വാളകം: അധ്യാപകനെ കാറിടിച്ചതല്ല, ആക്രമിച്ചതാണെന്ന് സി.ബി.ഐ
Kerala
വാളകം: അധ്യാപകനെ കാറിടിച്ചതല്ല, ആക്രമിച്ചതാണെന്ന് സി.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th August 2013, 8:45 am

[]കൊച്ചി: വാളകം ആര്‍ .വി.എച്ച്.എസ്.എസിലെ അധ്യാപകന്‍ കൃഷ്ണകുമാറിന് പരിക്കേറ്റത് കാറിടിച്ചിട്ടല്ലെന്ന് സി.ബി.ഐ. പരിക്കേറ്റത് കാറിടിച്ചിട്ടാണെന്ന ലോക്കല്‍ പോലീസിന്റെ വാദം സി.ബി.ഐ തള്ളി. []

മാരുതി ആള്‍ട്ടോ കാറാണ് കൃഷ്ണകുമാറിനെ ഇടിച്ചതെന്നാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ കൃഷ്ണകുമാറിന്റെ ശരീരത്തിലുള്ള മുറിവുകള്‍ പലുതും കാറിടിച്ച് സംഭവിച്ചതല്ലെന്ന് സി.ബി.ഐ വിലയിരുത്തുന്നു.

കാറിടിച്ച് തുടയെല്ലു പൊട്ടിയെന്ന് വരാം. എന്നാല്‍ , മലദ്വാരത്തില്‍ മുറിവുണ്ടാവില്ല. അത്തരത്തില്‍ മുറിവുണ്ടാക്കുന്ന ഒന്നും കാറിന്റെ മുന്‍വശത്തുണ്ടാ യിരുന്നില്ലെന്നും സി.ബി.ഐ. പറയുന്നു.

അതുകൊണ്ട് തന്നെ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടതാണെന്ന ഉറച്ച നിഗമനത്തില്‍ തന്നെയാണ് പോലീസ്. കേസില്‍ വീണ്ടും ഫോറന്‍സിക് പരിശോധന നടത്താന്‍ സി.ബി.ഐ തീരുമാനിച്ചു.

നുണപരിശോധനയ്ക്കായി മുന്‍മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ പി.എ പ്രദീപ്, വാളകം സ്‌കൂളിലെ അധ്യാപകരായ ടി.പി.കുഞ്ഞുമോന്‍, വിവേകാനന്ദന്‍, വേണുക്കുട്ടന്‍, അഞ്ചല്‍ സ്വദേശി ജോബ്, കടയ്ക്കല്‍ സ്വദേശിയായ ജ്യോത്സ്യന്‍ ശ്രീകുമാര്‍, മകന്‍ സതീഷ്, മരുമകള്‍ എന്നിവരെ വിധേയരാക്കാനും സി.ബി.ഐ തീരുമാനിച്ചിട്ടുണ്ട്.

ഇതില്‍ കുഞ്ഞുമോന്‍,വിവേകാനന്ദന്‍ എന്നിവര്‍ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രദീപിനെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച സി.ബി.ഐ. സംഘം കൊട്ടാരക്കര റസ്റ്റ്ഹൗസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.

2011സെപ്റ്റംബര്‍ 27 നാണ് വാളകം എം.എല്‍.എ ജങ്ഷനില്‍ വച്ച് മാരകമായ മുറിവേറ്റ നിലയില്‍ കൃഷ്ണകുമാറിനെ കണ്ടെത്തിയത്. മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അധ്യാപകനായിരുന്നു കൃഷ്ണകുമാര്‍.

അതേസമയം എന്താണ് സംഭവിച്ചത് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലെന്ന മറുപടിയാണ് കൃഷ്ണകുമാര്‍ സി.ബി.ഐക്കും പോലീസിനും നല്‍കിയത്. ഇദ്ദേഹത്തെ കടയ്ക്കലില്‍ ജോത്സ്യന്റെ വീട്ടിലെത്തിച്ച് ഈ ആഴ്ച തെളിവെടുക്കും.

എന്നാല്‍ കൃഷ്ണകുമാറിന് സ്ഥിരം മറവിരോഗമില്ലെന്ന് സി.ബി.ഐ. പറഞ്ഞു. കൃഷ്ണകുമാറിന്റെ മൊഴിയിലെ വൈരുദ്ധ്യം മറവിരോഗം കൊണ്ടല്ലെന്നുമാണ് സി.ബി.ഐ.യുടെ നിഗമനം.

കൃഷ്ണകുമാറിനെ വിദഗ്ദ്ധ പരിശോധന നടത്തിയ മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. ഈ നിഗമനത്തിലെത്തിയത്.