വാരിസിന്റെ വിജയം ആഘോഷിച്ച് വിജയ്‌യും കൂട്ടരും, ചിത്രം പങ്കുവെച്ച് രാധിക ശരത് കുമാര്‍
Entertainment news
വാരിസിന്റെ വിജയം ആഘോഷിച്ച് വിജയ്‌യും കൂട്ടരും, ചിത്രം പങ്കുവെച്ച് രാധിക ശരത് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th January 2023, 5:47 pm

വിജയ്‌യെ നായകനാക്കി വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്ത വാരിസിന്റെ വിജയാഘോഷത്തിനായി താരങ്ങള്‍ ഒത്തുകൂടി. സിനിമയിലെ നായകനായ വിജയ്, നായിക രശ്മിക മന്ദാന, നിര്‍മാതാവ് ദില്‍രാജു, സംവിധായകന്‍ വംശി പൈഡപ്പിള്ളി സിനിമയിലെ മറ്റ് അഭിനേതാക്കളായ ശരത്കുമാര്‍, ശ്രീകാന്ത്, സംയുക്ത സംഗീത സംവിധായകന്‍ തമന്‍, ഗാനരചയിതാവ് വിവേക് തുടങ്ങിയവരും വിജയാഘോഷത്തില്‍ പങ്കെടുത്തിരുന്നു.

സിനിമയില്‍ അഭിനയിച്ചിരുന്നില്ലെങ്കിലും രാധിക ശരത് കുമാറും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയുടെ ചിത്രം ട്വിറ്ററിലൂടെ പുറത്ത് വിട്ടത് രാധികയാണ്. ഓരോ താരങ്ങളുടെയും ഒപ്പമുള്ള ചിത്രവും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ജനുവരി പതിനൊന്നിനായിരുന്നു വാരിസ് തിയേറ്ററിലെത്തിയത്. തിയേറ്ററില്‍ വലിയ കളക്ഷനുകള്‍ സിനിമക്ക് നേടാന്‍ സാധിച്ചിരുന്നു. എന്നാല്‍ സിനിമക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. വിജയ് തന്റെ സ്ഥിരം ശൈലിയുമായാണ് വന്നിരിക്കുന്നതെന്നാണ് ഉയര്‍ന്നുവന്ന പ്രധാന വാദം. സിനിമയുടെ പ്രമേയത്തിനെതിരെയും വിമര്‍ശനങ്ങള്‍ സിനിമാ പ്രേമികള്‍ ഉയര്‍ത്തിയിരുന്നു.

എന്നാല്‍ വിജയ്‌യുടെ മുന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമാണ് വാരിസ് എന്നാണ് ഉയര്‍ന്നു വരുന്ന മറ്റൊരു വാദം. തമിഴ് സിനിമയില്‍ പൊതുവെ കാണുന്ന ‘പാസവും’ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ടെന്നാണ് സിനിമാ പ്രേക്ഷകര്‍ പറയുന്നത്. എന്തായാലും സിനിമ തിയേറ്ററില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ച് മുമ്പോട്ട് പോകുന്നുണ്ട്.

അജിത്തിനെ നായകനാക്കി എച്ച്.വിനോദ് സംവിധാനം ചെയ്ത തുണിവിനൊപ്പമാണ് വാരിസ് തിയേറ്ററുകളിലെത്തിയത്. തുണിവിലെ നായിക മഞ്ജു വാര്യരായിരുന്നു. രണ്ട് സിനിമയും ഒരേ ദിവസം തിയേറ്ററില്‍ വരുന്നു എന്നത് വലിയ ചര്‍ച്ചയായിരുന്നു. എന്തിരുന്നാലും രണ്ട് സിനിമകളും വലിയ കളക്ഷന്‍ റെക്കോഡുകളാണ് സ്വന്തമാക്കിയത്.

content highlight: varisu success celebration