വരവും പോക്കും ഒരുമിച്ച്... ആദ്യ ഷോയ്ക്ക് പിന്നാലെ മോശം അഭിപ്രായങ്ങളുമായി ഷാജി കൈലാസിന്റെ വരവ്
Malayalam Cinema
വരവും പോക്കും ഒരുമിച്ച്... ആദ്യ ഷോയ്ക്ക് പിന്നാലെ മോശം അഭിപ്രായങ്ങളുമായി ഷാജി കൈലാസിന്റെ വരവ്
അമര്‍നാഥ് എം.
Thursday, 16th July 2026, 4:48 pm

ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത വരവ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. എലോണ്‍, ഹണ്ട് എന്നീ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ തിരക്കഥ എ.കെ. സാജനാണ്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന് മോശം അഭിപ്രായമാണ് പലയിടത്ത് നിന്നും ലഭിക്കുന്നത്.

പഴഞ്ചന്‍ സ്റ്റൈല്‍ തിരക്കഥയില്‍ ഏഴെട്ട് ഫൈറ്റുകളും ഉള്‍ക്കൊള്ളിച്ച് ഒരുക്കിയ ചിത്രം പ്രേക്ഷകരെ ഒരുതരത്തിലും എന്‍ഗേജ് ചെയ്യിക്കുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 25 വര്‍ഷം മുമ്പ് റിലീസായിരുന്നെങ്കില്‍ ‘ഫ്രഷ് കഥ’ എന്ന് പറയാമായിരുന്നെന്നും എന്നാല്‍ കാലം തെറ്റി റിലീസായെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.

ജോജു ജോര്‍ജിന്റെ ഇടിക്ക് മോളിവുഡില്‍ പ്രത്യേക ഫാന്‍ ബേസുണ്ടെന്നും ഈ സിനിമയില്‍ അത്തരം ഫൈറ്റുകളുടെ അതിപ്രസരമാണെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നു. എന്നാല്‍ ഒരു ഫൈറ്റിനോട് പോലും ഇമോഷണല്‍ കണക്ഷന്‍ ഉണ്ടാക്കിയെടുക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചിട്ടില്ലെന്നും കമന്റുകളുണ്ട്.

വരവല്ല, പടം പോക്കാ’, ‘ഈ വര്‍ഷത്തെ ഏറ്റവും മോശം സിനിമ’, ‘ഷാജി കൈലാസിന്റെ ഇപ്പോഴത്തെ സിനിമകളൊന്നും നല്ലതല്ല എന്ന പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ കാത്തു’, ‘ഇന്നത്തെ കാലത്തും നായകന്‍ മുണ്ട് മടക്കികുത്തുന്നതിന്റെ ക്ലോസപ്പ് കാണിച്ചാല്‍ മാസ് ആണെന്നാ ഷാജിയേട്ടന്റെ വിചാരം’ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

സ്‌ക്രീന്‍ പ്രസന്‍സും ഫൈറ്റിലെ ഫ്‌ളെക്‌സിബിളിറ്റിയും കൊണ്ട് കളംനിറയുന്ന ജോജു ജോര്‍ജും കാതടപ്പിക്കുന്ന ബി.ജി.എമ്മുമായി സാം സി.എസും മാത്രമാണ് സിനിമയില്‍ പണിയെടുത്തതെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു. ഷാജി കൈലാസ് പുതിയ എഴുത്തുകാരുമായി കൈകോര്‍ത്തില്ലെങ്കില്‍ വീണ്ടും ഫീല്‍ഡ് ഔട്ടാകുമെന്നും കമന്റുകളുണ്ട്.

ജോജുവിന് പുറമെ വലിയൊരു താരനിര വരവില്‍ അണിനിരക്കുന്നുണ്ട്. അര്‍ജുന്‍ അശോകന്‍, മുരളി ഗോപി, സുകന്യ, ബൈജു, ബോബി കുര്യന്‍, ബാബുരാജ് വാണി വിശ്വനാഥ്, കോട്ടയം രമേശ് തുടങ്ങിയ സ്റ്റാര്‍ കാസ്റ്റിന് സിനിമയെ രക്ഷിക്കാനായിട്ടില്ല. കടുവക്ക് ശേഷം ബാക്ക് ടു ബാക്ക് ഫ്‌ളോപ്പാണ് ഷാജി കൈലാസ് നേരിടുന്നത്.

Content Highlight: Varavu getting negative response on first day

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം