കൂറിപ്പുകള്‍ / കെ എം ഷരീഫ്
എഴുത്തുകാരന്റെ സാഹിത്യപ്രതിഛായ പലവിധത്തില്‍ പൊളിച്ചെഴുതപ്പെടുന്നു. വിവര്‍ത്തനം, പാഠാന്തര രൂപാന്തരം, നിരൂപണം, വിമര്‍ശനം, പ്രസാധകക്കുറിപ്പ്, എന്നിങ്ങനെ പല രൂപത്തിലും അത് പുനര്‍നിര്‍മ്മിക്കപ്പെടുന്നു. ഓരോ പൊളിച്ചെഴുത്തും ഓരോ വായനയും ഓരോ വ്യാഖ്യാനവുമാണ്.
പൊളിച്ചെഴുത്തിന്റെ അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത ഒരു രൂപമാണ് സമാഹരണം (anthologizing). സമാഹരണത്തിലെ പൊളിച്ചെഴുത്ത് രണ്ട് വിധത്തില്‍ നടക്കുന്നു. ഒരു കൃതിയെ മറ്റു പലരുടേയും കൃതികളോടൊപ്പം സമാഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ കൃതിയേയും എഴുത്തുകാരേയും സവിശേഷമായ രീതിയില്‍ പ്രതിഷ്ഠാപനം ചെയ്യുകയാണ്. പ്രസ്തുത സാഹിത്യത്തില്‍ അവരുടെ സ്ഥാനനിര്‍ണ്ണയം നടത്തുകയാണ്, അഥവാ അവരുടെ പ്രതിഛായ ഒരു സവിശേഷസന്ദര്‍ഭത്തില്‍ നിര്‍മ്മിക്കുകയാണ് സമാഹര്‍ത്താവ് ചെയ്യുന്നത്. ഉദാഹരണത്തിന് ആധുനിക മലയാളകഥകളുടെ ഒരു സമാഹാരത്തില്‍ ബഷീറിന്റെ “വിശ്വവിഖ്യാതമായ മുക്ക്”, “വിശപ്പ്”, “അനര്‍ഘനിമിഷം”, ഇവയില്‍ ഏതെങ്കിലും ഒന്ന് മാത്രം ഉള്‍പ്പെടുത്തുമ്പോള്‍ മലയാള കഥാസാഹിത്യത്തിന്റെ ചരിത്രത്തില്‍ ബഷീര്‍ സവിശേഷമായ രീതികളില്‍ പൊളിച്ചെഴുതപ്പെടുകയാണ്.
ഒരു എഴുത്തുകാരന്റെ തെരഞ്ഞെടുത്ത കൃതികള്‍ സമാഹാരമായി പ്രസിദ്ധീകരിക്കുമ്പോഴും തെരഞ്ഞെടുപ്പിന്റെ സൗന്ദര്യശാസ്ത്ര-പ്രത്യയശാസ്ത്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് പൊളിച്ചെഴുത്ത് നടക്കുന്നു. അവതാരികയോ ആമുഖക്കുറിപ്പോ ഇല്ലെങ്കില്‍ പോലും എഴുത്തുകാരന്റെ സാഹിത്യവ്യക്തിത്വത്തെ പറ്റിയുള്ള ഒരു വലിയ പ്രസ്താവനയാണ് സമാഹാരം. അവതാരികയോ മുഖവുരയോ ഉണ്ടാകുമ്പോഴാകട്ടെ പ്രസ്തുതസാഹിത്യത്തില്‍ അയാളുടെ സ്ഥാനം കൂടുതല്‍ കൃത്യമായി നിര്‍ണ്ണയിക്കപ്പെടുന്നു.
വിവര്‍ത്തനത്തില്‍, വിശേഷിച്ച് തെരഞ്ഞെടുത്ത കൃതികളുടെ വിവര്‍ത്തനസമാഹാരം തയ്യാറാക്കുമ്പോള്‍, എഴുത്തൂകാരന്റെ പൊളിച്ചെഴുത്ത് കൂടുതല്‍ സങ്കീര്‍ണ്ണമാകൂന്നു. മൂലഭാഷയില്‍ സമാഹാരത്തിന് പൂറത്തും കൃതികള്‍ ലഭ്യമായതുകൊണ്ട് സമാഹരണത്തിന്റെ സൗന്ദര്യശാസ്ത്ര-പ്രത്യയശാസ്ത്ര വിവക്ഷകള്‍ തിരിച്ചറിയാനുള്ള വഴികള്‍ വായനക്കാര്‍ക്ക് ഉണ്ടായിരിക്കും. വിവര്‍ത്തിതസാഹിത്യത്തിലാകട്ടെ, മുലഭാഷ അറിയുന്ന വായനക്കാര്‍ക്ക് ഒഴികെ (വിവര്‍ത്തനം അവരെ ഉദ്ദേശിച്ചുള്ളതല്ല), അതേ എഴുത്തുകാരന്റെ വ്യത്യസ്തമായ ഉള്ളടക്കമുള്ള മറ്റ് വിവര്‍ത്തനസമാഹാരങ്ങളുടെ അഭാവത്തില്‍, കൃതികളുടെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച സൗന്ദര്യശാസ്ത്ര-പ്രത്യയശാസ്ത്ര താല്പര്യങ്ങള്‍ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ബഷീറിനെപ്പലെയുള്ള ഒരു എഴുത്തുകാരന്‍ അപവാദമാകാം – ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ എങ്കിലും. ബഷീറിന്റെ ഏതാണ്ട് എല്ലാ കൃതികളും ഇംഗ്ലീഷില്‍ ലഭ്യമാണ്. പലതിനും ഒന്നിലധികം വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിവര്‍ത്തനസമാഹാരങ്ങളിലെ ഉള്ളടക്കത്തിലും വിവര്‍ത്തനരീതികളിലും സൗന്ദര്യശാസ്ത്ര-പ്രത്യയശാസ്ത്ര താല്‍പര്യങ്ങളിലുമുള്ള വൈവിധ്യം ഇംഗ്ലീഷില്‍ ബഷീര്‍ സാഹിത്യത്തിന്റെ വായനയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഒരു കൃതിയോ സമാഹാരമോ മാത്രം വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ ലക്ഷ്യസാഹിത്യത്തില്‍ എഴുത്തുകാരനെ പ്രതിനിധാനം ചെയ്യാന്‍ അതു മാത്രമേ ഉണ്ടാകൂകയുള്ളു.
എഡിറ്റര്‍ വിവര്‍ത്തകന്റെ റോള്‍ എടുക്കുന്നില്ലെങ്കില്‍ വിവര്‍ത്തകയെ/വിവര്‍ത്തകരെ തെരഞ്ഞെടുക്കുന്നതില്‍ എഡിറ്ററുടേയോ, പ്രസാധകരുടേയോ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പുറമേ വിശാലമായ സൗന്ദര്യശാസ്ത്ര-പ്രത്യയശാസ്ത്ര താല്‍പര്യങ്ങളും പലപ്പോഴും പ്രതിഫലിച്ചിരിക്കും. കൂടാതെ എഴുത്തുകാരനെപ്പറ്റി ലക്ഷ്യഭാഷയിലുണ്ടായ ഒന്നോ അധികമോ പഠനങ്ങള്‍ ചേര്‍ക്കുന്നതിലോ സമാഹാരത്തിനു വേണ്ടി പുതുതായി പഠനങ്ങള്‍ എഴുതിക്കുന്നതിലോ ഇതേ താല്‍പര്യങ്ങള്‍ പ്രവര്‍ത്തിക്കും. വിവര്‍ത്തനത്തില്‍ എഴുത്തുകാരനെ പൊളിച്ചെഴുതുന്നതില്‍ ടിപ്പണികള്‍ക്കും മുഖക്കുറിപ്പുകള്‍ക്കും അടിക്കുറിപ്പുകള്‍ക്കുമുള്ള പങ്കാകട്ടെ സുവ്യക്തവുമാണ്. നീണ്ട മുഖക്കുറിപ്പുകളും അടിക്കുറിപ്പുകളും വിവര്‍ത്തനങ്ങളില്‍ അത്ര അപൂര്‍വ്വമല്ല.
കേരള സാഹിത്യ അക്കാദമി 1978ല്‍ പ്രസിദ്ധീകരിച്ച Selected Poems: Valathol Narayana Menon എന്ന ശീര്‍ഷകത്തിലുള്ള വിവര്‍ത്തനസമാഹാരത്തിന്റെ പാഠബാഹ്യമായ പൊളിച്ചെഴുത്തുകളെ പറ്റിയുള്ള ചില കുറിപ്പുകള്‍ മാത്രമാണ് ഈ പ്രബന്ധം.
1978ല്‍ വള്ളത്തോള്‍ ജന്മശതാബ്ധി വര്‍ഷത്തിലാണ് വള്ളത്തോളിന്റെ തെരഞ്ഞെടുത്ത കവിതകളുടെ വിവര്‍ത്തനസമാഹാരം കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്നത്. “മലയാളികളല്ലാത്ത സഹൃദയര്‍ക്ക് മഹാകവി വള്ളത്തോളിന്റെ കവിതയുടെ ഇടങ്ങളിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്നതിനും ഇന്ത്യന്‍ ദേശീയതക്കും സംസ്‌കാരത്തിനും വള്ളത്തോള്‍ നല്‍കിയ സംഭാവനകള്‍ തിരിച്ചറിയുന്നതിനും” സമാഹാരം ഉതകുമെന്ന് എഡിറ്റര്‍ കെ. എം. തരകന്റെ ആമുഖക്കുറിപ്പില്‍ പറയുന്നു. സംഗീതാത്മകതയുടെ സമൃദ്ധിയും സ്വരസൗകൂമാര്യവും വള്ളത്തോള്‍ കവിതകളുടെ സവിശേഷതകളാണെന്നും അവ വിവര്‍ത്തനത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നുവെന്നും സംഗീതാത്മകതയില്‍ വള്ളത്തോളിനോട് താരതമ്യപ്പെടുത്താന്‍ ഇംഗ്ലീഷില്‍ ഷെല്ലി മാത്രമേയുള്ളൂ എന്നും തരകന്‍ തുടര്‍ന്ന് നിരീക്ഷിക്കുന്നു. ഈ മൂന്ന് നിരീക്ഷണങ്ങളും മലയാള സാഹിത്യവിമര്‍ശനത്തില്‍ പുനഃപരിശോധന അര്‍ഹിക്കുന്നവയാണെന്ന് പറയേണ്ടതില്ലല്ലോ. സമാഹാരത്തിന് മുഖവുരയുടെ രുപത്തില്‍ മലയാളത്തിലെ ദേശീയകവിയായ വള്ളത്തോളിന്റെ കവിത പരിചയപ്പെടുത്തിയതിന് ഗുജറാത്തി കവി ഉമാശങ്കര്‍ ജോഷിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കൂറിപ്പ് അവസാനിക്കുന്നത്.
മലയാള കവിതയില്‍ ഒരു ഘട്ടത്തില്‍ വള്ളത്തോള്‍ എന്ന പോലെ ഗൂജറാത്തി കവിതയിലെ പിതൃസ്വരൂപമായിരുന്നു ഏറെക്കാലം ഉമാശങ്കര്‍ ജോഷി. ഗാന്ധിയന്‍ ചിന്തയോടും ഭാഷാദേശീയതയുടുമുള്ള ആഭിമുഖ്യം, ദേശീയപ്രസ്ഥാനവുമായുള്ള ബന്ധം തുടങ്ങി പ്രത്യയശാസ്ത്രപരമായും, സംസ്‌കൃതസാഹിത്യ മീമാംസയിലുള്ള പാണ്ഡിത്യം, വൃത്തബോധം തുടങ്ങി സൗന്ദര്യശാസ്ത്രപരമായും വള്ളത്തോളിനോട് താരതമ്യപ്പെടുത്താവുന്ന കവിയാണ് അദ്ദേഹം. ജവേര്‍ചന്ദ് മേഘാണി എന്ന ശക്തനായ ദേശീയവാദകവിയുടെ നിഴലിലായതുകൊണ്ട് വള്ളത്തോളിനെപ്പോലെ ദേശീയകവിപ്പട്ടം അദ്ദേഹത്തിന് കിട്ടിയില്ല എന്നേയുള്ളു. 1967ല്‍ ജ്ഞാനപീഠം നേടിയ ജോഷി 1972 മുതല്‍ “77 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടായിരുന്നു.
ജോഷിയുടെ മുഖവുരയിലൂടെ വള്ളത്തോള്‍ എങ്ങനെ പൊളിച്ചെഴുതപ്പെടുന്നു എന്നു നോക്കാം. ടാഗോറിനും ഇഖ്ബാലിനും ശേഷം ഇന്ത്യന്‍ സാഹിത്യങ്ങളിലെ മൂന്നാമത്തെ വലിയ കവിയാണ് വള്ളത്തോള്‍ എന്ന തുടക്കത്തില്‍ തന്നെയുള്ള നിരീക്ഷണം വള്ളത്തോള്‍ തന്നെ വിനയപൂര്‍വ്വം നി,ഷേധിക്കുമായിരുന്നു എന്നു വേണം കരുതാന്‍. ഇന്ത്യന്‍ ദേശീയവാദത്തിനും സ്വാതന്ത്ര്യസമരത്തിനും വള്ളത്തോള്‍കവിതയുടെ സംഭാവനകളെപ്പറ്റി മലയാളത്തിലെ ഒരു കാലത്തെ സാഹിത്യവിമര്‍ശകരെപ്പോലെ ജോഷിയും വാചാലനാകുന്നുണ്ട്. “എന്റെ ഗൂരുനാഥന്‍”, “എന്റെ പ്രയാഗസ്‌നാനം”, “പോരാ, പോരാ”, “പെറ്റമ്മേ, പ്രസീദ” എന്നീ കവിതകള്‍ പ്രത്യേകം എടുത്ത് പറയുന്നുമുണ്ട്.
ദേശീയപ്രസ്ഥാനത്തിന്റെ പ്രേരണയില്‍ പൊതു ഇടങ്ങളിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവ് “ബന്ധനസ്ഥനായ അനിരുദ്ധന്‍” അടയാളപ്പെടുത്തുന്നു എന്ന ശ്രദ്ധേയമായ നിരീക്ഷണം ജോഷി നടത്തുന്നുണ്ട്. എന്നാല്‍ ദേശീയപ്രസ്ഥാനത്തിന്റേയും നവോത്ഥാനത്തിന്റേയും പ്രത്യയശാസ്ത്ര പരിസരത്തില്‍ ഭാരതസ്ത്രീയെ നിര്‍വചിക്കാന്‍ ശ്രമിച്ച, ശീര്‍ഷകം കൊണ്ട് പെട്ടെന്ന് ശ്രദ്ധ പിടിച്ച പറ്റുന്ന “ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി” (Indian Womanhood) സമാഹാരത്തില്‍ ഉണ്ടെങ്കിലും ആ കവിത അദ്ദേഹം പരാമര്‍ശിക്കുന്നേയില്ല.
വള്ളത്തോളിന്റെ വിവര്‍ത്തനങ്ങള്‍ അവയുടെ സ്വഭാവവും എണ്ണവും വലിപ്പവും വെച്ച് നേക്കിയാല്‍ അസാമാന്യങ്ങള്‍ ആണെന്ന് ജോഷി നിരീക്ഷിക്കുന്നു. വാല്മീകിരാമായണവും ഋഗ്വേദവും ഒരാള്‍ തനിയെ വിവര്‍ത്തനം ചെയ്യുന്നത് തന്നെ വലിയ നേട്ടമായിരിക്കെ, മത്സ്യപുരാണവും പത്മപുരാണവും കൂടി വിവര്‍ത്തനം ചെയ്തത് വിസ്മയകരമാണെന്ന് ജോഷി കാണുന്നു. വള്ളത്തോളിന്റെ വിവര്‍ത്തനങ്ങളെ പറ്റി മലയാളത്തില്‍ ഇനിയും നടക്കേണ്ടിയിരിക്കുന്ന പഠനങ്ങളിലേക്ക് ഈ നിരീക്ഷണം വിരല്‍ ചൂണ്ടുന്നു. എന്നാല്‍ പുരാണവിഷയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വള്ളത്തോള്‍ എടുക്കുന്ന സ്വാതന്ത്ര്യവും വരുത്തുന്ന ക്രീയാത്മകവ്യതിയാനങ്ങളും പുതിയ പരീക്ഷണങ്ങള്‍ ആണെന്ന സൂചന തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. പുരാണവിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കഥയിലും പാത്രസൃഷ്ടിയിലും കവികള്‍ എടുക്കുന്ന സ്വാതന്ത്ര്യം ഇന്ത്യന്‍ സാഹിത്യങ്ങളിലെ പഴയൊരു പാരമ്പര്യമാണ്. എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടും ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയും അടക്കം അനേകം ഉദാഹരണങ്ങള്‍ മലയാളത്തില്‍ തന്നെ ഉണ്ടല്ലോ.
വള്ളത്തോള്‍ കവിതയുടെ ദൃശ്യാത്മകതയെ പറ്റിയാണ് ജോഷിയുടെ ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണം. കേരളകലാമണ്ഡലത്തിന്റെ സ്ഥാപനത്തിലേക്ക് നയിച്ച, നൃത്തരൂപങ്ങളോടും ദൃശ്യാവതരണ കലകളോടുമുള്ള വള്ളത്തോളിന്റെ അഭിനിവേശത്തെ അദ്ദേഹത്തിന്റെ കവിതയിലെ ദൃശ്യാത്മകതയുമായി ജോഷി ബന്ധിപ്പിക്കുന്നുണ്ട്. 1916ല്‍ എഴുതിയ “ഒരു ചിത്രം” എന്ന കവിത ദ്രാവിഡവൃത്തം ഉപയോഗിക്കുന്നതു വഴി ഒരു ചുവടുമാറ്റം കൂറിക്കുന്നുവെന്നും അദ്ദേഹം മനസ്സിലാക്കുന്നു. മലയാളകവിതയില്‍ ദ്രാവിഡപവൃത്തങ്ങളുടെ വ്യാപകമായ പ്രയോഗം അവിടെ തുടങ്ങുന്നു. ദ്രാവിഡവൃത്തങ്ങളുടെ പ്രയോഗവും ദൃശ്യാത്മകതയും ഒരുപോലെ വള്ളത്തോള്‍ കവിതയെ ജനകീയമാക്കി എന്ന് അദ്ദേഹം തൂടര്‍ന്നെഴുതുന്നു. വള്ളത്തോളിന് എത്രയോ മുമ്പ് ജോഷിയുടെ തട്ടകമായ ഗൂജറാത്തി കവിത ക്ലാസ്സിക്കല്‍ സംസ്‌കൃതപാരമ്പര്യത്തില്‍ നിന്ന് വേറിട്ട് സ്വന്തം വഴി തെരഞ്ഞെടുത്തതും, അപഭ്രംശ ഉപശാഖയില്‍ പെട്ട ഗൂജറാത്തിഭാഷയില്‍ സംസ്‌കൃത തത്സമപദങ്ങള്‍ കൂറവാണെന്നതും താരതമ്യസാഹിത്യ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ ക്ഷണിക്കുന്ന കാര്യങ്ങളാണ്.
മലയാളസാഹിത്യ വിമര്‍ശനം ഏറെക്കാലം ചെയ്തുപോന്നതു പോലെ കൂമാരനാശാനെ വള്ളത്തോളിനും ഉള്ളൂരിനും ഒപ്പം കവിത്രയങ്ങളില്‍ ഒരാളായിട്ടില്ല, വള്ളത്തോളിന്റെ പൂര്‍വ്വസൂരിയും കവിതയില്‍ അദ്ദേഹത്തിന് അനുകരണീയമായ മാതൃകയുമായാണ് ജോഷി അവതരിപ്പിക്കുന്നത്. ആശാന്റെ ശക്തമായ കവിതകള്‍ മുന്നിലുണ്ടായിട്ടും വള്ളത്തോളിന്റെ സര്‍ഗ്ഗാത്മകത ഉണര്‍ന്നത് വളരെ വൈകി മുപ്പത്തിരണ്ടാം വയസ്സില്‍ “ബധിരവിലാപ”ത്തോടെയാണെന്ന് ് ജോഷി നിരീക്ഷിക്കുന്നു. ആശാന്റെ “ചിന്താവിഷ്ടയായ സീത” സീതയോടുള്ള ഒരു ഭ്രമം തന്നെ വള്ളത്തോളില്‍ ഉണ്ടാക്കിയെന്നും “കൊച്ചുസീത”, “കിളിക്കോഞ്ചല്‍” തുടങ്ങിയ കവിതകള്‍ അതിന് സാക്ഷ്യം വഹിക്കുന്നുവെന്നും. മഹാകാവ്യമായിട്ടും “ചിത്രയോഗം” ഒരു മോശം രചനയാണെന്നും അതുണ്ടാക്കിയ പ്രതിഛായ അതിജീവിച്ചതാണ് വള്ളത്തോളിന്റെ സര്‍ഗ്ഗാത്മകതയുടെ വലിയ നേട്ടമെന്നും ഇതിനോട് ചേര്‍ത്ത് പറയുന്നുണ്ട്.
വള്ളത്തോളിന് നല്‍കിയ ദേശീയകവിപ്പട്ടം സമാഹാരത്തിലെ കവിതകളുടെ തെരഞ്ഞെടുപ്പിനെ കൃത്യമായി സ്വാധീനിച്ചിട്ടുണ്ട്. മൊത്തം മുപ്പത്തിയേഴ് കവിതകളാണ് സമാഹാരത്തില്‍ ഉള്ളത്. മാതൃഭൂമിയേയും ദേശീയ നേതാക്കളേയും കൂറിച്ചുള്ള വിചാരങ്ങളും മനോരാജ്യങ്ങളും പ്രകടിപ്പിക്കുന്ന “മാതൃഭൂമിയോട്”, “മാതൃവന്ദനം”, “എന്റെ ഗൂരൂനാഥന്‍”, “എന്റെ പ്രയാഗസ്‌നാനം”, “സത്യഗാഥ”, “കൃഷിക്കാരുടെ പാട്ട്”. “കര്‍മ്മഭൂമിയുടെ പിഞ്ചുകാല്‍”, “നമ്മുടെ അമ്മ”” “എന്റെ കൃതഘ്‌നത”, “ഐക്യമേ സേവ്യാല്‍ സേവ്യം” എന്നീ കവിതകളോടൊപ്പം ദേശീയവികാരം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന “പോരാ, പോരാ”, “;ചോര തിളക്കണം”, “ഇതിലേ, ഇതിലേ” എന്നീ കവിതകളും ഉണ്ട്. “മലയാളത്തിന്റെ തല”, “എന്റെ ഭാഷ”, “വിഷുക്കണി”, “തൂഞ്ചത്തെഴുത്തച്ഛന്‍” എന്നീ കവിതകള്‍ മലയാളഭാഷക്കും കേരളീയദേശീയതക്കുമുള്ള സ്‌തോത്രങ്ങളാണ്. കൂടാതെ പാരമ്പര്യത്തിന്റെ ഊര്‍ജ്ജം ഏറ്റുവാങ്ങുന്ന “ശിഷ്യനു മകനും”, “പൂരാണങ്ങള്‍”, “ജ്ഞാനം” എന്നീ കവിതകളുമുണ്ട്. ഭാരതസ്ത്രീകളുടെ ചാരിത്ര്യത്തിലും പാതിവ്രത്യത്തിലും കവിയുടെ ശ്രദ്ധ പതിഞ്ഞിരുന്നു എന്നു കാണിക്കുന്ന “പട്ടില്‍ പൊതിഞ്ഞ തീക്കൊള്ളി”, “ഭാരതസ്ത്രീകള്‍തന്‍ ഭാവശുദ്ധി” എന്നീ രണ്ട് കവിതകളും സമാഹാരത്തിലുണ്ട്. വിശാലമായ അര്‍ത്ഥത്തില്‍ പ്രത്യയശാസ്ത്രപരമായി ഒരേ ഗണത്തില്‍ പെടുത്താവുന്ന ഈ ഇരുപത്തിരണ്ട് കവിതകള്‍ ചേര്‍ന്നാല്‍ സമാഹാരത്തിന്റെ അറൂപത് ശതമാനത്തോളമായി.
പുരോഗമനസാഹിത്യത്തിന്റെ ആദ്യകാല മാതൃകകളായി കാണാവുന്ന രണ്ട് കവിതകള്‍ സമാഹാരത്തിലുണ്ട്: അയിത്തത്തെ അധിക്ഷേപിക്കുന്ന “ഞങ്ങളുടെ മറുപടി”യും രാജ്യത്തെ ദാരിദ്ര്യത്തിലും സാമ്പത്തികാസമത്വത്തിലും പരിതപിക്കുന്ന “ഉണ്മാനില്ല, ഉടുപ്പാനില്ല”യും. എന്നാല്‍ വള്ളത്തോളിനെ ജീവല്‍സാഹിത്യത്തിന്റെ തീവ്രനിലപാടുകളോട് അടുപ്പിച്ച, എന്‍. വി. കൃഷ്ണവാര്യരുടെ “എലികള്‍” പോലുള്ള പില്‍ക്കാല കവിതകള്‍ക്ക് മാതൃകയായി കരുതാവുന്ന “മാപ്പ്” എന്ന കവിത ഇല്ല. വള്ളത്തോളിനെ വിശ്വകവിയായി വായിക്കാന്‍ സൗകര്യപ്പെടുത്തുന്ന “ജനീവാതടാകം”, “ലെനിന്റെ ശവകൂടീരം” എന്നീ രണ്ട് കവിതകള്‍ സമാഹാരത്തിലുണ്ട്. പക്ഷെ സ്റ്റാലിനെപ്പറ്റിയുള്ള വിലാപകാവ്യം, “സ്റ്റാലിന്‍, ഹാ” (ഒരു പക്ഷേ മലയാളത്തില്‍ സ്റ്റാലിനെ അനുസ്മരിക്കുന്ന ഒരേയൊരു കവിത) വലിയൊരു അഭാവമാണ്. ഗാന്ധിക്കും ലെനിനും ഒരുപോലെ നല്‍കിയ “കര്‍മ്മയോഗി” എന്ന വിശേഷണം സ്റ്റാലിന് ചേരാത്തതാകാം കാരണം.
സമാഹാരത്തിലെ ഓരോ കവിതയും എഡിറ്റര്‍ വിശദമായി പരിചയപ്പെടുത്തുന്നുണ്ട്. സൗന്ദര്യമോ സദാചാരമോ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ സൗന്ദര്യം തെരഞ്ഞെടുക്കും എന്ന വള്ളത്തോളിന്റെ സുപ്രസിദ്ധമോ കൂപ്രസിദ്ധമോ ആയ പ്രസ്താവനയെ പരാമര്‍ശിച്ച് “പട്ടില്‍ പൊതിഞ്ഞ കൊള്ളി” എന്ന കവിതയുടെ വിവര്‍ത്തനത്തിനുള്ള ആമുഖക്കുറിപ്പില്‍, വള്ളത്തോള്‍ പറഞ്ഞത് എന്തായാലും ജീവിതത്തിലെ ഉയര്‍ന്ന മൂല്യങ്ങളെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചിരുന്നു എന്നും, പാതിവ്രത്യമാണ് സ്ത്രീയുടെ ഏറ്റവും വലിയ സമ്പാദ്യമെന്നും തരകന്‍ എഴുതുന്നു. “ഭാരതസ്ത്രീകള്‍തന്‍ ഭാവശുദ്ധി” എന്ന കവിതയുടെ വിവര്‍ത്തനത്തിന് എഴുതിയ കൂറിപ്പില്‍ ഇന്ത്യയിലെ ഹിന്ദുക്കളുടേയും മുസ്ലിങ്ങളുടേയും വൈകാരികോല്‍ഗ്രഥനം സ്വാതന്ത്ര്യസമര നേതാക്കളുടെ ലക്ഷ്യമായിരുന്നു എന്നും, ഹിന്ദുക്കളുടേയും മുസ്ലിങ്ങളുടേയും ഉല്‍കൃഷ്ടതയും നന്മയും ഒരുപോലെ വെളിപ്പെടുത്തുന്ന വള്ളത്തോളിന്റെ കവിതകളില്‍ ഒന്നാണ് “ഭാരതസ്ത്രീകള്‍തന്‍ ഭാവശുദ്ധി” എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 2008ല്‍ സുനില്‍ ഇളയിടം എഴുതിയ പഠനത്തില്‍ ഇസ്ലാമിനെ അപരസ്ഥാനത്ത് മാത്രം നിര്‍ത്തിയിട്ടുള്ള ദേശീയഭാവനയുടെ പ്രയോഗമാണ് ഇതേ കവിതയില്‍ കാണുന്നത്.
സമാഹാരത്തിലെ വിവര്‍ത്തകരുടെ നിര വിസ്മയകരമാണ്: അയ്യപ്പപ്പണിക്കര്‍, കൈനിക്കര കൂമാരപ്പിള്ള, വൈലോപ്പിള്ളി ശ്രീധരമേനോന്‍, ടി. സി. ശങ്കരമേനോന്‍, എച്ച്. യേശുദാസന്‍, ബി. ഹൃദയകൂമാരി, സി. ഭാസ്‌കരമേനോന്‍, ടി. ആര്‍. കെ. മാരാര്‍, എന്‍. കെ. ശേഷന്‍. ഇവരില്‍ വിവര്‍ത്തകന്‍ എന്ന നിലയില്‍ മലയാളസാഹിത്യത്തില്‍ പില്‍ക്കാലത്ത് പ്രതിഷ്ഠാപനം ചെയ്യപ്പെട്ടത് അയ്യപ്പപ്പണിക്കര്‍ മാത്രം. മലയാളസാഹിത്യത്തിലെ പ്രമുഖവ്യക്തിത്വങ്ങളായ മറ്റുള്ളവര്‍ ഈ സമാഹാരത്തിന്റെ വിവര്‍ത്തനത്തില്‍ പങ്കാളികളായത് സാഹിത്യത്തില്‍ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കൂട്ടായ്മയുടെ എന്നും ദീപ്തമായി നില്‍കാന്‍ ഇടയുള്ള ഉദാഹരണമാണ്. ഇവരുടെ വിവര്‍ത്തനത്തെ പറ്റി ഏറെ പറയാനുണ്ടെങ്കിലും ഈ പ്രബന്ധത്തിന്റെ പരിധിയില്‍ വരാത്തതു കൊണ്ട് അതിന് മുതിരുന്നില്ല.
കോഴിക്കോട് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗം റീഡറാണ് ലേഖകന്‍
