വാളകം കേസില്‍ സി.ബി.ഐ ഗണേഷ്‌കുമാറിനേ ചോദ്യം ചെയ്തു
Daily News
വാളകം കേസില്‍ സി.ബി.ഐ ഗണേഷ്‌കുമാറിനേ ചോദ്യം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th June 2014, 5:07 pm

ganesh[] തിരുവനന്തപുരം: വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ മുന്‍ മന്ത്രി കെ.ബി ഗണേഷ് ഗണേഷ് കുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു.

തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. പതിനൊന്ന് മണിക്ക് കവടിയാറിലെ സി.ബ.ി.ഐ ഓഫീസില്‍ എത്താനായിരുന്നു നിര്‍ദ്ദേശം. ചോദ്യം ചെയ്യല്‍ ഒരു മണിക്കൂറോളം നീണ്ടു നിന്നു.

വാളകം കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനോടും ആര്‍. ബാലകൃഷ്ണപിള്ളയോടും അടുപ്പമുള്ളവരെ സി.ബി.ഐ നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഗണേഷ് കുമാറിന്റെ മൊഴിയെടുത്തതെന്നാണ് വിവരം. അതേ സമയം കേസുമായി ബന്ധപ്പെട്ട് ബാലകൃഷ്ണ പിള്ളയെ ഇതു വരെ ചോദ്യം ചെയ്തിട്ടില്ല.

ഐ.ജിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം അന്വേഷിച്ച കേസ് അന്വേഷണസംഘം അട്ടിമറിച്ചെന്ന്  ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, എം.എല്‍.എമാരായ മുല്ലക്കര രത്‌നാകരന്‍, ഐഷാ പോറ്റി എന്നിവരുടെ നിവേദനം പരിഗണിച്ച് കേസ് സി.ബി.ഐയ്ക്ക് വിടാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.

2012 സെപ്തംബര്‍ 29-ാം തീയ്യതി പുലര്‍ച്ചെയാണ് അധ്യാപകനായ കൃഷ്ണകുമാറിനെ എം.എല്‍.എ ജംഗ്ഷന് സമീപം പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്.  ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം സ്‌കൂളില്‍ അധ്യാപകനായിരുന്നു കൃഷ്ണകുമാര്‍.

സ്‌കൂള്‍ മാനേജ്‌മെന്റിന് കൃഷ്ണകുമാറിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നെന്നും വധശ്രമമാണന്നും ഭാര്യ മൊഴി നല്‍കിയതിനേ തുടര്‍ന്നാണ് കേസ് വിവാദമായത്.