ഇന്ത്യയിലെ വിഷയങ്ങള്‍ ഇവിടെ തന്നെ ചര്‍ച്ച ചെയ്യുന്നതാണ് നല്ലത്; വിദേശത്ത് പോയി രാജ്യത്തെകുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് മാന്യതയില്ലായ്മ; ഓക്‌സ്‌ഫോര്‍ഡ് ക്ഷണം നിരസിച്ച് വരുണ്‍ ഗാന്ധി
national news
ഇന്ത്യയിലെ വിഷയങ്ങള്‍ ഇവിടെ തന്നെ ചര്‍ച്ച ചെയ്യുന്നതാണ് നല്ലത്; വിദേശത്ത് പോയി രാജ്യത്തെകുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് മാന്യതയില്ലായ്മ; ഓക്‌സ്‌ഫോര്‍ഡ് ക്ഷണം നിരസിച്ച് വരുണ്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th March 2023, 8:16 am

ന്യൂദല്‍ഹി: യു.കെ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നതിനിടെ ഓക്‌സഫോര്‍ഡ് സര്‍വകലാശാലയുടെ ക്ഷണം നിരസിച്ച് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കാനായിരുന്നു വരുണ്‍ ഗാന്ധിക്ക് ക്ഷണം ലഭിച്ചത്. എന്നാല്‍ ഇന്ത്യയിലെ കാര്യങ്ങള്‍ ഇന്ത്യയില്‍ തന്നെ ചര്‍ച്ച ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയിലെ വിഷയങ്ങള്‍ വിദേശരാജ്യങ്ങളില്‍ പോയി സംസാരിക്കുന്നത് മാന്യതയല്ലെന്നും രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓക്‌സ്‌ഫോര്‍ഡ് യൂണിയന്‍ പ്രസിഡന്റ് മാത്യു ഡിക്ക് ആണ് വരുണ്‍ ഗാന്ധിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തയച്ചത്. മോദി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ച് നേരത്തെ പലപ്പോഴും വരുണ്‍ ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ രാജ്യത്തിനകത്ത് തന്നെ ഉയര്‍ത്തുന്നതാണ് നല്ലതെന്നും വിഷയങ്ങളെ രാജ്യത്തെ ബന്ധപ്പെട്ട അധികാരികളെയാണ് ബോധിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘മോദിയുടെ ഇന്ത്യ ശരിയായ പാതയിലാണ് സഞ്ചരിക്കുന്നത് (This house believes Modi’s India is on the right path)’ എന്ന വിഷയമാണ് ഓക്‌സഫോര്‍ഡ് നിര്‍ദേശിച്ചത്. വിഷയത്തിന്റെ അവസാനം മുന്‍കൂട്ടി നിര്‍ണയിച്ചതാണെന്നും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയില്‍ തന്നെ അവസരങ്ങളുണ്ടെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയിലെ തെറ്റുകളും കുറവുകളും വിദേശരാജ്യത്ത് പോയി പറയുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമുള്ളതായി തോന്നുന്നില്ലെന്നും അദ്ദേഹം ഓക്‌സ്‌ഫോര്‍ഡിന് നല്‍കിയ മറുപടിയില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ സഞ്ചരിക്കുന്നത് ശരിയായ പാതയില്‍ തന്നെയാണ്. സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ഏഴ് പതിറ്റാണ്ട് കാലം ആരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് ഇന്ത്യ സഞ്ചരിക്കുന്നത്. കാര്‍ഷിക സമൃദ്ധിക്കും സമഗ്ര വികസനത്തിനുമായി ഇതുവരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവിഷ്‌ക്കരിക്കാത്ത ശ്രദ്ധേയമായ പദ്ധതികളാണ് മോദി സര്‍ക്കാര്‍ രൂപപ്പെടുത്തിയതെന്നും വരുണ്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ ആഗോള തലത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചെന്നും എന്നാല്‍ വിവിധ മേഖലകളില്‍ ഇന്ത്യ കൂപ്പുകുത്തിയെന്നും ഓക്‌സ്‌ഫോര്‍ഡ് പറഞ്ഞു.

‘മോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തിയ ശേഷം ഇന്ത്യ ആഗോള തലത്തില്‍ കൂടുതല്‍ പ്രാധാന്യത്തിലേക്ക് മാറി. രാജ്യത്ത് ശക്തമായ സാമ്പത്തിക വളര്‍ച്ചയുണ്ടായി, അഴിമതി കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യക്ക് വിജയിക്കാനായി. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് കര്‍ഷക പ്രതിസന്ധികള്‍ രൂക്ഷമായി. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടായി. വിദ്യാഭ്യാസ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു.

എന്നിരുന്നാലും മോദി സര്‍ക്കാരിന് ലഭിക്കുന്ന ജനപ്രീതി യെ മാറ്റിനിര്‍ത്തിയാല്‍, ഇന്ത്യയില്‍ മോദി ഭരണം ജനങ്ങളെ ഏകീകരിപ്പിക്കുന്നതിനേക്കാള്‍ ധ്രുവീകരിക്കുകയാണോ എന്ന് ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണ്. ഭാവിയിലേക്കുള്ള കുതിപ്പില്‍ ആരാണ് അഥവാ എന്താണ് രാജ്യത്ത് മുന്‍പിലേക്ക് നയിക്കുന്ന ശരിയായ പാതയെന്നാണ് ചര്‍ച്ചയുടെ ചോദ്യം,’ ഓക്‌സ്‌ഫോര്‍ജ് സര്‍വകലാശാല അയച്ച ക്ഷണത്തില്‍ പരാമര്‍ശിക്കുന്നു.

രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമായി നില്‍ക്കുന്ന വ്യക്തിയെന്ന നിലയിലും, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ മാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിച്ച വ്യക്തി എന്ന നിലയിലുമാണ് വരുണ്‍ ഗാന്ധിയെ ചര്‍ച്ചയ്ക്ക് തെരഞ്ഞെടുത്തതെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധി യു.കെ സന്ദര്‍ശനത്തിനിടെ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ നാലു ദിവസമായി രാജ്യസഭയില്‍ ബി.ജെ.പി പ്രതിഷേധം ശക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാണ് ബി.ജെ.പി നിലപാടെന്നിരിക്കെ ക്ഷമാപണത്തിന്റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

Content Highlight: Varun Gandhi rejected Oxford University’s invitation to discuss about the Modi rule