ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വസതികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ബെല്ലാരി എം.പി ഇ. തുക്കാറാമിന്റേത് ഉള്‍പ്പെടെ വസതികളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നത്.
കര്‍ണാടകയിലെ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അടക്കം എട്ട് നേതാക്കളുടെ സാമ്പത്തിക വിവരങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്. വാല്മീകി സ്‌കീമിനെ മുന്‍നിര്‍ത്തിയുള്ള അഴിമതി പണം ബെല്ലാരി തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്ന സി.ബി.ഐ കണ്ടെത്തലിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് റെയ്ഡ്.
നിലവില്‍ ബെല്ലാരി എം.പിയുടെ ദല്‍ഹിയിലെ ഔദ്യോഗിക വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. തുക്കാറാമിന്റെ അക്കൗണ്ട് വഴിയാണ് അഴിമതി പണം വിനിയോഗിക്കപ്പെട്ടതെന്നാണ് സി.ബി.ഐ നേരത്തെ കണ്ടെത്തിയിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബെല്ലാരി ലോക്‌സഭാ മണ്ഡലത്തിലെ മൂന്ന് എം.എല്‍.എമാരുടെയും കോണ്‍ഗ്രസ് ഭാരവാഹികളുടെയും വസതികളിലെ ഇ.ഡി പരിശോധന. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പി.എം.എല്‍.എ) വ്യവസ്ഥകള്‍ പ്രകാരമാണ് റെയ്ഡ്.
അഴിമതി സംബന്ധിച്ച് ചില തെളിവുകള്‍ ലഭിച്ചതായി ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കര്‍ണാടക മഹര്‍ഷി വാല്‍മീകി എസ്.ടി ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെ.എം.വി.എസ്.ടി.ഡി.സി) അക്കൗണ്ടുകളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ഫണ്ട് വകമാറ്റി വ്യാജ അക്കൗണ്ടുകളിലേക്ക് അയച്ച് ഷെല്‍ സ്ഥാപനങ്ങള്‍ വഴി വെളുപ്പിച്ചതായാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
കര്‍ണാടകയിലെ പട്ടികവര്‍ഗ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 2006 ല്‍ ആരംഭിച്ച സ്ഥാപനമാണ് കെ.എം.വി.എസ്.ടി.ഡി.സി.
നേരത്തെ മുഡ അഴിമതി കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും അദ്ദേഹത്തിന്റെ വിശ്വസ്തരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടന്നിരുന്നു. സിദ്ധരാമയ്യയുടെ വിശ്വസ്തനായ രാകേഷ് പാപ്പണ്ണയുടെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടന്നത്.
മൈസൂരുവിലെ മുഡ ഓഫീസിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ കേസിനെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വ്യാജരേഖകള്‍ ഉണ്ടാക്കി കോടിക്കണക്കിന് രൂപയുടെ മുഡ സൈറ്റുകള്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വഴങ്ങി അനധികൃതമായി വിതരണം ചെയ്തുവെന്ന കുറ്റത്തിന് ഏതാനും പേര്‍ക്കെതിരെ കേസെടുക്കുകയും അവരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
Content Highlight: Valmiki scheme corruption case; ED raids residences of Congress leaders in Karnataka