. അങ്ങനെ കിട്ടിയ അവസരത്തെ ഉപയോഗപ്പെടുത്തി ഈ പിന്തിരിപ്പന്‍ ആശയങ്ങളെ തുറന്നു കാണിക്കുവാന്‍ ശ്രമിയ്ക്കുന്നതിന് പകരം യേശു വിമോചകനാണെന്ന് ഉയര്‍ത്തിക്കാട്ടുകയാണ് സംസ്ഥാന സമ്മേളന വേളയില്‍ സി.പി.ഐ. (എം.) ചെയ്തത്. സി.പി.ഐ യും കര്‍ദ്ദിനാളിന്റെ പ്രസ്താവനയ്‌ക്കെതിരേ പ്രതികരിയ്ക്കുവാന്‍ കൂട്ടാക്കിയില്ല. വിപ്ലവലക്ഷ്യം കയ്യൊഴിഞ്ഞ ഇരുകൂട്ടരും വോട്ടു നേടല്‍ ലക്ഷ്യം വച്ച് മതപ്രീണനത്തിനാണ് പ്രാധാന്യം നല്‍കുന്നത്
കഴിഞ്ഞ മൂന്നുദശാബ്ദക്കാലമായി പാര്‍ട്ടി പരിപാടി ഇല്ലാതെ മുമ്പോട്ടുപോകാന്‍ നിര്‍ബന്ധിതമായ ആശയക്കുഴപ്പത്തിലേക്കാണ് ഭരണവര്‍ഗ്ഗത്തെ സംബന്ധിച്ചുള്ള തെറ്റായ കാഴ്ചപ്പാട് സിപിഐയെ നയിച്ചത്. അതില്‍നിന്ന് വ്യത്യസ്തമായി സിപിഐ(എം) ഭരണവര്‍ഗ്ഗത്തെ സംബന്ധിച്ചുള്ള ശരിയായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ വര്‍ഗ്ഗസമര നിലപാടില്‍ അടിയുറച്ചുനിന്ന് ആദ്യകാലത്ത് മുന്നേറി. പാര്‍ലമെന്ററിസത്തിന്റെ ദുസ്വാധീനത്തിനടിപ്പെട്ട സിപിഐ(എം) ശരിയായനയം കൈവെടിയുന്നതിലേക്കാണ് ഒടുവില്‍ എത്തിച്ചേര്‍ന്നത്. ആശയക്കുഴപ്പത്തിലകപ്പെട്ട സിപിഐ, സിപിഐ(എം) നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയില്‍ എത്തിയതോടെ ആശയക്കുഴപ്പത്തിന് പരിഹാരമുണ്ടാവുകയല്ല, പാര്‍ലമെന്ററിസത്തിലേക്കുള്ള മുന്നണിയുടെ ആകെ പതനം ഉറപ്പാക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ ഇരുപാര്‍ട്ടികളുംതമ്മില്‍ ഇന്നുനടക്കുന്ന തര്‍ക്കത്തില്‍ ഒരു താത്വിക രാഷ്ട്രീയപ്രശ്‌നവും ഉള്‍പ്പെടുന്നില്ല. സിപിഐ(എം)ന് അകത്തെന്നപോലെ ഇടതുമുന്നണിക്കുള്ളിലും നടക്കുന്ന തര്‍ക്കം പാര്‍ലമെന്ററി അധികാരം പങ്കുവെയ്ക്കുന്നതുസംബന്ധിച്ചുമാത്രമാണ്.





