വാല്‍പ്പാറ ദുരന്തം: മരണസംഖ്യ ഒമ്പതായി; അപകടത്തില്‍പ്പെട്ടത് മലപ്പുറത്ത് നിന്നുള്ള അധ്യാപക സംഘം
Kerala News
വാല്‍പ്പാറ ദുരന്തം: മരണസംഖ്യ ഒമ്പതായി; അപകടത്തില്‍പ്പെട്ടത് മലപ്പുറത്ത് നിന്നുള്ള അധ്യാപക സംഘം
ആദര്‍ശ് എം.കെ.
Friday, 17th April 2026, 8:13 pm

പൊള്ളാച്ചി: വിനോദയാത്രയ്ക്ക് പോയ അധ്യാപക സംഘം സഞ്ചരിച്ച മിനി വാന്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒമ്പത് മലയാളികള്‍ക്ക് ദാരുണാന്ത്യം. പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നു. ഇവരെ പൊള്ളാച്ചി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.

13 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. മരിച്ചവരില്‍ കുട്ടികളുമുണ്ട്. പാറമ്മല്‍ എല്‍.പി സ്‌കൂളിലെ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടത്.

മലപ്പുറം പാങ്ങില്‍ നിന്ന വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു അധ്യാപകര്‍.

പൊള്ളാച്ചി-വാല്‍പ്പാറ റോഡിലെ 13-ാം ഹെയര്‍പിന്‍ വളവില്‍ വെച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഏഴ് സ്ത്രീകളും ഉള്‍പ്പെടുന്നു.

ഇന്ന് പുലര്‍ച്ചെ മലപ്പുറം കോളത്തൂര്‍ പോലീസ് പരിധിയില്‍ നിന്നും യാത്ര പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട മിനിവാന്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ശേഷം നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു.

ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നതായാണ് വിവരം. ഇതില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.

അപകടം നടന്ന ഉടന്‍ തന്നെ തമിഴ്നാട് പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. മിനിവാന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Content Highlight: Valparai accident: Death toll rises to nine

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.