അധ്യാപകന്റെ കൈവെട്ടിയ കേസ് : രണ്ടാം പ്രതി കീഴടങ്ങി
Daily News
അധ്യാപകന്റെ കൈവെട്ടിയ കേസ് : രണ്ടാം പ്രതി കീഴടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd August 2016, 1:31 pm

കൊച്ചി;അധ്യാപകന്റെ കൈവെട്ടിയ കേസില്‍ ഒളിവിലായിരുന്ന രണ്ടാംപ്രതി കീഴടങ്ങി. മൂവാറ്റുപുഴ സ്വദേശി സജില്‍ എന്‍.ഐ.എ കോടതിയിലാണ് കീഴടങ്ങിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്ത് എറണാകുളം സബ്ജയിലിലേക്ക് അയച്ചു. ഇയാളെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങുമെന്ന് എന്‍.ഐ.എ അറിയിച്ചു.

കേസിലെ മുഖ്യസൂത്രധാരനായ എം.കെ. നാസര്‍ നേരത്തെ കോടതിയില്‍ കീഴടങ്ങിയിരുന്നു. സംഭവം ആസൂത്രണം ചെയ്തത് നാസര്‍ ആണെന്ന് എന്‍.ഐ.എ പറഞ്ഞിരുന്നു.

കേസ് പരിഗണിച്ചപ്പോള്‍ എന്‍.ഐ.എ പ്രധാനമായും ഹാജരാക്കിയിരുന്നത് പ്രതികള്‍ നാസറുമായി സംസാരിച്ചതിന്റെ ഫോണ്‍വിളി രേഖകളായിരുന്നു.

സംഭവസമയത്ത് എറണാകുളം പോപ്പുലര്‍ ഫ്രണ്ട് ജില്ലാ ഭാരവാഹിയായിരുന്നു നാസര്‍. ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്നു തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകനായ പ്രൊഫ.ടി.ജെ. ജോസഫിനെ 2010 ജൂലൈ നാലിനാണു പ്രതികള്‍ സംഘം ചേര്‍ന്നു ആക്രമിച്ചത്. മുഹമ്മദ് നബിയെ അപമാനിക്കുന്ന പാഠഭാഗം ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചായിരുന്നു അക്രമം.