'ഹാഷിറിന് ലൈന്‍ സെറ്റായതുകൊണ്ട് മാത്രം നിന്നെ വെറുതെ വിടുന്നു!'; അതായിരുന്നു ഒരു കമന്റ്; വാഴ വിശേഷങ്ങളുമായി ലക്ഷ്മി ധന്യ
Movie Day
'ഹാഷിറിന് ലൈന്‍ സെറ്റായതുകൊണ്ട് മാത്രം നിന്നെ വെറുതെ വിടുന്നു!'; അതായിരുന്നു ഒരു കമന്റ്; വാഴ വിശേഷങ്ങളുമായി ലക്ഷ്മി ധന്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd April 2026, 1:30 pm

നവാഗതനായ സവിന്‍ സ സംവിധാനം ചെയ്ത ‘വാഴ 2’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യ ഭാഗം പോലെ തന്നെ യുവത്വത്തിന്റെ ആവേശമായി മാറിയ ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയാവുകയാണ് നടി ലക്ഷ്മി ധന്യ സജു. മറിമായമെന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചതായ ലക്ഷ്മി വാഴ 2 വിലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

ഹാഷിറിന്റെ സഹപാഠിയായി എത്തിയ ലക്ഷ്മിയാണ് സിനിമയില്‍ ഹാഷിറിന്റെ പ്രണയത്തിന് ആദ്യ വഴിതുറക്കുന്നത്. തന്റെ സുഹൃത്തിന് ഹാഷിറിനോടുള്ള പ്രണയം സാറിനോട് പറഞ്ഞു കൊടുക്കുന്നതും, ഹാഷിര്‍ പോലും ആ പ്രണയത്തെക്കുറിച്ച് ആദ്യമായി അറിയുന്നതും ലക്ഷ്മിയുടെ കഥാപാത്രത്തിലൂടെയാണ്. ഈ രംഗത്തിനൊക്കെ ഗംഭീര റെസ്‌പോണ്‍സാണ് തിയേറ്ററുകളില്‍ ലഭിച്ചത്.

വാഴ 2 ല്‍ നിന്നുള്ള രംഗം Photo: Vazha 2 Trailer Screen Grab/Think Music India

സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും സിനിമയ്ക്ക് ശേഷം ലഭിച്ച ചില കമന്റുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ലക്ഷ്മി. ഒപ്പം തന്റെ റിയല്‍ ലൈഫ് സ്‌കൂള്‍ കാലഘട്ടം എങ്ങനെയായിരുന്നെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നുണ്ട്.

സിനിമയില്‍ എല്ലാവരുടെയും പ്രണയ രഹസ്യങ്ങള്‍ അറിയുന്ന ആളാണെങ്കിലും ജീവിതത്തില്‍ താന്‍ നേരെ തിരിച്ചാണെന്ന് ലക്ഷ്മി പറയുന്നു.

‘വാഴയില്‍ കണ്ടപോലൊരു സ്‌കൂള്‍ ലൈഫ് ആയിരുന്നില്ല എന്റേത്. കാരണം എന്റെ അമ്മ പഠിപ്പിക്കുന്ന സ്‌കൂളിലായിരുന്നു ഞാന്‍ പഠിച്ചത്. അമ്മ മിക്കപ്പോഴും സ്റ്റാഫ് റൂമിലുണ്ടാകുമല്ലോ. ഞാന്‍ അനങ്ങിയാല്‍ അമ്മ അറിയും. പിന്നെ ഇപ്പോഴും എനിക്ക് ബോയ് ഫ്രണ്ടില്ല. ഞാന്‍ എല്ലാവരുമായി നല്ല കമ്പനിയായിരുന്നു. ബോയ് ഫ്രണ്ട് വേണമെന്നൊന്നും തോന്നിയിട്ടില്ല.

വാഴ 2 ല്‍ നിന്നുള്ള രംഗം Photo: Vazha 2 Trailer Screen Grab/Think Music India

ആരെങ്കിലും കമ്മിറ്റഡ് ആയ കാര്യം പറഞ്ഞാല്‍ തന്നെ ‘എടീ അവന്‍ ചേരില്ല കേട്ടോ’ എന്നൊക്കെ പറഞ്ഞു കളയും. അതുകൊണ്ട് കമ്മിറ്റഡ് ആയാലും അവര്‍ എന്നോട് പറയില്ല. ഞാനായിരിക്കും ഏറ്റവും ലാസ്റ്റ് അറിയുക. എന്നാല്‍ വാഴയില്‍ നേരെ ഓപ്പോസിറ്റാണ്. ഇതില്‍ അവര്‍ കമ്മിറ്റഡ് ആയ കാര്യമൊക്കെ അറിയുന്ന ഏക ആള്‍ ഞാനാണല്ലോ.

ഹാഷിറിന്റെ കാര്യമൊക്കെ ക്ലാസില്‍ എനിക്ക് മാത്രമല്ലേ അറിയുള്ളൂ. പക്ഷേ ജീവിതത്തില്‍ എനിക്കത് നേരെ തിരിച്ചാണ്. ജീവിതത്തില്‍ ഒരാളുടെ കാര്യം പോലും അറിയില്ല. ഞാന്‍ ഒരു കമന്റ് കണ്ടു ‘ഹാഷിറിന് ലൈന്‍ സെറ്റായതുകൊണ്ട് മാത്രം നിന്നെ വെറുതെ വിടുന്നു’ എന്നായിരുന്നു അത്. ഭീഷണിയുടെ സ്വരമൊക്കെയായിരുന്നു (ചിരി).’ലക്ഷ്മി പറഞ്ഞു.

സിനിമയുടെ ഓഡീഷന്‍ അനുഭവത്തെക്കുറിച്ചും ലക്ഷ്മി അഭിമുഖത്തില്‍ സംസാരിച്ചു.

‘ഹാഷിറിനേയും അലനേയും അജിനേയും വിനായകിനേയും ശബരിയേയും ദേവരാജേട്ടനേയുമൊക്കെയാണ് ആദ്യം പരിചയപ്പെടുന്നത്. ഞാന്‍ ചെല്ലുന്നതിന് മുമ്പ് ഓഡീഷനൊക്കെ കഴിഞ്ഞിരുന്നു. അങ്ങനെ ഫോണ്‍ ചെയ്ത് ചോദിച്ചൊക്കെയാണ് പിറ്റേ ദിവസം ഓഡീഷന് പോയത്.

വാഴ 2 ല്‍ നിന്നുള്ള രംഗം Photo: Vazha 2 Trailer Screen Grab/Think Music India

ആങ്സൈറ്റി വന്നാല്‍ ഞാന്‍ ഹൈപ്പര്‍ ആക്ടീവ് ആകും. അല്ലെങ്കില്‍ സൈലന്റ് ആകും. ഓഡീഷന് പോയപ്പോള്‍ ആങ്സൈറ്റിയില്‍ ആണ്. ഞാന്‍ ചെല്ലുമ്പോള്‍ ഇവരുടെ വര്‍ക്ക് ഷോപ്പ് നടക്കുകയാണ്. ഇവരുമായി പെട്ടെന്ന് കമ്പനിയായി. ഞാന്‍ മാത്രമേ ഉണ്ടായിരുന്നു. രാകേഷേട്ടനാണ് നടത്തിയത്. പേര് ചോദിച്ചു. തീം പറഞ്ഞു. അപ്പോള്‍ തന്നെ ചെയ്തു കാണിച്ചു.

അപ്പോള്‍ തന്നെ എല്ലാവരും കൈ അടിച്ചു. അങ്ങനെ രണ്ട് മൂന്ന് സാധനം കൂടി തന്നു. അങ്ങനെ വിളിക്കാമെന്ന് പറഞ്ഞു. ഇവരെയൊക്കെ കണ്ടു ഫോട്ടോയെടുത്ത് സംസാരിച്ച് തിരിച്ചുപോയി. വീട്ടിലെത്തി കുറച്ചുകഴിഞ്ഞപ്പോള്‍ കോള്‍ വന്നു. ഷോര്‍ട്ട് ലിസ്റ്റില്‍ വന്നെന്ന് അറിഞ്ഞു.

അതിന് ശേഷം വര്‍ക്ക് ഷോപ്പില്‍ പോയി. ആരാധ്യയും ഏഞ്ചലും ദേവരാജേട്ടനും എല്ലാവരും വര്‍ക്ക് ഷോപ്പില്‍ നന്നായി സപ്പോര്‍ട്ട് ചെയ്തിരുന്നു. അങ്ങനെയാണ് ആ ക്യാരക്ടറിലേക്ക് കാസ്റ്റ് ആകുന്നത്.’ ലക്ഷ്മി പറഞ്ഞു.

Content Highlight: Vazha 2 Actress Lakshmi Dhanya shares her  Experiance